Featured Special Days
banner

പൊഖ്റാനിൽ ഓരോ ഇന്ത്യൻ ചലനവും അമേരിക്ക ഭയന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നറിയാൻ അന്ന് രാവുംപകലും ഉപഗ്രഹ ചാരക്കണ്ണുകളും ബഹിരാകാശത്തു നിരീക്ഷണത്തിൽ ആയിരുന്നു.

1974 ലെ ഇന്ത്യയുടെ ആദ്യ അണുപരീക്ഷണത്തിനു പിന്നാലെയായിരുന്നു ഈ ഭയപ്പാട് . വീണ്ടുമൊരു അണുപരീക്ഷണത്തിന് ഇന്ത്യയൊരുങ്ങുകയാണെന്ന സംശയത്തിലായിരുന്നു. എന്നാൽ ദശാബ്ദത്തോളം യുഎസ്, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ. പക്ഷേ കണ്ണുനട്ട് കാത്തിരുന്നിട്ടും ചൂഴ്ന്നു നോക്കിയിട്ടും താർ മരുഭൂമിയിലെ മണൽക്കാട്ടിൽ വീണ്ടുമൊരിക്കൽ കൂടി ഇന്ത്യ ‘ശക്തി’ തെളിയിച്ചു. 1998 മേയ് 11 നു ഇന്ത്യ രണ്ടാം അണുപരീക്ഷണം നടത്തിയത് 24 വർഷം മുൻപ് സ്ഫോടനം നടത്തിയ അതേസ്ഥലത്തു തന്നെയായിരുന്നു.

ഉച്ചയ്ക്ക് 3.45 നായിരുന്നു സകല നിരീക്ഷണക്കണ്ണുകളെയും വെട്ടിച്ചു കൊണ്ടുള്ള ആ പരീക്ഷണം. ഒരു അണുവിഘടന(ഫിഷൻ) ഡിവൈസ്, ഒരു ലോയീൽഡ് ഡിവൈസ്, ഒരു താപ–ആണവ (തെർമോ ന്യൂക്ലിയര്‍) ഡിവൈസ് എന്നിവയാണ് ഇന്ത്യ ആദ്യദിനം പരീക്ഷിച്ചത്. ഇവ മൂന്നും ഒരുമിച്ചു പരീക്ഷിച്ചു വിജയിച്ച ലോകത്തിലെ ആദ്യരാജ്യവുമായി മാറി ഇന്ത്യ. അണുപരീക്ഷണത്തെക്കുറിച്ച് ആകെ അറിയാവുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മാത്രമായിരുന്നു.

കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടു പോലും പരീക്ഷണം വിജയിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത് (1974 ൽ ഇന്ദിരാഗാന്ധിയുടെ കാലത്തും ഇതുതന്നെയാണു സംഭവിച്ചത്). മേയ് 11നു വൈകിട്ട് ആറോടെ വാജ്പേയി മാധ്യമങ്ങളെ കണ്ടു. ലോകത്ത് ആണവപരീക്ഷണം നടത്തിയെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന ആറാമത്തെ രാഷ്ട്രമായി അതോടെ ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ സാങ്കേതികവിദ്യ പരസ്പരം കൈമാറി പരീക്ഷണം നടത്തിയപ്പോൾ സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്.

മേയ് 13ന് രണ്ട് ഫിഷൻ ഡിവൈസുകൾ കൂടി പരീക്ഷിച്ചാണ് ഇന്ത്യ നിർത്തിയത്. ഭൂഗർഭ പരീക്ഷണങ്ങളായിരുന്നു എല്ലാം; ഒരൽപം പോലും റേഡിയോ ആക്ടീവ് വികിരണങ്ങൾ അന്തരീക്ഷത്തിലേക്കു പടർന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. ‘ഓപറേഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യ ലോകത്തിനു മുന്നിൽ കരുത്തു തെളിച്ച ആ അണുപരീക്ഷണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാണിന്ന്.

