spiritual

നിത്യം, നൈമിത്തികം, കാമ്യം ഈ അനുഷ്ഠാനങ്ങൾ എന്താണ്?

banner

വ്രതങ്ങള്‍ പ്രധാനമായി മൂന്ന് വിധത്തിലുണ്ട്.

  1. നിത്യം
  2. നൈമിത്തികം
  3. കാമ്യം

നിത്യം : മോക്ഷപ്രാപ്തിക്കു വേണ്ടി അനുഷ്ഠിക്കുന്നതാണ് നിത്യം.

നൈമിത്തികം : പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നതാണ് നൈമിത്തികം.

കാമ്യം : ഏതെങ്കിലും ആഗ്രഹസാഫല്യത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് കാമ്യം.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സംശുദ്ധമായി ഈശ്വരോന്മുഖമാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വ്രതങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില വ്രതങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണത്തെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.

ആഴ്ചവ്രതങ്ങള്‍

  1. ഞായറാഴ്ച വ്രതം

സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കുക. ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാന്‍ പാടില്ല എന്നു വിധിയുണ്ട്.
ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം കൂടുതല്‍ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.

ഞായറാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഫലം :
ചര്‍മ്മരോഗനിവാരണം, കാഴ്ചശക്തി, പ്രാണശക്തിലഭ്യത

  1. തിങ്കളാഴ്ചവ്രതം

ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം

  1. ചൊവ്വാഴ്ച വ്രതം

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുക, ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യകഴിഞ്ഞ് ഉപ്പു ചേര്‍ന്ന ആഹാരം കഴിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.

ചൊവ്വാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ഋണമോചനം, വിവാഹതടസ്സം മാറല്‍, ജ്ഞാനവര്‍ദ്ധനവ്

  1. ബുധനാഴ്ച വ്രതം

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ച തോറും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധികളും ഉപവാസവും അനുഷ്ഠിക്കുക വ്രതദിവസം പച്ചനിറമുള്ള പൂക്കള്‍കൊണ്ട് ബുധനെ പൂജിക്കുക, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുക എന്നിവയും അനുഷ്ഠിക്കേണ്ടതാണ്.

ബുധനാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
വിദ്യക്കും വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും

  1. വ്യാഴാഴ്ച വ്രതം

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപ്പൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിക്കേണ്ടതാണ്. തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍.

  1. വെള്ളിയാഴ്ച വ്രതം

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതമനുഷ്ഠിക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും ദശാകാലപരിഗണനകളില്ലാതെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്. സാമാന്യ വ്രതവിധികളും ഉപവാസവും പാലിക്കുക. ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുക എന്നിവയാണ് വ്രതദിവസം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മംഗല്യസിദ്ധി, ധനാധാന്യസമൃദ്ധി എന്നിവ പ്രദാനം ചെയ്യാന്‍ കഴിയുന്ന വ്രതമാണ് ഇത്.

വെള്ളിയാഴ്ച വ്രതമെടുത്താല്‍ ലഭ്യമാകുന്ന ഗുണം :
ആഗ്രഹസാഫല്യം, ദാമ്പത്യഫലം

  1. ശനിയാഴ്ച വ്രതം

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവയുടെ ദോഷങ്ങളകറ്റുന്നതിന് ഏറ്റവും ഫലപ്രദമായ വ്രതം. ഈ ദോഷകാലങ്ങളില്‍ മുഴുവനും ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതവിധി, ഉപവാസം അതിനു കഴിയാത്തവര്‍ ഒരുക്കലൂണ് എന്നിവ പാലിക്കണം. ശനീശ്വരകീര്‍ത്തങ്ങള്‍, ശാസ്തൃകീര്‍ത്തനങ്ങള്‍ എന്നിവ ജപിക്കുകയും ശാസ്ത്രാക്ഷേത്രദര്‍ശനം നടത്തി നീരാജനം തുടങ്ങിയ വഴി പാടുകള്‍ നടത്തുകയും കറുത്ത വസ്ത്രധാരണം, ശനീശ്വരപൂജ എന്നിവയും നടത്തുന്നത് ഉത്തമമാണ്. ശനിദോഷമുള്ളവര്‍ ശനിയാഴ്ച ദിവസം എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

ശനിയാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ശനിദോഷ നിവാരണം, ദുരിതങ്ങള്‍ നീങ്ങും

Related posts

തിരുവാഭരണത്തോടൊപ്പം …..പന്തളത്തു നിന്നും അയിരൂർ പുതിയകാവ് ക്ഷേത്രം വരെ

admin

മഹാമാരിയിൽ നിന്നും രക്ഷ നേടാൻ പ്രകൃതിയെ ഉപാസിക്കാം ;ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി പറയുന്നത് ശ്രദ്ധിക്കൂ ….(തത്വമയി എക്സ്ക്ലൂസീവ് )

Sanoj Nair

കര്‍മ്മഫലങ്ങള്‍ -മരണം- പുനര്‍ജന്മരീതി,ഒരു ശാസ്‌ത്രവീക്ഷണം.

SURYA Rajiv

Leave a Comment