Articles

ഇന്ന് അപാര ഏകാദശി :ഈ വ്രതം നോറ്റാല്‍ അപാര ധനവും കീര്‍ത്തിയും

banner

ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. ഏപ്രിൽ 18 ശനിയാഴ്ച ‘അപര’ ഏകാദശിയാണ്.

ഈ ഏകാദശിയെ ‘അചല’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപര ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്. അപരഎന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർത്ഥമുണ്ട്.

അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു.
ഈ ഏകാദശി നോൽക്കുന്നവർക്ക് കൊടുംപാപങ്ങളിൽ നിന്നു പോലും മോചനം ലഭിക്കുന്നു.

സ്വർണ്ണം, ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു.

ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള
പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്.

ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം
വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്.

ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.

അപര ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെസകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു.

അപര ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും, പുണ്യവും, കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.

ഏകാദശിവ്രതത്തേപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. അതനുഷ്ഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല.
ഏകാദശിവ്രതത്തിന്റെ ഗുണത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും വിശദമാക്കിയിട്ടുണ്ട്.
വ്രതങ്ങളിൽ വച്ച് ഏറ്റും ശ്രേഷ്ഠമായതുകൊണ്ടാണ് ഈ വ്രതം അനുഷ്ഠിക്കാൻ കൂടുതൽ ആളുകൾ തയ്യാറാകുന്നത്.

നാഗങ്ങളിൽ ശേഷനും പക്ഷികളിൽ ഗരുഡനും മനുഷ്യരിൽ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശീവ്രതമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശീവ്രതം തന്നെ.

ഏകാദശേന്ദ്രിയൈഃ പാപം
യത്കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യത്സർവം വിലയം പ്രജേത്

എന്നാണ് ഏകാദശീവ്രതത്തേപ്പറ്റി നാരദപുരാണം ഉദ്‌ഘോഷിക്കുന്നത്. ഇത് കൂടാതെ പത്മപുരാണം, വിഷ്ണുപുരാണം, ഭവി ഷോത്തരപുരാണം, ഭാഗവതം, ഗർഗ്ഗഭാഗവതം, രുഗ്മാങ്കചരിതം, അംബരീക്ഷചരിതം തുടങ്ങിയവയിലൊക്കെ ഏകാദശീവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

ഈ ദിവസങ്ങളിൽ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി.മനസ്സിൽ ഈശ്വരചിന്ത സമ്പൂർണ്ണമായി നിലനിർത്തുകയാണത്രേ യഥാർത്ഥ ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വെറുതെ പട്ടിണിയിരിക്കലല്ല അർത്ഥമാക്കുന്നത്.

മാസത്തിലെ രണ്ട് ഏകാദശീദിവസങ്ങളിലും ഉപവാസവും രണ്ട് ഷഷ്ഠി ദിവസങ്ങളിലും ഒരിക്കലും വേണ്ട പോലെ അനുഷ്ഠിച്ചാൽ മനസ്സ് ശുദ്ധമായി ഈശ്വരനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശിവ്രതം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ ആധുനിക ശാസ്ത്രവും ഒട്ടും തന്നെ കുറച്ചു കാണുന്നില്ല. ദഹനേന്ദ്രിയങ്ങളുടേയും രക്തത്തിന്റേയും ശുദ്ധീകരണത്തിന് ഉപവാസം ഏറെ സഹായിക്കുന്നു എന്നതാണ് ആധുനിക മതം.

അമിതഭക്ഷണം കഴിക്കുന്നവരുടെ വൻ- ചെറുകുടലുകൾ എപ്പോഴും നിറഞ്ഞിരിക്കും. ഉപവാസം കൊണ്ട് അവ പരമാവധി ശുദ്ധീകരിക്കപ്പെടുമെന്നതാണ് വസ്തുത. മാത്രമല്ല, ദഹനേന്ദ്രിയങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും ലഭിക്കും. ഇതു കാരണം രക്തം ശുദ്ധീകരിക്കപ്പെടുമെന്നതിനാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ യൂറിയ, കൊഴുപ്പ്, ലവണങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുമെന്ന് വൈദ്യശാസ്ത്രവും സമ്മതിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഏകാദശി വ്രതം പോലുള്ള വ്രതങ്ങളുടെ ഫലങ്ങൾ അപാരം തന്നെയാണ്.

ഏകാദശീദിവസത്തില്‍ നിത്യഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയോ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്ന പതിവുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഭക്ഷണത്തിലുള്ള ഘടകവസ്തുക്കളുടെ മാറ്റം വളരെ പ്രയോജനപ്പെടുന്നു. നിത്യവും അരിഭക്ഷണം കഴിക്കുന്നവര്‍, ഗോതമ്പിലേക്കും, പുഴക്കലരി ഭക്ഷിക്കുന്നവര്‍ ഉണക്കലരിയിലേക്കും, ഗോതമ്പു ഭക്ഷണം കഴിക്കുന്നവര്‍ ഏതാനും പഴങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഭക്ഷണ ക്രമത്തിലേക്കും മാറുന്നു. ഏകാദശി എന്ന പദം ‘പതിനൊന്ന്’ എന്ന അര്‍ത്ഥം മാത്രമുള്ളതാണ്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളെങ്കിലും ഈ ഭക്ഷണമാറ്റം ഉദ്ദേശിച്ചിട്ടാകാം ഭാരതീയര്‍ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം വരുത്തിയിരിക്കുന്നത്.

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ലൗകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

കൊറോണ ഭീതി പരക്കുന്ന ഈ സമയങ്ങളിൽ നമ്മുടെ മഹർഷീശ്വരന്മാർ പകർന്നുതന്ന ഇത്തരം ആചാരങ്ങൾ പാലിക്കാൻ ശീലിക്കുക.

Kadappad🙏

Related posts

അനശ്വരനാണ് ഈ കര്‍മ്മയോഗി

SURYA Rajiv

കാലാവസ്ഥയുടെ താളം തെറ്റുമ്പോൾ ..

SURYA Rajiv

പ്രകൃതി ആരാധനയുടെ പ്രാധാന്യം സനാതനധർമ്മത്തിൽ….

SURYA Rajiv

Leave a Comment