Articles SABARIMALA DIARY

പശ്ചിമഘട്ടത്തിലെ പഞ്ചശാസ്താ ക്ഷേത്രങ്ങൾ

banner

കേരള ഭൂമിയുടെ രക്ഷയ്ക്കയി പരശുരാമൻ സ്ഥാപിച്ച അഞ്ച് ശാസ്ത്രാ ക്ഷേത്രങ്ങളാണ് ശബരിമല, അച്ചൻകോവിൽ , ആര്യങ്കാവ്, കാന്തമല, കുളത്തൂപ്പുഴ എന്നാണ് വിശ്വാസം.

ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് കുളത്തൂപ്പുഴയിൽ ബാലകനായും ആര്യങ്കാവിൽ കൗമാരഭാവസ്ഥിതനായും അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും ശബരിമലയിൽ സന്യാശ്രമത്തിലും കാന്തമല അഥവാ പൊന്നമ്പലമേട്ടിൽ വാനപ്രസ്ഥസ്ഥാശ്രമത്തിലും ശാസ്താവ് കുടികൊള്ളുന്നു .

ശൈശവാവസ്ഥയിലുള്ള കുളത്തൂപ്പുഴ ബാലകൻ

കുളത്തൂപ്പുഴ ശാസ്‌താലയം

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ കല്ലടയാറിൻറെ തീരത്താണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രം . ബാലഭാവത്തിലെ ശാസ്താവാണ് പ്രധാന മൂർത്തി. പൊട്ടിയ എട്ടു ശിലാ കഷണങ്ങളാണ് പ്രതിഷ്ഠ. ശിവൻ, കാട്ടിക്കല്ല് യക്ഷി, യക്ഷി, വിഷ്ണു, ഗണപതി, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗം, കറുപ്പസ്വാമി , മാടസ്വാമി എന്നീ ഉപദേവതകൾ. ഇവരിൽ ശിവന് പ്രത്യേകതയുണ്ട് . ഗർഭഗൃഹത്തിന് പുറത്താണ് ശിവൻ എങ്കിലും ശ്രീകോവിലിന്കത്താണ്.’ അകത്തല്ല പുറത്ത്, പുറത്തല്ല അകത്ത് ‘ പഴയ സങ്കൽപ്പകാലത്തുണ്ടായ ക്ഷേത്രമാണ്.

വിഷുവിൻറെ തലേന്നാൾ ആരംഭിക്കുന്ന ഉത്സവം ഏഴു ദിവസമാണ്.ശരീരത്തിലെ അരിമ്പാറ മറ്റു ത്വക്ക് രോഗങ്ങൾ മാറാൻ ക്ഷേത്രത്തിന് പിന്നിലുള്ള കല്ലടയാറ്റിൽ മീനൂട്ട് നടത്തും.ഓംകാരം പുറപ്പെടുവിക്കുന്ന നാക്കില്ലാമണി  'വീരമണീ' ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

 ക്ഷേത്രകടവിലെ മത്സ്യങ്ങൾ ക്ഷേത്ര പരിസരം വിട്ട് പോകാറില്ലത്രേ. ക്ഷേത്രകടവിലെ മത്സ്യങ്ങൾ ചത്താൽ ആചാരപ്രകാരം ദഹിപ്പിക്കുകയാണ് പതിവ്. ഭൂനിരപ്പിന് താഴെയാണ് ക്ഷേത്രം. ശാസ്താവ് താഴ്ന്ന നിലപ്പിലാണെങ്കിൽ ഉഗ്രമൂർത്തിയും ഉയർന്ന പ്രദേശത്ത് സൗമ്യമൂർത്തിയും എന്നൊരു സങ്കൽപ്പമുണ്ട്.

കൗമാരഭാവസ്ഥിതനായി ആര്യൻകാവ് ശാസ്താവ്

ആര്യങ്കാവ് ക്ഷേത്രം -ഒരു പഴയ ചിത്രം

കൗമാരഭാവത്തിലുള്ള ശാസ്‌താ പ്രതിഷ്‌ഠയാണിവിടെ. വിഗ്രഹം നടയ്‌ക്കുനേരെയല്ല വലതു മൂലയിലാണ്. അഞ്‌ജനപാഷാണം (പ്രത്യേകതരം കല്ലുകൾ) കൊണ്ടുള്ള വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂലപ്രതിഷ്‌ഠ. എന്നാൽ, ഈ വിഗ്രഹം ഉടഞ്ഞതിനെത്തെടുർന്ന് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്‌ഠിച്ചു. എങ്കിലും മൂലവിഗ്രഹത്തിൽ ഇപ്പോഴും പൂജയുണ്ട്. ദിവസം ഏഴുനേരം പൂജയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശാസ്‌താവിന്റെ പുനർജന്മമാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അയ്യപ്പൻ ബ്രഹ്‌മചാരിയായത്. എന്നാൽ പൂർണ, പുഷ്‌കല ദേവിമാരുടെ സാന്നിധ്യമുണ്ട് ഇവിടുത്തെ ശാസ്‌താവിന്.

