Articles Featured spiritual

സ്വാമി വിവേകാനന്ദൻ എന്ന യുഗപ്പിറവി

banner

” ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത ”
എന്ന് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ. സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ്‌ ശരിയായ ജീവിതം എന്നു കരുതിയ മഹാൻ…..

കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു കുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായിട്ടാണ് 1863 ജനുവരി 12 നു സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൊൽക്കത്തയായിരുന്നു.

ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ അർത്ഥമെന്താണ്‌? തുടങ്ങി പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊഫ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസനുമായുള്ള കണ്ടുമുട്ടൽ .നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വാരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. പിന്നീട് തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗ്ലൂർ വഴി ഷൊർണൂരിൽ എത്തി.

ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു എന്നിവരെക്കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. എങ്കിലും കേരളത്തിലെ ജാതിവിവേചനത്തിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുള്ളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥ കണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌, ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു. പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌

1893 സെപ്റ്റംബർ11ന് അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവേകാനന്ദൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു. കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. ഇന്ത്യയുടെ ആത്മീയ ബൗദ്ധിക തേജസ്സായി ലോകം ഹൃദയം കീഴടക്കിയ സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനമാണ് ജനുവരി 12. 1985 മുതൽ വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനമായാണ് ആഘോഷിക്കുന്നത്

Related posts

റവയോട് അത്ര മതിപ്പില്ലാ അല്ലേ ?എന്നാൽ അറിയാം റവയുടെ ഗുണങ്ങൾ ഇവയൊക്കെ ആണ്..

SURYA Rajiv

ഒരേയൊരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക..

SURYA Rajiv

അമേരിക്കയുടെ ആകുലതയും, വ്യാകുലതയും പ്രവാസി മലയാളി പറയുന്നു..

SURYA Rajiv

Leave a Comment