Articles

പാഴൂർ പടിപ്പുര ;ജ്യോതിഷത്തിന്റെ പെരുംതൃക്കോവിൽ

banner

പ്രശസ്ത ജ്യോത്സ്യന്മാരായ പാഴൂർ കണിയാന്മാരുടെ ആസ്ഥാനമാണ്‌ പാഴൂർ. എറണാകുളത്തു നിന്ന്‌ 33 കിലോമീറ്റർ തെക്കുകിഴക്കു മാറിയാണ്‌ ഈ സ്ഥലം. പിറവം മുനിസിപ്പാലിറ്റിയിലാണിത്‌. ‘പാഴൂർ പടിപ്പുര’ പണ്ടുമുതൽ തന്നെ വളരെ വിഖ്യാതമാണ്‌. ഇതിനടുത്തുള്ള പെരുംതൃക്കോവിൽ ക്ഷേത്രത്തിനുമുണ്ട്‌ 1800 വർഷത്തെ പഴക്കം.

മൂന്നു പടിപ്പുരകൾ ചേർന്നതാണു പാഴൂർ പടിപ്പുര. കിഴക്കേ പടിപ്പുരയിൽ ബുധ–ശുക്രന്മാരുടെ പ്രതിഷ്ഠയാണ്. പടിഞ്ഞാറ്റ് തലക്കുളത്തൂർ ഭട്ടതിരിയുടെ സമാധി. മധ്യഭാഗത്തുളള പടിപ്പുരയിലാണ് യാഗവും മറ്റു കർമങ്ങളുമൊക്കെ നടക്കുന്നത്.

ജ്യോതിഷത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു മലബാറുകാരനായ തലക്കുളത്തൂർ ഗോവിന്ദൻ ഭട്ടതിരിക്ക്. സ്വന്തം ജാതകത്തിൽ ഭ്രഷ്ട് കണ്ട അദ്ദേഹം ദേശാടനത്തിനിറങ്ങി. അങ്ങനെ പ്രമുഖ തീർഥാടനകേന്ദ്രങ്ങൾ കയറിയിറങ്ങി അദ്ദേഹം പിറവത്തിന് അടുത്തുളള പാഴൂർ പെരും തൃക്കോവിലപ്പന്റെ തിരുനടയിലെത്തി. ഭ്രഷ്ട് കാലം കഴിയുന്നതു വരെ അവിടെ കഴിയുകയായിരുന്നു ലക്ഷ്യം. ഭ്രഷ്ട്നാൾ അദ്ദേഹം ഗണിച്ചറിഞ്ഞിരുന്നു. ആ ദിവസം മുഴുവൻ പാഴൂർ പുഴയിൽ ഒറ്റയ്ക്കു കഴിയാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ ഒരു വഞ്ചിയുമായി അദ്ദേഹം പുഴയിലേക്കിറങ്ങി. രാത്രിയായപ്പോൾ പേമാരി പെയ്തു. കൊടുങ്കാറ്റടിച്ചു. വളളം തകർന്ന് ഭട്ടതിരി ഒരു വിധം കരയ്ക്കണഞ്ഞു.

ക്ഷീണിച്ച് അവശനായ അദ്ദേഹം മിന്നൽ പ്രകാശത്തിൽ ഒരു കുളിപ്പുര കണ്ടു. ഒരു ബ്രാഹ്മണഗൃഹത്തിന്റെ സർവലക്ഷണങ്ങളും തികഞ്ഞ ആ സ്ഥലം കണ്ടതോടെ അവിടെ തനിക്ക് ഭ്രഷ്ട് സംഭവിക്കില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവിടെ ഒരു പായ വിരിച്ചു കിടന്നുറങ്ങി. രാവേറെ ചെന്നപ്പോൾ പടിപ്പുരയിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. കുളപ്പുരയിൽ ഉറങ്ങുന്നത് തന്റെ ഭർത്താവാണെന്നു കരുതി ഭട്ടതിരിപ്പാടിനോടൊപ്പം സഹശയനം നടത്തി.

വിധി പ്രകാരം സംഭവിക്കേണ്ടത് അതു പോലെ സംഭവിച്ച് ഭ്രഷ്ടനായ ഭട്ടതിരി, ആ സ്ത്രീയിൽ തനിക്കൊരു മകൻ ജനിക്കുമെന്ന് ദീർഘദർശനം നടത്തി. മുല്ലശ്ശേരി ഇല്ലത്ത് താമസിച്ചു വന്ന ഗണകന്റെ ഭാര്യയായിരുന്നു അവർ. വീണ്ടും ദേശാടനത്തിനിറങ്ങിയ ഭട്ടതിരി പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം താൻ തിരിച്ചു വരുമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്തു.

ഭട്ടതിരി പ്രവചിച്ചതു പോലെ കണിയാട്ടിക്ക് ഒരു ആൺകുഞ്ഞു പിറന്നു. ഗണിതത്തിലും സംസ്കൃതത്തിലും ജ്യോതിഷത്തിലും അതി വിദഗ്ധനായിരുന്നു ആ കുട്ടി. പന്ത്രണ്ടു വർഷത്തിനു ശേഷം ഭട്ടതിരി തിരിച്ചു വന്ന് ആ കുട്ടിയെ ജ്യോതിഷവും ഗണിതവും പഠിപ്പിച്ചു. പാഴൂർ പടിപ്പുരയിലെ ആദ്യ ജ്യോത്സനായി മാറിയത് ആ കുട്ടിയാണ്..

