ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം :കാലം നമിക്കുന്ന മഹാക്ഷേത്രം

banner

ദേശത്തെ മുഴുവൻ കാത്തു രക്ഷിക്കുന്ന ഭഗവാൻ ശ്രീ മഹാവിഷ്ണു പള്ളി കൊള്ളുന്ന ദിവ്യ സന്നിധിയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ
കുലദൈവമാണിത്. ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രമൂർത്തിക്ക്തി രുവിതാംകൂർ രാജ്യം തന്നെ തൃപ്പടിദാനം
ചെയ്തത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. ക്രിസ്തുവർഷം 1750 ലാണ് ഉടവാൾ ശ്രീപത്മനാഭന്അടിയറവ് വച്ച് തൃപ്പടിയിൽ ദാനം ചെയ്തത്.
സ്വന്തമായി രാജ്യത്തിനുള്ളതും വെട്ടിപ്പിടിച്ചതുമെല്ലാം തൃപ്പാദങ്ങളിൽ അടിയറവ് വച്ച് എക്കാലത്തേക്കും തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭദാസരായി.

അതിപുരാതന കാലത്ത് അനന്തൻ കാടായിരുന്ന
ഈ ദേശം ശ്രീപത്മനാഭ സ്വാമിയുടെ സാന്നിദ്ധ്യത്തോടെയാണ് തിരുവനന്തപുരമായത്. അപാരമായ നിഗ്രഹാനുഗ്രഹ ശേഷിയുള്ളതാണ് ഈ
ക്ഷേത്രത്തിലെ മൂർത്തികളെല്ലാം. പ്രത്യേകിച്ച്ശ്രീപത്മനാഭനും നരസിംഹ മൂർത്തിയും .
തിരുവനന്തപുരത്തിന്റെ സൗഭാഗ്യമാണ് ഇന്ന് ഈ ക്ഷേത്രം. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ
എല്ലാ വിപത്തുകളിൽ നിന്നും ദേശത്തെ കാത്ത് രക്ഷിക്കുന്നത് ശ്രീപത്മനാഭസ്വാമിയാണെന്ന് ഭക്തർ അടിയുറച്ച് വിശ്വസിക്കുന്നു

ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈഷ്ണവ കവിയായ നമ്മാഴ് വരുടെ കീർത്തനങ്ങളിലാണ് 108 ദിവ്യവൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ ഈ സന്നിധിയെക്കുറിച്ച് ആദ്യ പരാമർശമുള്ളത്. 1741 ൽ മാർത്താണ്ഡ വർമ്മയാണ് ക്ഷേത്രം പുനരുദ്ധരിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഗോപുരം കൂടി നിർമ്മിച്ച് ക്ഷേത്രം നവീകരിച്ചു. തിരുവട്ടാർ ആദി കേശവപെരുമാൾ ക്ഷേത്രവുമായി ഈ പവിത്ര സന്നിധിക്ക് ഏറെ സാമ്യമുണ്ട്. എന്നാൽ തിരുവട്ടാർ ആദികേശവ വിഗ്രഹത്തെക്കാൾ 6 അടി വലുതാണ് ശ്രീപത്മനാഭ വിഗ്രഹം; 22 അടിയെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അനുമാനം. വിഗ്രഹം പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ അളക്കാൻ പാടില്ലെന്ന്ശാസ്ത്രമുള്ളതിനാൽ കൃത്യമായ കണക്കറിയാൻ മാർഗ്ഗമില്ലെന്ന് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയുടെ ശ്രീപത്മനാഭസ്വാമി
ക്ഷേത്രം എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അനന്തമായ കാലത്തിന്റെ പ്രതീകമായ ആദിശേഷൻ എന്ന നാഗത്തിൽ യോഗനിദ്രയിൽ
പള്ളി കൊളളുന്ന രൂപത്തിലാണ് ശ്രീപത്മനാഭ വിഗ്രഹം. പത്മം നാഭിയിലുള്ളവനാണ് പത്മനാഭൻ. യോഗനിദ്രയിൽ ഭാഗികമായി അടച്ച കണ്ണുകൾ; ഗൂഢാർത്ഥമായ മുദ്രകളുള്ള കൈകൾ – ഇങ്ങനെ യോഗി മയങ്ങുന്നു. സ്വസ്ഥചിത്തനായി, ശാന്താകാരനായി, ഭക്തർക്ക് സ്വസ്ഥത നൽകുന്നു.ഭഗവാന്റെ പൊക്കിളിൽ നിന്നുത്ഭവിക്കുന്ന താമരത്തണ്ടിനു മുകളിൽ വിരിയുന്ന പത്മത്തിൽ സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് കുടികൊള്ളുന്നു. പ്രപഞ്ചത്തിന്റെ പ്രഭവസ്ഥാനം ഇതാണെന്ന് സൂചന.

