Articles Featured spiritual
banner

പാലക്കാട്‌ ജില്ലയിലെ കോങ്ങാട്‌ പഞ്ചായത്തിൽ തൃപ്പലമുണ്ട എന്ന മനോഹരമായ ഗ്രാമത്തിലാണ്‌ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വള്ളുവനാടിന്റെ സകലഭംഗിയും, നന്മയും ഉൾകൊള്ളുന്ന ഈ ഗ്രാമത്തിന്റെ അധിപനാണ്‌ തൃപ്പലമുണ്ട തേവർ.

സ്വയംഭൂവായ ,പാർവ്വതിസമേതനായ പരമേശ്വരനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ചെമ്പ്‌ പൊതിഞ്ഞ ശ്രീകോവിലിൽ പടിഞ്ഞാട്ട്മുഖമായി തേവർ കുടികൊള്ളു ന്നു. .ശ്രീകോവിലിൽ ഗംഗാതീർത്ഥ സാന്നിധ്യമുണ്ട്‌.ഉപദേവന്മാരായി ഒക്കത്ത്‌ ഗണപതിയും, അയ്യപ്പസ്വാമിയും, നവഗ്രഹങ്ങളും, നാഗദേവതകളും ,മുഖമണ്ഡപത്തിൽ നന്ദികേശ്വരനും ഉണ്ട്‌ . തൃപ്പലമുണ്ട ശ്രീകുറുംബ ഭഗവതിയുടെ നോട്ടവും ക്ഷേത്രത്തിലേക്ക്‌ ഉള്ളതിനാൽ ഇവിടെ തൊഴാൻ വരുന്ന ഭക്ത ജനങ്ങൾ കുറുംബ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദിക്കിലേക്ക്‌ നോക്കി തൊഴുന്നതാണ്‌.മാങ്കുളം മനയ്ക്കലെ ഒരു നമ്പൂതിരി തേവരെ ഭജിച്ച്‌ ദേവനിൽ ലയിച്ചതിനാൽ ആ രക്ഷസ്സിന്റെ സാന്നിധ്യവും ഇവിടെ ഉണ്ട്.ഒരു കാലത്ത്‌ നടുവിൽ മഠം മൂപ്പിൽ സ്വാമിയാരുടെ കീഴിലായിരുന്നു ഈ ക്ഷേത്രം . ഇപ്പോൾ മലബാർ ദേവസ്വത്തിന്റെ കീഴിൽ ഉള്ള ക്ഷേത്രത്തിന്റെ കാര്യങ്ങൾ നടത്തിപോരുന്നത്‌ ട്രസ്റ്റി ബോർഡിന്റെ കീഴിലാണ്‌ . ശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിയാണ്‌ ഇവിടുത്തെ തന്ത്രി . മേൽശാന്തി ശ്രീ ജനാർദ്ദനൻ എമ്പ്രാന്തിരിയും .

