Articles

നന്മയുടെ ദീപപ്രഭയിൽ ഇന്ന് തൃക്കാർത്തിക

banner

വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. ലക്ഷ്മീ ദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. ഐശ്വര്യമൂർത്തികളായ ലക്ഷ്മീ ഭഗവതിയുടെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമാണ്. കാർത്ത്യായനി ദേവിയുടെ തിരുനാളു കൂടിയായ ഈ ദിവസം ദേവീപ്രീതി ലഭിച്ചാൽ രോഗദുരിതങ്ങളും സങ്കടങ്ങളും അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. അതിലളിതമായി ദേവീപ്രീതി നേടാനുള്ള മാർഗ്ഗമാണ് തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് വീട്ടിലും പരിസരത്തും ദീപം തെളിച്ച് പ്രാർത്ഥിക്കുക. നിലവിളക്കിലോ മൺചൊരാതിലോ നല്ലെണ്ണ ഒഴിച്ചാണ് ദീപം തെളിക്കേണ്ടത്. നെയ്‌വിളക്ക് തെളിയിക്കുന്നതും ഐശ്വര്യമാണ്.
ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സ്ഥലത്ത് വേണം വിളക്ക് തെളിക്കാൻ. ചെരാത് അരയാൽ ഇലയിൽ വച്ച് തെളിയിക്കുന്നതാണ് ഉത്തമം. എണ്ണയോ നെയ്യോ ഒഴിച്ച് വേണം കാർത്തിക വിളക്ക് കൊളുത്താൻ. ഈ ദിവസം സന്ധ്യക്ക് ഉമ്മറപ്പടിക്കൽ കോലം വരച്ച് വിളക്ക് തെളിച്ചാൽ സഹോദരന് ശക്തിയും ക്ഷേമവും പ്രശസ്തിയും മാതൃഗൃഹത്തിൽ ഐശ്വര്യവും ഉണ്ടാകും.
തെങ്ങും പ്ളാവും അടുത്തടുത്ത് നില്‍ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്‍, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.

കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്. വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങഉം ഉണ്ട്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് .

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടത് തുളസി കൊണ്ടുള്ള പൂജയാണ്. തുളസിയുടെ അവതാരം തൃക്കാർത്തികയിലായിരുന്ന്.താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ നിഗ്രഹിച്ച് വരുന്ന ശ്രീ പരമേശ്വരന് ദേവി ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതിനാലാണ് തൃക്കാർത്തിക ദിവസം ദീപോത്സവമായി ആചരിക്കുന്നതത്രേ.

ശിവപുത്രനായി അവതരിച്ച ശ്രീ സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാദേവിമാരായിരുന്നു ആയതു കൊണ്ട് തൃക്കാർത്തിക ദിവസം ദീപം തെളിയിച്ചാൽ മഹാലക്ഷ്മിയുടെയും, ശ്രീ സുബ്രഹ്മണ്യന്റെയും, ശ്രീ പരമേശ്വരനെയും, ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

കേരളത്തിലെ മിക്ക ദേവിക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്.
കുമാരനല്ലൂർ കാർത്യായനീ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ,ചക്കുളം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്. ചോറ്റാനിക്കര അമ്മയുടെ പിറന്നാളാണിന്ന്.

കുടുംബത്തിൻറ്റെ ഐശ്വരത്തിന് ഏറെ പ്രധാനമാണ് തൃക്കാർത്തി വ്രതം മൂന്ന് ദിവസം ശരീര മന ശുദ്ധിയോടെ ചിട്ടകളാടെ വ്രതം നോറ്റാൽ ഫലസിദ്ധി ഉണ്ടാകും. കുടുംബത്തിൽ ഒത്തൊരുമയുണ്ടാകാൻ, ദുരിതങ്ങൾമാറാൻ, കാര്യതടസം നീങ്ങാൻ തുടങ്ങി വിവിധ ഉദ്ദേശ്യങ്ങൾ ഈ വ്രതം കൊണ്ടുണ്ട്.

Related posts

മരണാനന്തര ജീവിതം ;സത്യവും മിഥ്യയും

SURYA Rajiv

ചിലവില്ലാതെ എങ്ങിനെ ഒരു സി സി ടി വി ഉണ്ടാക്കാം

SURYA Rajiv

ജ്യോതിഷവും ദിനചര്യയും

admin

Leave a Comment