പത്താമുദയ ദിവസം പ്രതിഷ്‌ഠയ്‌ക്കു നേരെ സൂര്യരശ്‌മികൾ പതിയുന്ന അദ്ഭുതം ആര്യങ്കാവ് ശാസ്‌താക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കൊല്ലം-ചെങ്കോട്ട റോഡിൽ കേരളാതിർത്തിക്കടുത്താണ് ആര്യങ്കാവ് ശാസ്‌താക്ഷേത്രം. ശാസ്താവിന്റെ അത്യപൂർവമായ ‘തൃക്കല്യാണം’ ഇവിടെ മാത്രമാണ്. തമിഴ്‌നാട്ടിൽ നിന്നുളള സൗരാഷ്ട്ര ബ്രാഹ്മണരാണു വധുവിന്റെ ആൾക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധികളും കേരളീയരും വരന്റെ ആൾക്കാരും.

ഗൃഹസ്ഥാശ്രമിയായ അച്ചന്കോവിലരചൻ

അച്ചൻകോവിൽ ക്ഷേത്രം

ഗൃഹസ്‌ഥാശ്രമിയായ ശാസ്‌താവ് എന്നാണ് സങ്കൽപം. പൂർണപുഷ്‌കല ദേവിമാരുടെ സാന്നിധ്യത്തോടുകൂടിയ വിഗ്രഹമാണ് ഇവിടെയുള്ളത്. കേരള അതിർത്തിയിൽ ആണെങ്കിലും തമിഴ് സ്വാധീനമാണു കൂടുതൽ. അച്ചൻകോവിൽ അരശൻ എന്നാണ് ഈ ശാസ്‌താവ് അറിയപ്പെടുന്നത്. ഹിമാലയത്തിൽ മാത്രം കാണുന്ന പ്രത്യേകതരം കൃഷ്‌ണശില കൊണ്ടുള്ള യുഗാന്തര പ്രതിഷ്‌ഠ. അവിശ്വസനീയമായ പല ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രം. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പോയി വീണ്ടും കേരളത്തിലെത്തുന്ന അപൂർവമായ വഴി, മല ചുറ്റി ഒഴുകിപ്പോകുന്ന പുഴ… ഏറെ പ്രത്യേകതകൾ ഉണ്ട് ഇന്നും അച്ചൻകോവിൽ അരതന്റെ ഈ ആലയത്തിന് .

സഹ്യപർവതത്തിന്റെ കൊടുമുടികളിൽ ഒന്നായ തൂവൽമലയിൽ നിന്നു നേർത്ത ഒരു അരുവിയായി ഒഴുകിത്തുടങ്ങുകയാണ് അച്ചൻകോവിൽ ആറ്. സാമാന്യം വലിയൊരു തോടായി ക്ഷേത്രത്തെ ചുറ്റി ഒഴുകുന്ന അച്ചൻകോവിലാറ്. നൂറുകണക്കിന് ഔഷധ സസ്യങ്ങളെ തഴുകി വരുന്നതുകൊണ്ടാവാം ഈ വെള്ളത്തിന് ഔഷധ ഗുണം കൽപ്പിക്കുന്നത്. ജലസമൃദ്ധിയിൽ ഇവിടെ കൃഷിയും കൂടുതലാണ്. തമിഴ്‌നാട്ടിലെ മേക്കര ഡാമിനടുത്തുള്ള 30 ഏക്കർ വയലിൽ വിളയുന്ന നെല്ലുകൊണ്ടാണ് ഇവിടെ ഭഗവാനു നിവേദ്യം. ശബരിമലയിലേതുപോലെ തന്നെ പതിനെട്ടു പടികളിലൂടെയാണു ശ്രീകോവിലിലേക്കു പ്രവേശനം. ശബരിമലയിൽ നിന്നു വ്യത്യസ്‌തമായി കൈക്കുമ്പിൾ കോട്ടിയിരിക്കുന്ന ശാസ്‌താവിഗ്രഹമാണിവിടെ. ഈ കൈക്കുമ്പിളിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിട്ടുണ്ടാവും.