വള്ളുവനാട്ടിലെ തന്നെയുള്ള ശിവക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ്‌ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രം . നാലുഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ട പാടത്ത്‌ പുല്ലരിയാൻ ഒരു സ്ത്രീ ചെല്ലുകയും, കയ്യിൽ ഉള്ള അരിവാളിന്‌ മൂർച്ചകൂട്ടാൻ കല്ലിൽ ഉരച്ചപ്പോൾ കല്ലിൽ നിന്ന് ചോര ഒഴുകി വരികയും ചെയ്തു എന്നും ,ശിലയിലെ രക്തം കണ്ട്‌ ആ സ്ത്രീ തുപ്പിയപ്പോൾ ആ കല്ലിൽ നിന്നും ആ തുപ്പല്ലെ മുണ്ടെ എന്ന് അശരീരി വരികയും, ആ സ്ത്രീ പേടിച്ച്‌ ഓടിയ സ്ഥലമെല്ലാം തുപ്പല്ലമുണ്ടയായും പിന്നീട്‌ കാലക്രമേണ തൃപ്പലമുണ്ടയായി മാറി എന്നും പറയപ്പെടുന്നു. ചോര വന്ന കല്ലിൽ ശിവചൈതന്യം തിരിച്ചറിഞ്ഞതിൻ പ്രകാരം, അവിടെ തന്നെ ക്ഷേത്രം നിർമ്മിച്ചു എന്നും പറയപ്പെടുന്നു. ഇന്നും ഈ ഐതിഹ്യത്തിന്‌ ശക്തിപകരുന്ന പോലെ പാടത്ത്‌ തന്നെയാണ്‌ ക്ഷേത്രം നില നിൽക്കുന്നത്‌ . ശ്രീകോവിൽ ഇപ്പോഴും ജലസാന്നിധ്യവും കാണാം പാടത്തെ പോലെ. ചരിത്രകാരനായ ശ്രീ ബാലഗംഗാധാരൻ മാഷിന്റെ അഭിപ്രായത്തിൽ തിരു അപ്പിലാണ്ടവൻ അതായത്‌ ജലസമാധിയിൽ വിരാജിക്കുന്നവൻ എന്ന വാക്കാണ്‌ പിന്നീട്‌ തൃപ്പലമുണ്ട മഹാദേവനായി മാറിയതെന്ന് പറയപ്പെടുന്നു. അ ഒരു അർത്ഥത്തിനും പ്രാധാന്യം ഉണ്ട്‌ . ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ ജലസാന്നിധ്യം ഉണ്ട്‌. അത്‌ കൂടാതെ ശ്രീകോവിലിന്റെ കന്നിമൂലയിൽ ഏത്‌ കാലത്തും വെള്ളം വറ്റാത്ത , കൈകൊണ്ട്‌ വെള്ളം കോരാവുന്ന മണിക്കിണർ ഉണ്ട്‌ . നേദ്യം വയ്ക്കാൻ എല്ലാം വെള്ളം ഇവിടുന്നാണ്‌ കോരുക.അത്‌ പോലെ നാലമ്പലത്തിന്‌ പുറത്തുള്ള തീർത്ഥച്ചാലിൽ ഏത്കാലത്തും വെള്ളം ഒഴുകികൊണ്ടെ ഇരിക്കും. അത്‌ കൂടാതെ ക്ഷേത്രത്തിന്റെ തെക്ക്‌ ഭാഗത്ത്‌ തീർത്ഥ കുളവും, കിഴക്ക്‌ ഭാഗത്ത്‌ പാലക്കുളവും, വടക്ക്‌ ഭാഗത്ത്‌ വലിയ കുളം എന്ന പേരിലും മൂന്ന് കുളം ഉണ്ട്‌. തീർത്ഥകുളം അഗ്രശാലയുടെ ആവശ്യങ്ങൾക്കായും, പാലക്കുളം തന്ത്രിമാർക്ക്‌ ഉപയോഗിക്കാനായും , വലിയകുളം പൊതുജനങ്ങൾക്കായും ഉള്ളതാണ്.

ഒരു കാലത്ത്‌ നടുവിൽ മഠം മൂപ്പിൽ സ്വാമിയാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം .മൂപ്പിൽസ്വാമിയാർമാർ വന്നാൽ താമസം പാലക്കുളത്തിന്‌ മുകളിലുള്ള മഠത്തിലായിരുന്നു. ചാതുർമ്മാസ്യ കാലങ്ങളിൽ മൂപ്പിൽ സ്വാമിയാർ മഠം വക ഏതെങ്കിലും ക്ഷേത്രത്തിൽ തങ്ങുക എന്നൊരു പതിവുണ്ട്‌. കർക്കിടകം മുതൽ തുലാമാസം വരെയുള്ള കാലമാണത്‌. അങ്ങനെയുള്ള സമയങ്ങളിലോ, അല്ലാത്ത സമയത്തോ, ഇവിടെ താമസിച്ച്‌ കൊണ്ടിരിക്കുമ്പോൾ സമാധിയായ എട്ടോളം മൂപ്പിൽ സ്വാമിയാർമാരുടെ സമാധിസ്ഥലങ്ങൾ കാണാം നമുക്കിവിടെ. ഈ സ്മൃതിമണ്ഡപങ്ങൾ വൈഷ്ണവമായി ആരാധിച്ചു വരുന്നു. കൂട്ടാല അമ്പലം, തുപ്പനാട്‌ അമ്പലം, മാമ്പുഴ അമ്പലം എന്നീ ക്ഷേത്രങ്ങൾ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്‌ . ഒരു കാലത്ത്‌ മലബാറിൽ ഏറ്റവും അധികം ഭൂസ്വത്ത്‌ ഉണ്ടായിരുന്നു അമ്പലമാണിത്‌. പതിനാറായിരം പറ പാട്ടം ഉണ്ടായിരുന്നു ഒരു കാലത്ത്‌ .