ഇതിനോടകം പുസ്തകങ്ങളായും ഡോക്യുമെന്ററികളായും സിനിമകളായും ഇന്ത്യയുടെ ഈ ‘ശക്തി’പ്രകടനത്തിനു പിന്നിലെ രഹസ്യ നീക്കങ്ങളും മുന്നൊരുക്കങ്ങളും ലോകത്തിനു മുന്നിലെത്തിയിട്ടുണ്ട്. 1998 മേയ് 11 മുതൽ 13 വരെയും അതിനു മുൻപും പൊഖ്റാനിൽ എന്താണു യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിന്റെ പൂർണവിവരങ്ങൾ ഇന്നും ഇരുമ്പുമറയ്ക്കപ്പുറത്തെ രഹസ്യമാണ്. ഇന്ത്യൻ സൈന്യവും ശാസ്ത്രലോകവും ചേർന്നൊരുക്കിയ ആ പൊഖ്റാൻ‘കൺകെട്ടുവിദ്യ’യുടെ കഥയിങ്ങനെ…

ആകാശത്തേക്കൊരു ‘പുകക്കൂണ്‍’
1998 ജനുവരി; ചുറ്റിലും തണുപ്പ് അരിച്ചിറങ്ങുന്നു. ആ മരുഭൂമിയിൽ കാറ്റുപോലും നിശബ്ദമായിരുന്നു. മണൽത്തരികള്‍ക്കു പോലുമില്ല അനക്കം. ആ തണുത്ത നിശബ്ദതയിലേക്കാണ് കുറേ ട്രക്കുകളും ബുൾഡോസറുകളും ഇരച്ചുകയറിയെത്തിയത്. മണൽക്കൂനകൾക്കു മുകളിലൂടെ മുരണ്ട് അവ മുന്നോട്ടു നീങ്ങി. ഒടുവിൽ ഒരിടത്തു നിർത്തി. രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള പൊഖ്റാൻ മരുഭൂമിയുടെ ഭാഗമായിരുന്നു അത്.

ഏതാനും കുറ്റിച്ചെടികളും എപ്പോൾ വേണമെങ്കിലും രൂപം മാറാവുന്ന മണൽക്കൂനകളുമുള്ള പ്രദേശം. ട്രക്കുകൾക്കു മുന്നിൽ മണലിൽ തീർത്ത ഒരു വമ്പൻ കുഴിയാണ്. അതിനു ചുറ്റും മണൽച്ചാക്കുകൾ നിരത്തിവച്ചിരിക്കുന്നു. വൈകാതെ തന്നെ ബുൾഡോസറുകളും ട്രക്കുകളും അവയ്ക്കൊപ്പം വന്നവരും പണി തുടങ്ങി. ആ മണൽക്കുഴിയിലേക്ക് മണൽ തട്ടിനിറയ്ക്കാനായിരുന്നു ശ്രമം. ഒരു മണിക്കൂറിനകം അതു വിജയം കണ്ടു. കുഴി മണലു കൊണ്ടു മൂടി, അവിടെ ഒരു ചെറിയ മണൽക്കൂനയും പ്രത്യക്ഷപ്പെട്ടു.

പിന്നാലെ കൈത്തണ്ടയോളം കട്ടിയുള്ള കറുത്ത കേബിൾ ആ കൂനയ്ക്കു ചുറ്റും പടർത്തി. സ്മോക്ക് ഗ്രനേഡുകൾ നിരത്തിവച്ചു കത്തിക്കുകയായിരുന്നു അടുത്ത പരിപാടി. കൂനയ്ക്കു ചുറ്റും കുത്തിനിർത്തിയ ഗ്രനേഡുകളിൽ നിന്നു വൻതോതിൽ പുക ‘ചീറ്റി’ക്കൊണ്ടേയിരുന്നു. ഇപ്പോൾ ഒരു പടുകൂറ്റൻ ‘പുകക്കൂൺ’ പോലെയായിരിക്കുന്നു കാഴ്ച. ശരിക്കും ഒരു സ്ഫോടനം നടന്നതു പോലെ. അതിനു സമീപം 20 പേരും ആകാശത്തേക്കു നോക്കി നിന്നു. മുകളിൽ തെളിഞ്ഞ നീലാകാശം മാത്രം. പക്ഷേ അവർക്കറിയാം അതിനും മുകളിൽ അവർക്കു നേരെ തിരിച്ചു വച്ചിരിക്കുന്ന ചാരക്കണ്ണുകളുണ്ടെന്ന്.