ശ്രീകോവിലിൽ കിഴക്ക് ദർശനമായി മൂന്നു വാതിലുകളിലൂടെയാണ് ശ്രീപത്മനാഭ സ്വാമി ദർശനം പൂർണ്ണമാകുന്നത്. ആദ്യ വാതിലിലൂടെ ഭഗവത് വദനവും അനന്ത ശിരസും ശിവലിംഗവും കാണാം. ഭഗവാൻ പള്ളികൊള്ളുന്ന അനന്തന്റെ അഞ്ചു തലയുള്ള ഫണം പഞ്ചഭൂതങ്ങളുടെയും പഞ്ചേന്ദ്രിയങ്ങളുടെയും പ്രതീകമാകുന്നു. ഈ അഞ്ചു ഫണങ്ങളും ഭഗവാന് കുട പിടിച്ച് സേവനഭാവം പ്രകടിപ്പിക്കുന്നു. മലർന്ന് നിവർന്ന് കിടക്കുന്ന ശ്രീപത്മനാഭന്റെ രണ്ടു കരങ്ങൾ ദൃശ്യമാണ്. ഇടതു കൈയിൽ താമരപ്പൂ. വലതുകരം താഴേക്ക് നിൽക്കുന്നു. അതിന് അടിയിൽ ഒരു സ്വർണ്ണത്തട്ടിൽ ശിവലിംഗം. അപൂർവമായ ശൈവ സാളഗ്രാമ ശിലയിൽ തീർത്തതാണ് ഈ ശിവലിഗം.

നടുക്കുള്ള നടയിൽ ദർശിക്കത്തക്ക വിധത്തിൽ വിഗ്രഹത്തിന്റെ ഒത്ത മദ്ധ്യത്തിൽ അലങ്കരിച്ച പീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത മൂന്ന് അഭിഷേക മൂർത്തികളുണ്ട്. അഭയ വര മുദ്രകളുമായി ഭഗവാൻ മദ്ധ്യത്തിൽ. ലക്ഷ്മീ ദേവിയും ഭൂമിദേവിയും വശങ്ങളിൽ. ഇടതു വശത്തുള്ള മറ്റൊരു ചെറിയ സ്വർണ്ണ ബിംബം ശ്രീപത്മനാഭ സ്വാമിയുടെ ശീവേലി വിഗ്രഹമാണ്. ഇതെല്ലാം ഇരിക്കുന്ന നിലയിലാണ്. ഈ വിഗ്രഹങ്ങളുടെ വശങ്ങളിലാണ് കടുശർക്കരയിൽ പ്രതിഷ്ഠിച്ച ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെയും ഭൂമിദേവിയുടെയും രണ്ടു മഹർഷിമാരുടെയും വിഗ്രഹങ്ങൾ. ഈ മഹർഷിമാർ ഭൃഗുവും മാർക്കണ്ഡേയനുമാണ്. ഭഗവാന്റെ നെഞ്ചിൽ ചവിട്ടി ശ്രീവത്സം തീർത്ത ഭൃഗു ലക്ഷ്മീ ദേവിക്ക് സമീപം വടക്ക് ദർശനമായിരിക്കുന്നു. ഭൂമിയുടെ പിതാവായി കരുതപ്പെടുന്ന വൈഷ്ണവ – ശൈവ സങ്കല്പങ്ങളുടെ ഏകത്വമായ മാർക്കണ്ഡേയനെ
ഭൂമിദേവിയുടെ അടുത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ശ്രീപത്മനാഭന്റെയും നരസിംഹ സ്വാമിയുടെയും സ്വർണ്ണവും വെള്ളിയും പൂശിയ രണ്ടു ഗരുഡന്മാർക്കും ശ്രീകോവിലിൽ സ്ഥാനമുണ്ട്. ഇവിടുത്തെ 3 വാതിലുകൾ യഥാക്രമം ബുദ്ധി അഥവാ ദൈവിക വിവേകം, ഹൃദയം അഥവാ സൃഷ്ടി , മോക്ഷം എന്നിവയുടെ പ്രതീകങ്ങളാണ്. വിഗ്രഹത്തിനു പിന്നിൽ ഭിത്തിയിൽ നാരദരും സപ്തർഷികളും ഉൾപ്പെടുന്ന ദേവകളുണ്ട്.

