Featured

മഹാത്മാ ജ്യോതിറാവു ഫുലെ :ജാതിമതഭേദങ്ങൾക്കെതിരെ പോരാടിയ നേതാവ്

banner

വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ എന്ന് മനസ്സിലാക്കി അയിത്ത ജാതിക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജയന്തി ദിനമാണിന്ന് . 1827-ൽ മഹാരാഷ്ട്രയിലെ പുണെയിലാണ്‌ ജ്യോതി റാവു ഫൂലെ ജനിച്ചത്‌.അക്കാലത്തെ ജാതിവ്യവസ്ഥ അനുസരിച്ച്‌ ബ്രാഹ്മണരുടെ തൊട്ടുതാഴെ വരുന്ന മാലി എന്ന ക്ഷത്രിയ വംശത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. വിദ്യാഭ്യാസത്തിന്‌ ഏറെ പ്രാധാന്യമൊന്നുമില്ലാതിരുന്ന അക്കാലഘട്ടത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിലാണ്‌ ജ്യോതിറാവു തന്റെ പഠനം ആരംഭിച്ചത്‌. പഠനത്തിൽ മിടുക്കൻ പക്ഷേ സമുദായത്തിലെ യാഥാസ്ഥികരുടെ എതിർപ്പ് മൂലം പഠനം നിർത്തി പൂന്തോട്ടത്തിൽ പണിക്കാരനായി എന്നാൽ ജ്യോതി റാവുവിന്റെ പഠിക്കാനുള്ള കഴിവും താത്‌പര്യവും തിരിച്ചറിഞ്ഞ അയൽക്കാരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും പഠനം തുടരുന്നു.

ഒരു ബ്രാഹ്മണ സുഹൃത്തിന്റെ വിവാഹചടങ്ങിനിടെ ജാതിയുടെ പേരിൽ അദ്ദേഹം അപമാനിക്കപ്പെട്ടത്‌ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഭവമായി.വിദ്യാഭ്യാസത്തിലൂടെയേ
സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ആകൂ എന്ന് തിരിച്ചറിഞ്ഞ ജ്യോതിറാവു ഫുലെ1848 ൽ ബുദ്ധ് വാഡ് പേട്ടിൽ താഴ്ന്ന ജാതിക്കാർക്കായി ഒരു വിദ്യാലയം ആരംഭിച്ചു.ഉയർന്ന ജാതിക്കാരിൽ നിന്നും കടുത്ത എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടി വന്നു,അദ്ധ്യാപികമാരെ കിട്ടാനില്ലാത്തതുകൊണ്ട് ഭാര്യ സാവിത്രി ബായിയെ പഠിപ്പിച്ച് അധ്യാപികയായി നിയമിച്ചു..
എതിർപ്പ് ശക്തമായപ്പോൾ അച്ഛൻ ഗോവിന്ദ റാവു ജ്യോതി റാവുവിനെയും ഭാര്യയേയും വീട്ടിൽ നിന്നും പുറത്താക്കി .തുടർന്ന് സ്കൂൾ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും പലരുടെയും സഹായത്തോടെ അദ്ദേഹം വീണ്ടും സ്കൂൾ തുറന്നു എന്നു മാത്രമല്ല 1851 ൽ ആ സ്ഥലത്തു തന്നെ മറ്റൊരു സ്കൂൾ കൂടി അദ്ദേഹം ആരംഭിച്ചു. പിന്നീട് രാസ്താപേട്ടിലും വിഠാൽ പേട്ടിലും സ്കൂളുകൾ ആരംഭിച്ചു. കൂടാതെ താഴ്ന്ന ജാതിക്കാർക്കായി അദ്ദേഹം ഒരു ലൈബ്രറിയും തുടങ്ങി,വിധവകൾക്കായി
അനാഥാലയവും ആരംഭിച്ചു.

1873 ൽ സത്യശോധക് സമാജ് എന്ന സംഘടന അദ്ദേഹം ആരംഭിച്ചു.താഴ്‌ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പ്രശ്നങ്ങളിലേക്ക്‌ ഭരണകൂടത്തിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധതിരിക്കുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു .തന്റെ ആശയങ്ങളും ആശങ്കകളുമെല്ലാം തന്റെ എഴുത്തുകളിലൂടെ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. സാമൂഹ്യപരിഷ്കർത്താവ്‌ എന്ന നിലയിൽ മാത്രമല്ല, എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.1890-ൽപക്ഷാഘാതം പിടിപെട്ട്‌ അദ്ദേഹം ലോകത്തോട്‌ വിടചൊല്ലി.ജാതിമതഭേദങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പിന്നീട്‌ അനേകർക്ക്‌ മാർഗദർശകമായി തീർന്നു.

Related posts

SURYA Rajiv

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ യഥാർത്ഥ വിസ്മയക്കാഴ്ച എന്താണ് ?

Sanoj Nair

Sanoj Nair

Leave a Comment