ശതകോടികൾ മുടക്കി അമേരിക്ക ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്ന നാല് സാറ്റലൈറ്റുകളാണ് പൊഖ്റാനിലെ ഓരോ നീക്കവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ആ അദൃശ്യമായ കണ്ണുകളിലേക്കു കൈ ചൂണ്ടി കൂട്ടത്തിലൊരാൾ പറഞ്ഞു: ‘സാധിക്കുമെങ്കിൽ ഞങ്ങളെ നിങ്ങളങ്ങു പിടികൂടൂ…’ ആ തമാശ കേട്ട് ചുറ്റിലുമുള്ളവർ ആസ്വദിച്ചു ചിരിച്ചു. അവരുടെ മനസ്സിൽ അന്നേരം സിഐഎ ഉദ്യോഗസ്ഥരുടെ മുഖമായിരുന്നിരിക്കണം. പിറ്റേന്നു സാറ്റലൈറ്റ് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമ്പോൾ കാണാനിരിക്കുന്നത് പൊഖ്റാനിലെ ഈ ‘അസാധാരണ’ കാഴ്ചയാണ്. ഇതെന്താണെന്നാലോചിച്ച് തലപുകയ്ക്കുന്ന സിഐഎ തലവന്മാരെ ഓർത്താൽ ആരായാലും ചിരിച്ചു പോകും. ഇന്ത്യയ്ക്കു വേണ്ടിയിരുന്നതും അതായിരുന്നു.

അവിടെ നിന്ന 20 പേരുടെയും കയ്യിലെ വാച്ചിന്റെ സമയം വരെ അറിയാൻ അമേരിക്കൻ സാറ്റലൈറ്റുകൾക്കു കഴിയുമെന്നു വിശ്വസിച്ച കാലത്ത് അവരുടെ അഹന്തയ്ക്കു മേലുള്ള പ്രഹരത്തിനു മുന്നോടിയായി നടത്തിയ ‘റിഹേഴ്സലാ’യിരുന്നു അവിടെ കണ്ടത്. ഇന്ത്യയുടെ രണ്ടാം അണുപരീക്ഷണത്തിനു മുന്നോടിയായി അമേരിക്കയുടെ ഉൾപ്പെടെ കണ്ണുവെട്ടിക്കാനും പരീക്ഷണം നടത്താനിരിക്കുന്ന ഭൂഗർഭ ‘ഷാഫ്റ്റുകൾ’ സംരക്ഷിക്കാനും 58 എൻജിനീയർമാരെയാണു പ്രത്യേക പരിശീലനം നൽകി ഇന്ത്യ സജ്ജമാക്കിയത്.

ഒടുവിൽ അത് അവസാനിച്ചതോ സിഐഎയുടെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയങ്ങളിലൊന്നായി കണക്കാക്കുന്ന അണുപരീക്ഷണത്തിലേക്കും! ആകാശത്ത് സാറ്റലൈറ്റായും ഭൂമിയിൽ ചാരന്മാരുടെ രൂപത്തിലും യുഎസ് വിന്യസിച്ച സകല നിരീക്ഷണ സംവിധാനങ്ങളെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ പരീക്ഷണം.

താജ്മഹലിലും അണുബോംബ്!
നിരീക്ഷണമുണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് പൊഖ്റാനിലെ ആദ്യ അണുപരീക്ഷണത്തിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെ രണ്ടാം സ്ഫോടനത്തിനും ഇന്ത്യ തിരഞ്ഞെടുത്തത്. ഇനിയൊരിക്കൽ കൂടി ആ സ്ഥലം തിരഞ്ഞെടുക്കാൻ ഇന്ത്യ മടിക്കും എന്നു മറ്റുള്ളവർ ചിന്തിച്ചയിടത്തായിരുന്നു ആദ്യ ജയം. ചുമലോളം പൊക്കമുള്ള കുറ്റിച്ചെടികളും ഒന്നും ‘മറയ്ക്കാൻ’ ശേഷിയില്ലാത്ത വിധം എപ്പോൾ വേണമെങ്കിലും രൂപം മാറാനും സാധിക്കുന്ന മണൽക്കൂനകളുമെല്ലാമുള്ള ഒരിടം അതീവരഹസ്യാത്മകമായ പരീക്ഷണത്തിന് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കില്ലെന്ന പാശ്ചാത്യരുടെ ചിന്തയിൽ രണ്ടാമത്തെ വിജയവും. ഇതോടൊപ്പം ഒന്നര വർഷത്തോളം സ്മോക്ക് ഗ്രനേഡ് പോലെ പലവിധ പരീക്ഷണങ്ങളിലൂടെ യുഎസിനെയും കൂട്ടരെയും മടുപ്പിച്ച ‘എൻജിനീയേഴ്സ്’ തന്ത്രവും.

