Featured spiritual
banner

മത്സ്യ അവതാര മൂർത്തി പ്രതിഷ്ഠയുള്ള ഉള്ള കേരളത്തിലെ ഏക ക്ഷേത്രം ഇതാണ് !

ഇന്ന് മത്സ്യാവതാര ജയന്തി .കേരളത്തിൽ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട്‌ ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ‌ പുരാതനമായ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. ദേശീയപാതയ്ക്കരുകിലായി നിലകൊള്ളുന്ന മത്സ്യാവതാരമഹാവിഷ്ണുക്ഷേത്രത്തിന്‌ പുറമെ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രം, മലക്കാട്‌ ശിവക്ഷേത്രം, മാനിക്കാവ്‌ മഹാദേവ ക്ഷേത്രം തുടങ്ങിവ ക്ഷേത്രങ്ങളുമുണ്ട്‌.

മത്സ്യാവതാരക്ഷേത്രമുറ്റത്തെത്തിയാൽ ആദ്യം കാണുക നടപന്തലാണ് .പന്തലിനുള്ളിൽ ബലിക്കല്ല്‌. അകത്ത്‌ കടന്നാൽ ശ്രീകോവിലിൽ ചതുർബാഹുവായ മഹാവിഷ്ണു . കിഴക്കോട്ട്‌ ദർശനം, കന്നിമൂലയിൽ അയ്യപ്പൻ, തൊട്ടടുത്ത്‌ ഗണപതി, ദുർഗ എന്നെ ഉപദേവതാ പ്രതിഷ്ഠകളും .

‌നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഇതുവഴി പോയ ഒരു ഋഷിവര്യൻ സമീപത്ത്‌ കണ്ട ജലാശയത്തിൽ ദേഹശുദ്ധി വരുത്താനായി ഇറങ്ങിയത്രേ. അദ്ദേഹം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ നിന്നൊരു മത്സ്യം വായുവിലേക്ക്‌ ഉയർന്ന്‌ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. പലതവണ ഇതാവർത്തിച്ചപ്പോൾ സംശയാലുവായ ആ താപസൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടെന്ന്‌ ദിവ്യദൃഷ്ടിയിൽ അറിഞ്ഞു. ഉടനെ കരയ്ക്കുകയറി ജലാശയത്തിന്റെ പടിഞ്ഞാറുവശത്ത്‌ ഉയർന്നൊരുസ്ഥലത്ത്‌ മത്സ്യാവതാര സങ്കൽപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നെ നാട്ടുമുഖ്യന്മാരെ വിളിച്ച്‌ വിവരം അറിയിക്കുകയും ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്ന്‌ മീനാടിയ സ്ഥലമാണ്‌ ഇന്ന്‌ മീനങ്ങാടിയായത്‌. മീനാടി, മീൻ അങ്കിടി, എന്നൊക്കെ പഴയപേരുകൾ. ഈ പേരുകളാണ്‌ പിന്നീട്‌ മീനങ്ങാടിയായി മാറിയതെന്നാണ് ഐതിഹ്യം .

അന്ന്‌ നിർമ്മിച്ചക്ഷേത്രം പിൽക്കാലത്ത്‌ അഗ്നിക്കിരയായി. അത്‌ വീണ്ടും പുതുക്കിപണിയുകയും ചെയ്തു. ഇത്‌ ടിപ്പുവിന്റെ പടയോട്ടക്കാലത്തായിരുന്നുവെന്ന്‌ ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. പാൽപ്പായസവും നെയ്പായസവും കൂടാതെ പുഷ്പാജ്ഞലിയും മറ്റും വഴിപാടായി നടത്തിവരുന്നു. മംഗല്യഭാഗ്യത്തിന്‌ ഇവിടെ വഴിപാടുകൾ നടത്തുന്നത്‌ ഫലവത്താണെന്ന്‌ അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു . കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടായി നാളുകളിലാണ്‌ ഉത്സവം. തിടമ്പുനൃത്തവും തായമ്പകവും നടക്കുന്നു. ആദ്യദിവസം കൂട്ടക്കാവിൽ നിന്നും എഴുന്നെള്ളത്ത്‌ ഉണ്ടാകും. അന്നുരാത്രിയിൽ വെള്ളാട്ടും നടക്കും. കരുമൻകാവിൽ നിന്നുള്ളതാണ്‌ പിറ്റേദിവസത്തെ പ്രധാന ചടങ്ങ്‌. രാത്രിയിൽ തിറ വെള്ളാട്ടമായി പരിപാടിക്ക്‌ കൊഴുപ്പേകും. അടുത്തദിവസം ഭഗവതിയുടെ തിറ ഉച്ചയ്ക്കാണ്‌. മറ്റ്‌ തിറകളും ഉണ്ടാകും. കൂടാതെ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോൽക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടും. ആയിരക്കണക്കിന്‌ ആദിവാസികളും ഉത്സവത്തിനായി ഇവിടെ എത്താറുണ്ട് .

ഭാരതത്തിൽ തന്നെ മത്സ്യാവതാരത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന വളരെ കുറച്ച് ക്ഷേത്രങ്ങളെ ഉള്ളൂ . ബേട്ട് ദ്വാരകയിലെ ശംഖൊദര ക്ഷേത്രം , ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗലപുരത്തിലെ വേദനാരായണക്ഷേത്രം , ശ്രീലങ്കയിലെ ത്രിങ്കോമാലിയിലെ കോനേശ്വരം മത്സ്യകേശ്വരം ക്ഷേത്രം,ബാംഗ്ലൂരിലെ മത്സ്യ നാരായണ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ് .

Related posts

അരുൾ വാക്കിന്റെ പൊരുൾ തേടി

admin

തിരിച്ചറിയണം നാം ഈ കലിയുഗത്തിന്റെ മഹിമ !

SURYA Rajiv

അമിതാഭ് ,രജനി ,മമ്മൂട്ടി ,മോഹൻലാൽ ,രൺബീർ ….ഇന്ത്യയിലെ ആദ്യത്തെ മൾട്ടിസ്റ്റാർ ഷോർട് ഫിലിം വൈറലാകുന്നു

Sanoj Nair

Leave a Comment