പണ്ടു കാടിനു നടുവിൽ താമസിക്കുന്നവരെ പാമ്പു കടിക്കുക നിത്യസംഭവമായിരുന്നു. ചികിൽസയ്‌ക്ക് ആശുപത്രികൾ ഇല്ലാതിരുന്ന കാലം. ആ കാലത്തു പാമ്പുകടിയേറ്റു വരുന്നവർക്കുള്ള ഔഷധമായിരുന്നു ആ ചന്ദനം. വിഗ്രഹത്തിലിരിക്കുന്ന ചന്ദനവും ക്ഷേത്ര പരിസരത്തെ തീർഥ കിണറിൽ നിന്നുള്ള ജലവുമായിരുന്നു ഇവർക്കുള്ള മരുന്ന്. ഇതും കഴിച്ച് മൂന്നു ദിവസം ക്ഷേത്രത്തിൽ താമസിക്കും. അതിനുശേഷം വീട്ടിലേക്കു മടങ്ങും. ഈ രീതി ഇന്നും തുടരുന്നു.

പാമ്പുകടിയേറ്റു വരുന്നവരുടെ ആവശ്യാനുസരണം ഏതു സമയത്തും ഇവിടെ ക്ഷേത്രനട തുറക്കും. ഇതിനു വേണ്ടി പൂജാരിമാർ ക്ഷേത്രത്തിൽ തന്നെ താമസിക്കുന്നു. തീർഥ കിണറിലെ വെള്ളത്തിന്റെ ഔഷധ ഗുണം ഒരു സമസ്യയാണ്. തികച്ചും സൗജന്യമായി ഈ ചികിൽസ എന്നു തുടങ്ങിയെന്ന് ആർക്കും അറിഞ്ഞുകൂടാ. വിഷം തീണ്ടുന്നതിനു മാത്രമല്ല കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്തുന്നു. നൊന്തു പ്രാർഥിക്കുന്നവർക്കു ഫലം കാണുന്നു എന്നതിന്റെ തെളിവാണു കെട്ടിയിരിക്കുന്ന നൂറുകണക്കിനു കുഞ്ഞുതൊട്ടിലുകൾ. ഇവിടെ ആടുന്ന ഓരോ തൊട്ടിലും ഓരോ പ്രാർത്ഥനയുടെയും ആഗ്രഹത്തിന്റെയും സാഫല്യമാണ്.

ശബരിമലയിൽ സന്യാസാശ്രമം

ശബരിമല സന്നിധാനം

അച്ചൻകോവിലിലെ ഗൃഹസ്‌ഥാശ്രമം കഴിഞ്ഞാൽ പിന്നെ ശബരിമലയിലെ വാർധക്യ അവസ്‌ഥയിലേക്കാണു യാത്ര. കരിമലയും നീലിമലയും കടന്നു കലിയുഗവരദനായ ഹരിഹരസുതന്റെ അരികിലേക്ക്. ചിന്മുദ്രാങ്കിത യോഗാസമാധിപൊരുളായി ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന പുണ്യപൂങ്കാവനം .

വാനപ്രസ്ഥാശ്രമവുമായി കാന്തമല


കാന്തമല എന്നറിയപ്പെട്ടിരുന്നപൊന്നമ്പലമേട്

ധർമ്മശാസ്‌ത്രാവിന്റെ വാനപ്രസ്‌ഥവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് കാന്തമല. ശബരിമല പോലെ തന്നെ കാന്തമലയും വനമധ്യത്തിലാണ്. അവിടെ പൂജ നടത്തിയിരുന്നത് മഹർഷീശ്വരന്മാരും സിദ്ധന്മാരും ആണെന്നാണു വിശ്വാസം. കാലം കഴിഞ്ഞപ്പോൾ പൂജയില്ലാതെ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടുവെന്നും അതല്ല ക്ഷേത്രം അന്തർധാനം ചെയ്‌തതാണ് എന്നും രണ്ടുതരം വിശ്വാസമുണ്ട്.കാന്തമലയാണ് പിൽക്കാലത്തു പൊന്നമ്പലമേടായി അറിയപ്പെടുന്നത് എന്നും വിശ്വസിച്ചു പോരുന്നുണ്ട്

Related posts

ഛത്രപജി ശിവാജി മഹാരാജ്

admin

നിലത്തിരുന്നു ഭക്ഷണം കഴിച്ചാൽ..?

Sanoj Nair

ധനുമാസക്കുളിരില്‍ ദശപുഷ്പം ചൂടി പൂതിരുവാതിര.

SURYA Rajiv

Leave a Comment