രണ്ടര അടി വീതിയും 25 അടി നീളവുമുള്ള ഒറ്റക്കൽ മണ്ഡപത്തിലാണ് അഭിഷേക വിഗ്രഹം. ഒറ്റക്കൽ മണ്ഡപത്തിൽ സമർപ്പിക്കുന്നതെല്ലാം
ക്ഷേത്രത്തിന്റേതാകും. രാജവംശത്തിലെ പുരുഷ പ്രജകളെ പത്മനാഭദാസരാക്കുന്നതിന് ഒറ്റക്കൽ മണ്ഡപത്തിൽ സമർപ്പിച്ചിരുന്നു.

ശ്രീപത്മനാഭ വിഗ്രഹം 12008 സാളഗ്രാമങ്ങൾ അടുക്കി തീർത്തതാണ്. നേപ്പാളിലെ ഗന്ധകീ നദീ തീരത്തു നിന്നും ആനപ്പുറത്ത് വിശേഷപൂർവ്വം കൊണ്ടുവന്ന
സാളഗ്രാമങ്ങൾ വിഗ്രഹരൂപത്തിൽ അടുക്കിയ ശേഷം അതിവിശേഷ വിഗ്രഹക്കൂട്ടായ കടുശർക്കര യോഗത്താൽ പൊതിഞ്ഞിരിക്കുന്നു. അതിനാൽ അതിലോലമായി സൂക്ഷിക്കുന്ന വിഗ്രഹത്തിൽ അഭിഷേകമില്ല. നിത്യപൂജയ്ക്ക് അതിൽ പുഷ്പാർച്ചന മാത്രമാണ് പതിവ്. ഈ പൂക്കൾ ശാന്തിക്കാർ പിന്നീട് മയിൽപ്പീലി തഴുകിയാണ് നീക്കുന്നത്.

മുഖ്യ പ്രതിഷ്ഠയ്ക്ക് പുറമെ ക്ഷേത്ര സമുച്ചയത്തിൽ പല പ്രതിഷ്ഠകളും ഉപപ്രതിഷ്ഠകളുമുണ്ട്. അഗ്രശാല ഗണപതി, ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യദേവനായ
തെക്കേടത്തു നരസിംഹസ്വാമി, സ്വതന്ത്ര ക്ഷേത്രം പോലുള്ള തിരുവമ്പാടി ശ്രീകൃഷ്ണൻ, ബലിക്കല്ലിന് അടുത്ത് വിസ്മയ ഭാവങ്ങളോടെ മഹാമേരു ചക്രത്തിന് താഴെ നിലകൊള്ളുന്ന ഹനുമാൻ സ്വാമി, യോഗാസനസ്ഥനായ ശാസ്താവ്, സൈന്യാധിപനോ
ഗുരുവോ ആയി കരുതപ്പെടുന്ന വിഷ്ണുവിന്റെ വീര്യാംശമുള്ള നിർമ്മാല്യധാരിയായ വിഷ്വക്സേനൻ, തുടങ്ങിയ പ്രതിഷ്ഠകളാണ് ഏറെ പ്രധാനം.