1974 ലെ പരീക്ഷണകാലത്ത് ഷാഫ്റ്റുകൾ സംരക്ഷിച്ചതിന്റെ കഥകൾ പഴയ സൈന്യ–ശാസ്ത്രജ്ഞസംഘം പുതുവിഭാഗത്തിനു കൈമാറിയതും ബലം പകർന്നു. 1982 ലും 1995 ലും 1997 ലും ചില ചെറുപരീക്ഷണങ്ങൾ അമേരിക്കയുടെ ‘കണ്മുന്നിൽ’ തന്നെ ഇന്ത്യ പൊഖ്റാനിൽ നടത്തിയിരുന്നു. ഭാവിയിൽ ഒരു പരീക്ഷണം നടത്തുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നു കൃത്യമായി തിരിച്ചറിയാനും അതുവഴി സാധിച്ചു. മാത്രമല്ല, പൊഖ്റാനിൽ സംഭവിച്ചതെല്ലാം അവിടത്തെ മണല്‍ക്കാറ്റിൽതന്നെ അലിഞ്ഞു ചേർന്നു.

ഒരു രഹസ്യം പോലും അവിടം വിട്ടു പുറത്തെത്തിയില്ല. ‌ഇന്ത്യൻ സൈനികത്തലവൻ ജനറൽ വേദ് പ്രകാശ് മാലിക്കായിരുന്നു (വി.പി.മാലിക്ക്) പൊഖ്റാനിലെ സൈനിക തന്ത്രങ്ങൾക്കു പിന്നില്‍. സൈന്യം ഉപയോഗിച്ച വാക്കുകളില്‍ പോലുമുണ്ടായിരുന്നു തന്ത്രങ്ങൾ – കോഡ് വാക്കുകളും പേരുകളുമെല്ലാം ഉപയോഗിച്ചപ്പോൾ അവയിൽ പലതും നയതന്ത്രതലത്തിൽ ഒരിക്കൽ പോലും, ഒരാൾ പോലും ഉപയോഗിക്കുന്നതായില്ല. (പുറത്തുപറയാൻ പോലും കൊള്ളാത്തതെന്നു ചുരുക്കം)

ഭാരതത്തിന്റെ ആണവ അശ്വമേധത്തിന് തുടക്കം കുറിക്കുന്ന ആദ്യ ഹൈഡ്രജൻ ബോംബ്
പരീക്ഷണത്തിനുപയോഗിച്ച ഷാഫ്റ്റിനു നൽകിയ പേര് ‘വൈറ്റ് ഹൗസ്’ എന്നായിരുന്നു. അണുബോംബ് പൊട്ടിച്ച ഷാഫ്റ്റിനെ വിളിച്ചത് ‘താജ്മഹൽ’ എന്നും. വൈറ്റ് ഹൗസിൽ ഒരിക്കലും ഇന്ത്യ ബോംബിടില്ലെന്നത് ഉറപ്പായിരുന്നു. പിന്നെന്തിനായിരുന്നു അങ്ങനെയൊരു പേരെന്നു ചോദിച്ചാൽ ടീം അംഗങ്ങൾ പറയും– ‘എത്രത്തോളം ‘ക്രേസി’ പേരാകുന്നോ അത്രത്തോളം എളുപ്പമാണ് സ്ഥലം ഓർത്തു വയ്ക്കാൻ…’ മൂന്നാമത്തെ ഷാഫ്റ്റിന്റെ പേരായിരുന്നു രസകരം – ‘കുംഭകർണൻ’. പുരാണങ്ങളിൽ മുഴുവൻ സമയവും ഭക്ഷണവും കഴിച്ച് ഉറങ്ങുന്ന ഭീകരരാക്ഷസന്റെ പേര്. ആരെങ്കിലും ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചാൽ പിന്നെ അതിന്റെ കാരണക്കാരെ ഇല്ലാതാക്കിക്കളയും കുംഭകർണൻ. തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിച്ച് ഷാഫ്റ്റായിരുന്നു അത്. വർഷങ്ങളോളം ഉപയോഗിക്കാതെ ‘ഉറങ്ങിക്കിടന്ന’ ഷാഫ്റ്റിനു വേറെന്തു പേരു നൽകാനാകും!