തലക്കുളത്തൂർ ഭട്ടതിരിയും മുല്ലശ്ശേരി ഇല്ലത്ത് മകനോടൊപ്പം തന്നെ താമസിച്ചു. വാർധക്യത്തിൽ തനിക്ക് വരിക്കപ്ലാവിന്റെ തടി കൊണ്ട് സമാധിയുണ്ടാക്കണമെന്നും തന്റെ സമാധിപ്പുരയുടെ തലയ്ക്കലിരുന്ന് ഫലം പറഞ്ഞാൽ അതു പോലെ സംഭവിക്കുമെന്നും മകനോടു പറഞ്ഞിരുന്നു. അങ്ങനെ ഭട്ടതിരി സമാധിയുടെ തലയ്ക്കലിരുന്നാണ് പാഴൂർ കണിയാന്മാർ തലമുറകളായി പ്രശ്നം വയ്ക്കുന്നത്. വാമൊഴിയിൽ പറഞ്ഞു പോകുന്ന സാങ്കൽപ്പിക കഥകൾ മാത്രമല്ല ഇവിടെ. ഓരോ മിത്തിനും ഉപോത്ബലകമായ തെളിവുകളുമുണ്ട്. പത്തൊമ്പതു തലമുറയുടെ ചിതാഭസ്മം അടുക്കിവച്ച് വിളക്കു തെളിക്കുന്നു. തലക്കുളത്തൂർ ഭട്ടതിരിയുടെ സമാധി, മൂന്നു പടിപ്പുരകൾ, പാഴൂർ പുഴയുടെ വളവ്, ബുധ–ശുക്രന്മാരുടെ സാമീപ്യം…..അങ്ങനെ കാലം സൂക്ഷിക്കുന്ന ശേഷിപ്പുകൾ ഏറെയാണ് ..

‘ഐതിഹ്യമാല’യിൽ പാഴൂരിനെപ്പറ്റിയും ‘പാഴൂർ കാണിയാന്മാരെ’പ്പറ്റിയും പരാമർശിക്കുന്നുണ്ട്‌. പണ്ടിവിടെ ‘പാഴൂർ മന’ എന്നൊരു നമ്പൂതിരി ഇല്ലം ഉണ്ടായിരുന്നുവത്രെ. പിന്നീട്‌ ക്ഷയിച്ചുപോയെങ്കിലും ആദ്യകാലത്ത്‌ ഇവർക്ക്‌ വളരെയധികം ഭൂസ്വത്തുണ്ടായിരുന്നു. ഈ മനയിൽ നിന്നുതന്നെയായിരിക്കണം ‘പാഴൂർ’ എന്ന സ്ഥലപ്പേര്‌ ഉണ്ടായതും.

പാഴൂർപ്പുഴ ദിശ മാറി ഒഴുകുന്നത് ഇവിടെ പ്രത്യക്ഷത്തിൽ കാണുന്ന ഒരു അദ്ഭുതമാണ്. തെക്കോട്ട് ഒഴുകേണ്ടിയിരുന്ന പുഴയാണ് കിഴക്കോട്ടു മാറി പാഴൂർ പടിപ്പുര ചുറ്റി വീണ്ടും തെക്കോട്ട് ഒഴുകുന്നത്. പാഴൂരിന്റെ പത്തു ഭാഗ്യങ്ങളിൽ ഒന്നായിട്ടാണ് പുഴയുടെ ഈ ദിശാമാറ്റം കണക്കാക്കുന്നത്. പുഴ കുറുകേ കടന്നായിരുന്നു പണ്ട് പടിപ്പുരയിലെത്തേണ്ടിയിരുന്നത്. ചുറ്റും കാടായിരുന്നു. ഇപ്പോൾ റോഡുണ്ട്. ഇടുക്കി ഡാം വരും മുമ്പ് ആറ്റിന്റെ ഇരുകരകളിലും വിശാലമായ മണൽപ്പരപ്പുണ്ടായിരുന്നു. ഇപ്പോൾ കര നിറഞ്ഞ് ഒഴുകുകയാണ് പുഴ.

ജന്മാന്തരങ്ങളിലൂടെ കൈമാറിക്കിട്ടിയ വരദാനം പിൻതലമുറകളെ സാക്ഷി നിർത്തി കുടുംബ പരദേവതയ്‌ക്കുമുന്നിൽ വച്ച്‌ ജനസമൂഹത്തിന്‌ പകർന്നുകൊണ്ട്‌ ഇന്നും പാഴൂർ കണിയാന്മാർ സപര്യ തുടരുന്നു.

Related posts

കൊറോണ വൈറസ്‌നെ സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ്‌ ശ്രദ്ധിക്കുക.

SURYA Rajiv

പതിതരുടെ ജിഹ്വ;പണ്ഡിറ്റ് കറുപ്പനെ ഓർക്കുമ്പോൾ …..

Sanoj Nair

കിഴക്കുണരും കന്യാകുമാരി

SURYA Rajiv

Leave a Comment