Special Days

ചരിത്രത്താളുകളിൽ ഇടം പിടിക്കാതെപോയ വിപ്ലവകാരി: ബിർസാ മുണ്ട

banner

‘രാജ്‌ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ സാമ്രാജ്യം വരട്ടെ’എന്നുറക്കെ പ്രഖ്യാപിച്ച വിപ്ലവകാരിയാണു ബിർസാ മുണ്ടയുടെ സ്മൃതിദിനമാണ് ജൂൺ 9.

ഇന്നത്തെ ജാർഖണ്ഡ് സംസ്‌ഥാനത്തുള്ള ഉലിഹാതു എന്ന ഗ്രാമത്തിൽ സുഗുണാ മുണ്ടയുടെയും കാർമിയുടെയും മകനായി 1875 നവംബർ 15നാണ് ബിർസ ജനിച്ചത്. ചാൽക്കഡിനടുത്തു ബാംബയിലായിരുന്നു ജനനം എന്നും വാദമുണ്ട്. എല്ലാ ആദിവാസി കുട്ടികളെയും പോലെ ആടിനെ മേയ്‌ച്ചും മുളന്തണ്ടൂതിയും ബിർസ വളർന്നു. മിഷൻ സ്‌കൂളിൽ ചേർന്നു പഠിച്ച് അപ്പർ പ്രൈമറി പരീക്ഷ പാസായെങ്കിലും ആദിവാസി വിരുദ്ധതയെ ചോദ്യം ചെയ്‌തതിന്റെപേരിൽ അവിടെനിന്നു പുറത്താക്കപ്പെട്ടു.

ബ്രിട്ടിഷുകാർ നടപ്പിലാക്കിയ വനനിയമം ആദിവാസികളെ അവരുടെ ആവാസവ്യവസ്‌ഥയിൽനിന്ന് അകറ്റിനിർത്തുന്നതായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻപോലും അനുവാദമില്ലാതായതോടെ ജീവിതം വഴിമുട്ടി. ഇതിനുപുറമേയായിരുന്നു കൊടുത്താലും തീരാത്ത കരങ്ങൾ. ജനനത്തിനും മരണത്തിനും ബ്രിട്ടിഷുകാർക്കു കരം കൊടുക്കേണ്ട സ്‌ഥിതി. ഇതുകണ്ട് അടങ്ങിയിരിക്കാൻ ബിർസാ മുണ്ടയ്‌ക്ക് ആകുമായിരുന്നില്ല. ബ്രിട്ടിഷ് നിയമങ്ങൾക്ക് എതിരെ സർവശക്‌തിയുമെടുത്തു പ്രതിഷേധിക്കാൻ ബിർസ ആഹ്വാനം ചെയ്‌തു.

ബ്രിട്ടിഷുകാർ ബിർസയെയും അച്‌ഛനെയും പിടികൂടി രണ്ടുവർഷം തടവിനും നാൽപതു രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചിട്ടും ബിർസയുടെ മനസ്സു മാറിയില്ല. പോരാട്ടത്തിന്റെ പാത വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഗോണ്ട് മേഖലയിൽ ചേർന്ന യോഗത്തിൽവച്ച് ബിർസ ആദിവാസികളുടെ സ്വയംഭരണം പ്രഖ്യാപിച്ചു. വിരലിലെ രക്‌തം നെറ്റിയിൽ തൊട്ട് ആദിവാസി വിമോചനത്തിനായി പ്രതിജ്‌ഞയെടുത്തു.

ബിർസയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ എളുപ്പത്തിൽ അടിച്ചമർത്താമെന്നുള്ള ബ്രിട്ടിഷ് സൈന്യത്തിന്റെ വിചാരം വിലപ്പോയില്ല. 1899 ഡിസംബർ 25നു ബ്രിട്ടിഷ് സൈന്യത്തിനു നേരെ ബിർസയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി. 1900 ജനുവരി ഒന്നിനു ബ്രിട്ടിഷുകാർ പകരം വീട്ടി. റാഞ്ചിയിലെ ആദിവാസി ഗ്രാമങ്ങൾ വളഞ്ഞ് അവർ കൂട്ടക്കുരുതി നടത്തി. ബ്രിട്ടിഷുകാരുടെ തോക്കുകൾക്കു മുന്നിൽ എതിർത്തുനിൽക്കാൻ വില്ലും കവണയും മാത്രമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. ശക്‌തമായ ചെറുത്തുനിൽപിനൊടുവിൽ ബിർസയും കൂട്ടാളികളും കീഴടങ്ങി. 1900 ജൂൺ ഒൻപതിന് ഇരുപത്തിയഞ്ചാം വയസ്സിൽ ബിർസാ മുണ്ടയുടെ ജീവിതം അവസാനിച്ചു. കോളറ പിടിച്ചു മരിച്ചെന്നായിരുന്നു ബ്രിട്ടിഷ് വാദമെങ്കിലും വിഷം കൊടുത്തു കൊന്നെന്നാണു ജനങ്ങൾ വിശ്വസിച്ചത്.

Related posts

സംഗീതം…. വേദനയെപോലും വേദാന്തമാക്കുന്ന വരദാനം

SURYA Rajiv

നാരായണാ നാരായണാ; ഇന്ന് നാരദ ജയന്തി.

SURYA Rajiv

ഘനശ്യാമസന്ധ്യകൾ കണ്ണീർ തൂകുന്നു…. ഓർമ്മകളുടെ ഓടക്കുഴൽ നാദം നിശ്ശബ്ദമായിട്ട് പത്ത് വർഷങ്ങൾ

SURYA Rajiv

Leave a Comment