മൂന്നു ഷാഫ്റ്റുകള്‍ കൂടിയുണ്ടായിരുന്നു– എൻടി 1, 2, 3 എന്നീ പേരുകളിൽ. അഞ്ചു ഷാഫ്റ്റുകളിലും 1998 ൽ പരീക്ഷണം നടന്നു. ഒരെണ്ണത്തിൽ നിന്ന് അവസാന നിമിഷം ഡിവൈസ് എടുത്തുമാറ്റി. അഞ്ചു സ്ഫോടനം കൊണ്ടു തന്നെ ആവശ്യമായ ‘റിസൽട്ട് ഇന്ത്യയ്ക്കു ലഭിച്ചു കഴിഞ്ഞിരുന്നു. എന്തിനു വെറുതെ ആറാമത്തെ ആയുധം പാഴാക്കിക്കളയണം എന്നായിരുന്നു ഇതിനെപ്പറ്റി അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ ആർ.ചിദംബരത്തിന്റെ ചോദ്യം!

പട്ടാളവേഷത്തിൽ ശാസ്ത്രജ്ഞരും

ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്‍(ഡിആർഡിഒ) തലവനായ ഡോ.എപിജെ അബ്ദുൽ കലാമും ആർ.ചിദംബരവും പൊഖ്റാനിൽ ഇടയ്ക്കിടെ സന്ദർശനത്തിനെത്തിയിരുന്നു. ഒപ്പം ഭാഭ അറ്റോമിക് റിസർച് സെന്ററിൽ(ബാർക്) നിന്നുൾപ്പെടെയുള്ള 80 ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും. എല്ലാവർക്കും പട്ടാളവേഷമായിരുന്നു. പലരും പരസ്പരം വിളിച്ച പേരു പോലും മറ്റു പലതുമായിരുന്നു.

ഇടയ്ക്ക് ഡൽഹിയിൽ നിന്നുള്ള ഫോണ്‍വിളിയെത്തും. ‘കന്റീനിൽ സിയറ ഇതുവരെ വിസ്കി വിളമ്പിത്തീർന്നില്ലേ?’ എന്നായിരിക്കും ചോദ്യം. അത് കോഡ്ഭാഷയിൽ നിന്നു മാറ്റുമ്പോൾ സംസാരം ഇങ്ങനെയാകും: വൈറ്റ്ഹൗസ്(വിസ്കി എന്നും പേരുണ്ട്) എന്ന ഷാഫ്റ്റിൽ ഒരുക്കിയ പ്രത്യേക ചേംബറിലേക്ക് (കന്റീൻ) ഇതുവരെ ന്യൂക്ലിയർ ഡിവൈസ് എത്തിച്ചില്ലേ? എന്നാണു ചോദ്യത്തിന്റെ അർഥം.

‘ചാർലി ഇതുവരെ മൃഗശാലയിൽ പോയില്ലേ?’ എന്നും ചോദ്യം വരും. ‘ഡിആർഡിഒ സംഘം(ചാർലി) കൺട്രോൾ റൂമിലേക്കു(മൃഗശാല) പോയില്ലേ?’ എന്നാണു യഥാർഥത്തിൽ ആ ചോദ്യം അർഥമാക്കുന്നത്. സംസാരം മൊത്തം ഇങ്ങനെ കോഡ് ഭാഷയായതോടെ ദയവു ചെയ്ത് സാധാരണ രീതിയിലേക്കു മാറണമെന്ന് അഭ്യർഥിച്ചവർ വരെയുണ്ട്. പക്ഷേ ബാക്കിയുള്ളവരൊന്നും അതിനെ പിന്തുണച്ചില്ലെന്നു മാത്രം.