ക്ഷേത്ര ചരിതം വർണ്ണിക്കുന്ന മതിലകം രേഖകൾ പ്രകാരം തുളു സന്ന്യാസിയായ ദിവാകര മുനികളാൽ പ്രതിഷ്ഠിതമാണ് ക്ഷേത്രം. വില്വമംഗലമാണ് ക്ഷേത്രം പ്രതിഷ്ഠിച്ചതെന്ന് അനന്തൻ കാടുമായി ബന്ധപ്പെട്ട്ഐതിഹ്യമുണ്ട്. സിദ്ധയോഗിയായ അഗസ്ത്യരുടെ സമാധി ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് താഴെയാണത്രേ. പത്നീസമേതനായ ഗണപതി, ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ , വേദവ്യാസൻ , അശ്വത്ഥാമാവ്, ക്ഷേത്രപാലകൻ എന്നിവർക്കെല്ലാം ശ്രീപത്മനാഭസ്വാമി സവിധത്തിൽ സ്ഥാനമുണ്ട്.

സ്വർണ്ണവും അമൂല്യ രത്നങ്ങളുമെല്ലാം അടങ്ങുന്ന ലക്ഷം കോടി രൂപയുടെ നിധികൾ സൂക്ഷിക്കുന്ന 6 നിലവറകളാണ് 10 വർഷം മുൻപ് ഈ ക്ഷേത്രത്തെ
ലോകമാകമാനം വാർത്തയിൽ സജീവമാക്കിയത്. ഇതിൽ ഭാരതകോണിലുള്ള ബി നിലവറ ശ്രീപത്മനാഭ സ്വാമിയുമായി അഭേദ്യബന്ധം ഉള്ള ഒരു പവിത്ര സ്ഥാനമാണ്. ദേവചൈതന്യവുമായി ബന്ധമുള്ള ഈ നിലവറയിലാണ് പവിത്രമായ ശ്രീചക്രവും
ശ്രീപത്മനാഭ വിഗ്രഹവും അമൂല്യ രത്നങ്ങളും ഉള്ളത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ തിരിച്ചിട്ടുള്ള നിലവറകളിൽ പ്രധാനപ്പെട്ട ബി നിലവറ ദിവ്യമായ നിഗൂഢതകളുടെ കേദാരമാണ്. ഗരുഡ മന്ത്രങ്ങൾ കൊണ്ട് നാഗബന്ധനം ചെയ്തിരിക്കുന്ന ഈ നിലവറ തുറക്കാൻ മഹാമാന്ത്രികരായ സിദ്ധപുരുഷന്മാർക്ക് മാത്രമേ സാധിക്കൂ. ഗരുഡ മന്ത്രസിദ്ധി ലഭിച്ചവർക്കല്ലാതെ ഈ നാഗപാശം അഴിക്കാൻ കഴിയില്ല. സാധാരണ മനുഷ്യ നിർമ്മിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ നിലവറ തുറക്കാൻ ശ്രമിച്ചാൽ ക്ഷേത്രത്തിനും ദേശത്തിനും ഒരു പക്ഷേ രാജ്യത്തിനു തന്നെയും വൻ വിപത്തുകൾ സംഭവിക്കുമെന്ന് ഭയപ്പെടുന്നു.

ഒരിക്കൽ ചിലവേദപണ്ഡിതർ ഇത് തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. രാമവർമ്മ മഹാരാജാവിൻ്റെ സീമന്തപുത്രനും അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മുഖ്യശത്രുവുമായ പത്മനാഭൻ തമ്പി ക്ഷേത്ര നിലവറകളിലെ നിധി കൊള്ളയടിക്കാൻ കിങ്കരന്മാരെ നിയോഗിച്ച് ശ്രമിച്ചതായി രേഖയുണ്ട്. എന്നാൽ നൂറുകണക്കിന് ദിവ്യനാഗങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ തമ്പിയുടെ കിങ്കരന്മാരെ വിരണ്ടോടിയത്രേ. 1908 ൽ നിലവറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെ കണ്ടു ഭയന്ന് പ്രാണനും കൊണ്ടോടിയതായി തിരുവനന്തപുരം സന്ദർശിച്ച അമേരിക്കൻ സാംസ്കാരിക ഗവേഷക എമിലി ഗിൽക്രിസ്റ്റ് ഹാച്ച് രേഖപ്പെടുത്തിയിട്ടുണ്ട്

കടപ്പാട്

Related posts

സൂര്യഗ്രഹണത്തിന് ഈ ക്ഷേത്രം മാത്രം നടതുറക്കും

admin

ഹൈന്ദവ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സന്യാസിശ്രേഷ്ഠൻ ;ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

admin

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

Sanoj Nair

Leave a Comment