Articles

വെറുമൊരു ചിത്രത്തിലൂടെ ജീവിച്ച കഥാപാത്രം

banner

മലയാളസിനിമാസ്വാദകരുടെ മനസ്സിന്റെ തെക്കിനി കോണിൽ നാഗവല്ലിയെ മണിച്ചിത്രത്താഴിട്ടു പൂട്ടിയിട്ട് ഈ ക്രിസ്മസ് കാലത്തു 26 വർഷം പൂർത്തിയാവുകയാണ് .ഒരുപക്ഷെ മലയാളസിനിമാലോകം ഇത്രത്തോളം ചർച്ചചെയ്ത മറ്റൊരു സിനിമ തന്നെ ഉണ്ടോ എന്നറിയില്ല .അത്രമേൽ പ്രിയങ്കരമാണ് ഓരോ മലയാളിക്കും “മണിച്ചിത്രത്താഴും ” അതിലെ കേന്ദ്രകഥാപാത്രമായ “നാഗവല്ലി”യും …സിനിമയോടൊപ്പം അതിലെ കഥാപാത്രത്തിന് കിട്ടിയ ജനകീയതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നത് അനശ്വരമായ നാഗവല്ലി എന്ന ആ പാത്രസൃഷ്ടി തന്നെയാണ് .ഒരുപക്ഷെ മാറാലപിടിച്ച ഒരു എണ്ണച്ഛായാ ചിത്രത്തിലൂടെ മാത്രം ഒരു സിനിമയുടെ കേന്ദ്ര കഥാപാത്രമായി മാറിയ വ്യക്തിയും നാഗവല്ലി മാത്രമായിരിക്കാം .

മണിച്ചിത്രത്താഴിന്റെ പോസ്റ്റർ

വർഷങ്ങൾക്കു മുൻപ് ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങരയ്ക്കടുത്തുള്ള ആലുംമൂട് മേടയിൽ അരങ്ങേറിയ ചില സംഭവങ്ങളെ കോർത്തിണക്കി മധുമുട്ടം തിരഭാഷ്യം ചമച്ചപ്പോൾ ഫാസിലാണ് അതിനെ അഭ്രപാളികളിലെ വിസ്മയമാക്കിമാറ്റിയത് .എന്നാൽ ഇരുവർക്കുമിടയിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു തെക്കിനിയിലെ ചുമര്ചിത്രമായി അവശേഷിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നാഗവല്ലിയുടെ രൂപസൃഷ്ടി .

ആലുമ്മൂട് മേടയും നാഗവല്ലിയും

തഞ്ചാവൂരിൽ നിന്നും വർഷങ്ങൾക്കുമുൻപ് കൊണ്ട് വന്ന ആ സദിർ നർത്തകിയുടെ രൂപം എങ്ങനെ ആയിരിക്കണം ?.ആ രൂപത്തിലൂടെ വേണം ചിത്രത്തിന്റെ കഥ മുന്നോട്ടുകൊണ്ടു പോകാൻ .അങ്ങനെ സംവിധായകനും തിരക്കഥാകൃത്തും നാഗവല്ലിയുടെ രൂപം തേടി പലയിടത്തും അലഞ്ഞു.ചിത്രത്തിന്റെ ആര്ട്ട് ഡയറ്കടർ മണി സുചിത്രയുമായും ഈ വിഷയം ചർച്ച ചെയ്തു.അപ്പോഴാണ് മണിസുചിത്ര ആർട്ടിസ്റ്റായ തന്റെ ഭാര്യാപിതാവ് ആർ മാധവനെ ഫാസിലിന് പരിചയപ്പെടുത്തുന്നത് .തുടർന്ന് നടന്ന ചർച്ചയിൽ എങ്ങനെയായിരിക്കണം നാഗവല്ലി എന്ന് ഫാസിലും മധുമുട്ടവും ആർ മാധവനുമായി ചർച്ചചെയ്തു .വിരുന്നിനു നാട്ടിലെത്തുന്ന ഗംഗ എന്ന പെൺകുട്ടിയിൽ ഒരു തരം തൻമയീ ഭാവം ജനിപ്പിക്കാൻ കഴിവുള്ള ,എന്നാൽ ഏറെ പഴക്കം തോന്നിക്കുന്ന ഒരു എണ്ണഛായാ ചിത്രം .ഈ ഒരു ത്രെഡ് മനസ്സിൽ വച്ച് കൊണ്ട് ആർട്ടിസ്റ്റ് മാധവൻ ക്യാൻവാസിൽ വിരലുകൾ ചലിപ്പിച്ചു.രണ്ടാഴ്ചകൊണ്ട് ചിത്രം റെഡി .

നാഗവല്ലിയുടെ തന്മയി ഭാവം ആവാഹിക്കുന്ന ഗംഗ

ചിത്രം കണ്ട മാത്രയിൽ തന്നെ സംവിധായകനും തിരക്കഥാകൃത്തിനും മനംനിറഞ്ഞു .ഇതാണ് ചിത്രപൂട്ടു തുറന്ന ഗംഗ തെക്കിനിയിൽ കണ്ട ആ തമിഴത്തിയുടെ ചിത്രം .അതിലൂടെ കോടാനുകോടി പ്രേക്ഷകരുടെ മനസ്സിലേക്കും നാഗവല്ലി ചിരപ്രതിഷ്ഠ നേടി .മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക് ഹിറ്റുകളിൽ ഒന്നായ “മണിച്ചിത്രത്താഴ് ” ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു .26 വർഷങ്ങൾക്കിപ്പുറം ഇന്നും ഓരോ മലയാളിയുടെയും മനസ്സിലുണ്ട് മണിച്ചിത്രത്താഴും നിലവറയ്ക്കുള്ളിലെ നാഗവല്ലി എന്ന ആ സദിർ നർത്തകിയും …

Related posts

പൂവിളി ഉയരുന്ന തോവാള

Sanoj Nair

ആശാന്റെ ദുരവസ്ഥയും മനുഷ്യന്റെ ദുർഘടാവസ്ഥയും

admin

ശിവപ്രീതിക്ക് സോമ പ്രദോഷ വ്രതം

SURYA Rajiv

Leave a Comment