കണ്ണിൽ ‘മണ്ണിട്ട്…’
1997 ലെ വസന്തകാലത്ത് ഡിആർഡിഒ ശാസ്ത്രജ്ഞൻ കെ.സന്താനവും ലഫ്. ജനറൽ ഇന്ദർ വർമയും പൊഖ്റാനിലേക്ക് ഒരു രഹസ്യ സന്ദര്‍ശനത്തിനെത്തി. കേന്ദ്ര സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലും ആണവവിഷയങ്ങളിൽ ഡിആർഡിഒയുടെ നെടുംതൂണെന്നതിനാലും 1986 മുതൽ ഇന്ത്യയുടെ അണ്വായുധപദ്ധതികളിലെല്ലാം നിർണായക സാന്നിധ്യമായിരുന്നു സന്താനം. അദ്ദേഹത്തിനു നൽകിയ ‘കോഡ് നെയിം’ ലഫ്റ്റനന്റ് കേണൽ ശ്രീനിവാസ് എന്നായിരുന്നു. ഇന്ദര്‍ വർമയ്ക്കാകട്ടെ ‘മൈക്ക്’ എന്നായിരുന്നു പേര്.

ഇന്ത്യയുടെ അണ്വായുധ പരീക്ഷണങ്ങൾ നടക്കുമ്പോഴെല്ലാം സുരക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് വർമയായിരുന്നു. കേന്ദ്രതലത്തിൽ തീരുമാനമുണ്ടായാൽ 10 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും അണുപരീക്ഷണം നടത്താനാകുന്ന വിധം ഷാഫ്റ്റുകളെ സുരക്ഷിതമായി സജ്ജമാക്കുകയെന്നതായിരുന്നു വർമയുടെ ദൗത്യം. പുറംലോകത്ത് ഒരീച്ച പോലും അതറിയാൻ പാടില്ലെന്ന് ഉറപ്പാണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! പക്ഷേ അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം തികച്ചും ലളിതമായിരുന്നു.

സന്താനത്തിന്റെയും വർമയുടെയും ഇത്തവണത്തെ വരവിനു പിന്നിൽ ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. അടുത്ത മാസത്തിനകം ശരാശരി 50 മീറ്റർ ആഴത്തിൽ രണ്ടു ഷാഫ്റ്റുകൾ കൂടി നിർമിച്ചെടുക്കണം. അതും നിരീക്ഷണ സാറ്റലൈറ്റുകൾക്കു യാതൊരു തരത്തിലും പിടികൊടുക്കാതെ. ഒരു പുതിയ ഭൂഗർഭ ഷാഫ്റ്റ് നിർമിക്കുന്നതിനേക്കാളും നിലവിൽ അതിനു അനുയോജ്യമായ ആഴമുള്ള ഒരു സ്ഥലം വികസിപ്പിച്ചെടുക്കാനായിരുന്നു ആദ്യ ശ്രമം. അങ്ങനെയാണ് ‘നവ്തല’ എന്നറിയപ്പെടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത്.

ഉപയോഗിക്കാതെ കിടന്ന ഒൻപതു കിണറുകളായിരുന്നു അത്. അവയിൽ രണ്ടെണ്ണം ഉപയോഗിക്കാമെന്നു കണ്ടെത്തി. ഏതാനും ആഴത്തിൽ കൂടി കുഴിച്ചാൽ ഷാഫ്റ്റ് ഒരുക്കാം. ഇത്തവണ പക്ഷേ കുഴിയെടുക്കുന്ന സ്ഥലത്തിനു ചുറ്റും മുൻകാലങ്ങളിലെപ്പോലെ വേലി കെട്ടിത്തിരിക്കാനൊന്നും സൈന്യം നിന്നില്ല. കന്നുകാലികളുമായി വരുന്നവരെയും മറ്റുള്ള യാത്രക്കാരെയും മാറ്റിനിർത്താൻ ഒരു ബോർഡ് മാത്രം വച്ചു– ‘പ്രദേശം മുഴുവൻ മൈൻ വിതറിയിരിക്കുകയാണ്. പ്രവേശിക്കരുത്’. ഒരാൾ പോലും പിന്നെ ആ പരിസരത്തേക്കു വന്നില്ല. വേലിയില്ല, പരിസരത്തെങ്ങും ഒരാളുമില്ല, ഒപ്പം ഈ ബോർഡ് കൂടി കണ്ടതോടെ സാറ്റലൈറ്റ് കണ്ണുകൾ അതിന്റെ പാട്ടിനുപോയി.