കുംഭമാസത്തിലെ ശിവരാത്രി ആറാം ദിവസമായി ഉത്സവത്തിന്‌ കൊടിയേറുന്നു.പിന്നീട്‌ പള്ളിവേട്ടയും ആറാട്ടും നടക്കുന്നു. ഒരു കാലത്ത്‌ ഈ ഏഴ്‌ ദിവസങ്ങളിലായി നടന്നിരുന്ന കഥകളി കേരളത്തിലങ്ങോളമിങ്ങോളം പ്രസിദ്ധി നേടിയിരുന്നു. കഥകളി ലോകത്തെ ഒരുപാട്‌ ഇതിഹാസങ്ങൾ ഇവിടെ കളിച്ചിട്ടുണ്ട്‌. ഇന്ന് ഉത്സവത്തിന്‌ രണ്ട്‌ ദിവസം കഥകളി നടത്തുന്നുണ്ട്‌. മകരമാസത്തിലെ പുണർ തത്തിന്‌ പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നു. അന്നിവിടെ ഉദയാസ്തമനപൂജയും, കലശാഭിഷേകവും പതിവുണ്ട്‌ .പ്രദോഷം, മുപ്പെട്ട്‌ തിങ്കൾ, തിരുവാതിര, കർക്കിടകമാസ രാമായണമാസാചരണം (കർക്കിടം 15 ദിനങ്ങൾ ഇവിടെ കഞ്ഞിപാർച്ച നടക്കാറുണ്ട് )എന്നിവ പ്രധാനം.ഉദ്ധിഷ്ടകാര്യത്തിന്‌ ശംഖാഭിഷേകം, പിൻ വിളക്ക്‌ , കൂവളമാല, ശ്രീ രുദ്രം ധാര,ചതുശതം എന്നിവ ഭഗവാന്‌ ഇഷ്ട വഴിപാടുകളാണ്‌.സന്താനലബ്ധിക്കായി ഇവിടെ മത്തവിലാസം കൂത്ത്‌ നടത്താറുണ്ട്‌.കന്നിമാസത്തിലെ ആയില്യ മഹോത്സവം , എല്ലാ മുപ്പെട്ട്‌ ശനിയാഴ്ച്ചയും , ഉത്സവത്തിനും നടക്കുന്ന അയ്യപ്പ പൂജ, മീനൂട്ട്‌ എന്നിവയും പ്രധാനം. തിരുവാതിര വാരം ഉണ്ടാവാറുണ്ട്‌.വൃശ്ചിക മാസത്തിൽ ക്ഷേത്രത്തിൽ ശിവപുരാണം ഏകാദശാഹ യഞ്ജവും , കുങ്കുമാർച്ചനയും നടക്കാറുണ്ട്‌.

പഴമയുടെ ഭംഗി ആവോളം ഉള്ളതാണ്‌ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രത്തിലെ വാസ്തു.മനോഹരമായ ശ്രീകോവിലും, കൊടിമരവും ,പഴമ ആവോളം നിറഞ്ഞു നിൽക്കുന്ന ചുറ്റമ്പലവും, ഒറ്റക്കല്ലിൽ തീർത്ത കവാടമുള്ള ഇരുനില ഗോപുരവും, കരിങ്കല്ലാൽ തീർത്ത തിട്ടും, മരത്തിന്റെ തട്ടും,,അഗ്രശാലയും, പത്തായപ്പുരയും കുളപ്പുരയും എല്ലാം നമുക്ക്‌ ഇവിടെ ചെന്നാൽ കാണാം . പടിഞ്ഞാറെ കുന്നിന്മുകളിൽ നിന്ന് പടികൾ ഇറങ്ങി വന്ന് ഗോപുരം കടന്ന് തേവരെ തൊഴാൻ വരുമ്പോഴേക്കും മനസ്സിൽ ഒരു കുളിർമ്മ തോന്നും നമുക്ക്‌..നാലുഭാഗവും കുന്നുകളാൽ ചുറ്റുമതിൽ തീർക്കപ്പെട്ട , പാടത്തിന്റെ നടുവിൽ ക്ഷേത്രം നിൽക്കുന്ന കാഴ്ച്ച നയനാനന്ദകരമാണ്‌ .പ്രകൃതിദേവതകൾ നൃത്തമാടുന്ന ഭൂമി.

ക്ഷേത്രത്തിലേക്ക്‌ പോകുവാൻ ഉള്ള വഴി – പാലക്കാട്‌ നിന്ന് വരുന്നവർ കോങ്ങാട്‌ ചെർപ്പുളശ്ശേരി റോഡിൽ പാറശ്ശേരി നിന്ന് വലത്തോട്ടുള്ള വഴി തിരിഞ്ഞാൽ നേരെ ക്ഷേത്രത്തിലേക്ക്‌ എത്താം. ചെർപ്പുളശ്ശേരി ഭാഗത്ത്‌ നിന്ന് വരുന്നവർ കോങ്ങാട്‌ റോഡിൽ പാറശ്ശേരി നിന്ന് ഇടത്തോട്ട്‌ ഉള്ള വഴി നേരെ ചെന്നാൽ ക്ഷേത്രത്തിലേക്ക്‌ ചെല്ലാം

കടപ്പാട് :വള്ളുവനാടൻ ( സായിനാഥ്‌ മേനോൻ)

Related posts

ലാലാ ലജ്‌പത്‌ റായ്, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്നിജ്വാല..!!

SURYA Rajiv

SURYA Rajiv

മനം കുളിർക്കും പാരീസ് വിസ്മയ കാഴ്ചകൾ

SURYA Rajiv

Leave a Comment