Featured spiritual

ഏകാദശി പുണ്യമേറ്റുവാങ്ങി ഗുരുപവനപുരേശം

banner

ഏകാദശി പുണ്യത്തിൽ ഗുരുപവനപുരേശം

ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് വൃശ്ചികമാസ വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശി.

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. ഈ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബൈശ്വര്യം, സമ്പൽ സമൃദ്ധി, മനഃശാന്തി എന്നിവയാണ് ഫലം. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) അരി ആഹാരം കഴിക്കാം. ഈ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയാണ്. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടും കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഭഗവദ് ഭജനം, ശരീരശുദ്ധി എന്നിവ പ്രധാനമാണ് . ഏകാദശി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധിവരുത്തി ഗായത്രി മന്ത്രം , വിഷ്ണു ഗായത്രി എന്നിവ ജപിക്കാം.

വിഷ്ണു ഗായത്രി

“ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണുപ്രചോദയാത്.”

ഏകാദശി ദിനം പൂർണമായി ഉപവസിക്കണം. അതിനു സാധിക്കാത്തവർ പഴങ്ങൾ ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാവുന്നതാണ്. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്‌ടാക്ഷരമന്ത്രം (‘ഓം നമോ നാരായണായ’ ), ദ്വാദശാക്ഷരമന്ത്രം ( ‘ഓം നമോ ഭഗവതേ വാസുദേവായ’) എന്നിവ 108 തവണ ജപിക്കുന്നത് നന്ന്. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

ഏകാദശി ദിനത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ് തുളസീപൂജ . വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനമായ തുളസി ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ പാരണ വീടും മുൻപ് തുളസിച്ചുവട്ടിൽ വെള്ളമൊഴിക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കും എന്നാണു സങ്കല്പം. അതിനാൽ ഈ സവിശേഷ ദിനത്തിൽ മൂന്ന് പ്രദക്ഷിണം വയ്ച്ചു തുളസിച്ചെടി നനക്കുന്നത് അത്യുത്തമമാണ്.പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കുക.

“പ്രസീദ തുളസീദേവി

പ്രസീദ ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം”

Related posts

കേരളത്തിന്റെ ആനത്തറവാട്

Sanoj Nair

തിരികെ വരുന്നു ആ പഴയ ദൂരദർശൻ കാലം..

SURYA Rajiv

ഈ ദിക്കിലേക്ക് തല വച്ചുറങ്ങരുത് !

SURYA Rajiv

Leave a Comment