ചാരക്കണ്ണുകളിൽ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനു പകരം അവയുടെ ‘ശ്രദ്ധ’ പിടിച്ചു പറ്റാനായിരുന്നു അടുത്ത ശ്രമം. അതിനായി ഷാഫ്റ്റിനു കുഴിയെടുക്കുന്ന ഒന്നാം പ്രദേശത്തിനു ചുറ്റും ടെന്റുകൾ കെട്ടി. ‘വാട്ടർ പൊസിഷൻ’ എന്നൊരു ബോർഡും വച്ചു. വെള്ളം കുഴിച്ചെടുക്കാനുള്ള ഇടമെന്ന വ്യാജേനയായിരുന്നു അത്. രണ്ടാമത്തെ ഷാഫ്റ്റിനു ചുറ്റും അൻപതോളം ബുൾഡോസറുകൾ ചുമ്മാ നിരത്തിയിട്ടു. ഒപ്പം ഒരു സൈൻ ബോർഡും – ‘ഡോസർ കേഡർ ട്രെയിനിങ്’. ഏതാനും നാളത്തേക്ക് ഇതു തുടർന്നു. ഇന്ത്യൻ ഇന്റലിജൻസ് എജൻസികളുടെ പ്രതികരണത്തിനു വേണ്ടി സൈന്യം കാത്തു നിന്നു. ഒരു രാജ്യത്തു നിന്നും ‘പേടിക്കേണ്ടതായ’ യാതൊരു സൂചനയും ലഭിച്ചില്ല. അതോടെ തന്ത്രം ഫലിച്ചെന്നു വ്യക്തമായി.

കാറ്റിന് പോലും പിടികൊടുക്കാതെ

മുൻപ് ഇന്ത്യ നടത്തിയ പൊഖ്റാനിലെ ചെറുപരീക്ഷണത്തിന്റെ വിവരം യുഎസ് സാറ്റലൈറ്റുകൾ എങ്ങനെ പിടിച്ചെടുത്തെന്നും അതിനോടകം സൈന്യം മനസ്സിലാക്കിയിരുന്നു. കാറ്റിന് അനുസരിച്ചു മണൽക്കുന്നുകളുടെ രൂപം ശ്രദ്ധിച്ചായിരുന്നു അത്. കാറ്റ് വീശുന്ന ദിശ കേന്ദ്രീകരിച്ച് പുതിയ കുന്നുകൾ അടിയ്ക്കടി രൂപപ്പെടുന്നുണ്ട്. എന്നാൽ ഷാഫ്റ്റിൽ ന്യൂക്ലിയർ ഡിവൈസ് ഇറക്കി മൂടാനായി പരിസരത്തു നിന്നു മണ്ണു കൊണ്ടു വരുമ്പോൾ ഈ കുന്നുകളുടെ സ്ഥാനം നോക്കി എന്താണ് അവിടെ നടക്കുന്നതെന്ന് എളുപ്പം തിരിച്ചറിയാനാകും.

മണൽക്കൂനകളുടെ ‘പൊസിഷനിൽ’ വരുന്ന അസാധാരണ മാറ്റമാണ് സാറ്റലൈറ്റ് കണ്ണുകളെ സംശയാലുവാക്കുന്നത്. എന്നാൽ 1998 ൽ കളി മാറി. മണ്ണ് ഷാഫ്റ്റിലേക്ക് മാറ്റിയപ്പോഴെല്ലാം കാറ്റിന്റെ ഗതിയും ഇന്ത്യൻ സൈന്യം പരിശോധിച്ചു. അതിനനുസരിച്ച് കാറ്റിന്റെ അതേ ദിശയിൽ മണൽക്കുന്നുകൾ കൃത്രിമമായി ഉറപ്പാക്കുകയും ചെയ്തു. അണ്വായുധ പരീക്ഷണം നടത്തുന്നതിനു മുൻപ് മാസങ്ങളോളം ഈ പരീക്ഷണം നടത്തി. സിഐഎയ്ക്കും സാറ്റലൈറ്റുകൾക്കും യാതൊരു സംശയവുമില്ലാതെ എളുപ്പത്തില്‍ ആ കടമ്പയും സൈന്യം കടന്നു.

