Articles Featured

മലയാളം ഓർക്കുന്നു എന്നും ഈ സ്നേഹഗായകനെ …

banner

മലയാളത്തിലെ ആധുനിക കവിത്രയത്തിൽ സുവർണ്ണ ലിപികളിൽ ലേഖനം ചെയ്യപ്പെട്ട നാമധേയം -മഹാകവി കുമാരനാശാൻ …..

മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി.

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിൽ നാരായണൻ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും മകനായിട്ടാണ് കുമാരനാശാന്റെ ജനനം .

സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പഠനവും പരമ്പരാഗത സംസ്കൃതപഠനവുമായി വിദ്യാഭ്യാസം തുടര്‍ന്നു. കുമാരു എന്നായിരുന്നു യഥാര്‍ത്ഥ നാമധേയം. കുറച്ചു കാലം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതോടെ കുമാരു കുമാരനാശാനായി.

ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അരുവിപ്പുറത്തെ അന്തേവാസിയായതോടെ ആശാന്‍ ചിന്നസ്വാമിയായി അറിയപ്പെട്ടു.

ഇരുപത്തിനാലാമത്തെ വയസ്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ളൂര്‍ക്ക് പോയി; പിന്നീട് കര്‍ക്കത്തയിലേക്കും. മൈസൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍ പല്‍പ്പുവാണ് ആശാന്‍റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായം ചെയ്തത്.

തുടർന്ന് ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു.

കൽക്കത്തയിലെ ജീ‍വിതകാലം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ ബംഗാളിസാഹിത്യത്തെ നവോത്ഥാനത്തിലേക്ക് നയിച്ച കാലത്താണ് ആശാൻ കൽക്കത്തയിലെത്തിയത്.

1903 ജൂൺ 4-ന് ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് എസ്.എൻ.ഡി.പി. യോഗം (ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം) സ്ഥാപിച്ചു. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ നിർവഹിക്കാൻ നാരായണഗുരു പ്രിയ ശിഷ്യനായ കുമാരനാശാനെയാണ്‌ തെരെഞ്ഞെടുത്തത്. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. സ്വപ്നജീവിയായ കവിയായിരുന്നില്ല കുമാരനാശാൻ. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായും പ്രവർത്തിച്ചു.

വീണപൂവ് ,നളിനി ,ലീല,ചണ്ഡാല ഭിക്ഷുകി,ദുരവസ്ഥ ,പ്രരോദനം തുടങ്ങിയവയാണ് ആശാന്റെ പ്രധാന കൃതികൾ.

നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ. മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ, തോന്നയ്കലില്‍ ആശാൻ താമസിച്ചിരുന്ന വീട് ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ‘മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ’ ഭാഗമാണ്.

Related posts

അന്താരാഷ്ട്ര യോഗ ദിനം – ജൂൺ 21… ആഘോഷങ്ങളോടൊപ്പം തത്വമയി ടിവിയും

admin

ന്യൂ ജൻ കുട്ടികൾ ഒറ്റക്കാലിൽ കറുത്തചരട്കെട്ടുന്നതിന് പിന്നിലുള്ള രഹസ്യമെന്ത്.

SURYA Rajiv

ലാഭകരമാകാം അസോള കൃഷി

Sanoj Nair

Leave a Comment