കൂടെ നിന്ന ‘ഖേതോലൈ’ ഗ്രാമം
അങ്ങനെ 1998 മേയ് 11 എന്ന ദിവസമെത്തി. പൊഖ്റാനിലെ പരീക്ഷണ സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്ററുകൾ മാറി ഒരു കൊച്ചുഗ്രാമമുണ്ട്–ഖേതോലൈ. ആയിരത്തോളം പേർ മാത്രമാണ് വരണ്ടു പൊടിപിടിച്ച ഈ ഗ്രാമത്തിലെ താമസക്കാർ. 1974 ലെ അണുസ്ഫോടനത്തിന്റെ പ്രകമ്പനം ഇന്നും അവിടത്തെ പഴമക്കാരുടെ നെഞ്ചിടിപ്പായുണ്ട്. അന്നു കെട്ടിടങ്ങള്‍ വരെ കുലുങ്ങി വിറച്ചതാണ്. പല വീടുകളിലും ഇന്നുമുണ്ട് ആ സ്ഫോടനം തീർത്ത വിള്ളലുകൾ. 1974 ൽ 15 വയസു മാത്രമായിരുന്ന സോഹൻ റാം 1998 ലെ പരീക്ഷണവേളയിൽ അവിടത്തെ ഒരേയൊരു സ്കൂളിലെ പ്രിൻസിപ്പലാണ്. അദ്ദേഹത്തോട് മേയ് 11 നു രാവിലെത്തന്നെ സൈന്യമെത്തി പറഞ്ഞു – ‘ഇന്നുച്ചയ്ക്ക് മൂന്നു മണിക്കു ശേഷം കുട്ടികളെ ഏതാനും മണിക്കൂർ നേരത്തേക്കു സ്കൂളിനു പുറത്തിറക്കി നിർത്തണം…’

ഏതാനും ദിവസങ്ങളായി പൊഖ്റാനിൽ അസാധാരണമായ പല നീക്കങ്ങൾ നടക്കുന്നതും ഒട്ടേറെ പേർ വന്നുപോകുന്നതും സോഹൻ റാം ശ്രദ്ധിച്ചിരുന്നതാണ്. പക്ഷേ എന്താണു സംഭവമെന്നു പോലും അദ്ദേഹം തിരികെ സൈനികരോടു ചോദിച്ചില്ല. പകരം ഒന്നുമാത്രം പറഞ്ഞു – ‘പേടിക്കേണ്ട, ഞങ്ങൾക്കറിയാം നിങ്ങൾ വീണ്ടുമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന്. ഞങ്ങളെല്ലാവരുമുണ്ട് നിങ്ങൾക്കൊപ്പം…’ പിന്നെ പൊഖ്റാനില്‍ നാം കണ്ടത് ചരിത്രത്താളുകളിൽ പ്രകമ്പനത്തിന്റെ അലയൊലി അടങ്ങാത്ത ഒരു ഇന്ത്യന്‍ അധ്യായമായിരുന്നു!

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, റേസ് കോഴ്‌സിലേക്കു താമസം മാറ്റിയ ദിവസംതന്നെയായിരുന്നു ഇന്ത്യയുടെ അഭിമാനമുയർത്തിയ അണുപരീക്ഷണം. ബുദ്ധപൂർണിമ ദിനത്തിലായിരുന്നു 1974 ൽ ‘ബുദ്ധന്റെ ചിരി’ എന്ന കോഡ് പേരു നൽകിയ ആദ്യ അണുപരീക്ഷണം. 24 വർഷത്തിനു ശേഷം മറ്റൊരു ബുദ്ധപൂർണിമയിൽ നടത്തിയതിനാലാണു രണ്ടാം അണുപരീക്ഷണം ‘ബുദ്ധൻ വീണ്ടും ചിരിക്കുന്നു’ എന്നു വിശേഷിപ്പിക്കപ്പെടാൻ ഇടയാക്കിയത്…!!!

Related posts

ചാലക്കുടിപ്പുഴ ഒഴുകുന്നത് ചങ്ങാതി കൂട്ടിനില്ലാതെ..

SURYA Rajiv

മലയാത്ര ഒരു അനുഭവമാണ്….

SURYA Rajiv

സ്വർഗ്ഗം ഒരു മോശപ്പെട്ട സ്ഥലമാണോ ? സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

Leave a Comment