Articles

ഇത് വിഷുക്കാലം …കാർഷികസംസ്കാരത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിന്റെ കാലം

banner

നാടിന്റെ കാർഷിക സമൃദ്ധിയുടെ അഭിവൃദ്ധിക്കായി നടത്തുന്ന പ്രകൃതിപൂജകളാണ് കേരളീയരുടെ മിക്ക ആഘോഷ വേളകളും. കേരളത്തിന്റെ സംസ്ഥാനോത്സവമായ ഓണം കൊയ്ത്തുത്സവമാണെങ്കിൽ മലയാളക്കരയുടെ പുതുവത്സരോത്സവം ആണ് വേനൽ വിളവെടുപ്പിന്റെയും വിളവിറക്കലിന്റെയും ആഘോഷമായ വിഷു. കവിതയിൽ പറയുന്ന ‘കൊന്നപൂത്ത വഴിയും’,’എള്ള് മൂത്ത വയലും’ കൊണ്ട് വസന്തോത്സവത്തെ പ്രകൃതി വരവേല്ക്കുന്നു. അവിടെ ആഹ്ലാദത്തിന്റെയും, സമതയുടെയും,സർവോപരി സമൃദ്ധിയുടെയും, മേളനമാവുകയാണ്

സമഭാവനയുടെയും ആഹ്ളാദത്തിന്റെയും , സമൃദ്ധിയുടെയും നിറവായി ഒരു വിഷു കൂടി വന്നണയുമ്പോൾ ആ പഴയ കാർഷികസംസ്കാരത്തിന്റെ തിരിച്ചെഴുന്നള്ളത് ഇന്നും ദൃശ്യമാണ് ഈ മലയാളക്കരയിൽ .
പൊള്ളുന്ന മീന വേനലിന്റെ ദയാരഹിത പകലുകൾക്ക് അറുതി. ഋതുഭേദങ്ങളില് പ്രകൃതിയുടെ ആര്ദ്ര താളം. സമൃദ്ധിയുടെ സ്വര്ണ നൂലിഴകൾ പാകി പ്രകൃതി അണിഞ്ഞൊരുങ്ങുകയാണ്. ഐശ്വര്യത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു വിഷുപ്പുലരി കൂടി

വിഷുപ്പുലരിയിൽ കണികണ്ടുണരുന്ന കാഴ്ചയുടെ നിറവ് .അതാണ് വരുന്ന ഒരു വർഷത്തെ മലയാളികളുടെ സമൃദ്ധിയുടെ രാശി .അതുകൊണ്ടു തന്നെ സമ്പൽ സമൃദ്ധമാകണം കണികാഴ്ച എന്നത് ഓരോ മലയാളിക്കും നിർബന്ധമാണ് .ആ കാഴ്ചയുടെ നിറവിൽ ഭഗവാന്റെ തിരുരൂപത്തോടൊപ്പം പ്രധാനമായും നിറയേണ്ടുന്നത് നമ്മുടെ മണ്ണിൽ വിളഞ്ഞ ഫലമൂലാദികൾ തന്നെയാണ്.

കാലം ചമച്ചെടുത്ത വിഷുക്കാഴ്ചകൾക്ക് ഇനിയും ഈ കേരളക്കരയിൽ തെല്ലും മങ്ങലേറ്റിട്ടില്ല …..
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.
കാലാവസ്ഥ നോക്കി ചിട്ടപ്പെടുത്തിയ ഒരു കാർഷിക രീതി നിലനിന്ന നാടായിരുന്നു ഇത് .
ഞാറ്റുവേലയെന്നപേരിൽ ഗണിച്ച് തയ്യാറാക്കിയ കാർഷിക കലണ്ടർ,
ഓരോ പതിമൂന്നര ദിവസത്തെയും കാലാവസ്ഥാവ്യതിയാനവും ഇതിനുസൃതമായി ചെയ്യേണ്ട കൃഷിമുറകളും നിർണ്ണയിച്ചു കൃഷിചെയ്ത് ശീലിച്ചവരാണ് നമ്മുടെ പൂർവ്വികർ.
വിഷുമുതൽ ആരംഭിച്ച് അശ്വതി, ഭരണി, കാർത്തിക ചേർന്ന മേടക്കൂറിൽ കരയിലും പാടത്തും നെൽവിത്തെറിഞ്ഞ് കൃഷി തുടങ്ങുകയും ചെയ്തിരുന്നു. മേടം രണ്ടിന്റെ പ്രഭാതം വിരിയുന്നത് ഏറുകാലികളുടെയും കന്നുപൂട്ടുന്നവരുടെയും ശബ്ദഘോഷങ്ങളോടെയായിരുന്നു.
പുലരാനേഴര രാവുള്ളപ്പോൾ മണ്ണിന്റെ ഹൃദയമിടിപ്പുപോലെ കട്ടയുടയ്ക്കുന്ന ശബ്ദതരംഗം പാടശേഖരങ്ങളുടെ ജീവന്റെ തുടിപ്പായി മുഴങ്ങിക്കൊണ്ടിരുന്നു.
തുടർന്ന് ഞാറ്റുവേലയുടെ ചുവടുപിഴയ്ക്കാതെയുള്ള വിവിധ കൃഷിമുറകൾ.
മകരം 28ന് സന്ധ്യാനേരത്തെ കാറ്റിന്റെ ഗതിവിഗതികൾ നോക്കി കാലവർഷം എന്നുതുടങ്ങുമെന്നവർ കണക്കാക്കിയിരുന്നു .

വിഷുദിവസത്തെ ആഴ്ച നോക്കി ആ വർഷത്തെ മഴയുടെ ലഭ്യത പറക്കണക്കിൽ പ്രവചിച്ചു.
പൂയത്തിൽ മഴ പെയ്താൽ പുല്ലും നെല്ലാകുമെന്നും മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയുമെന്നും കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും ചോറെന്നും അവർ അനുഭവത്തിലൂടെ രേഖപ്പെടുത്തി.
മകയിരത്തിൽ പയറിട്ടാൽ മദിച്ചുവളരുമെന്നും കുംഭച്ചേന കുടത്തോളമെന്നും അവർ കണ്ടറിഞ്ഞു.
തിരുവാതിരയിലെ തിരിമുറിയാത്ത മഴ ഗണിച്ചെടുത്ത് നടീൽ കാലമായി ഒരുക്കുകൂട്ടി.
വിത്തുഗുണം പത്തുഗുണമെന്നും ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴയ്ക്കുമെന്നും വിത്താഴം ചെന്നാൽ പത്തായം നിറയുമെന്നും തിരിച്ചറിഞ്ഞു.

എന്തെല്ലാം കൃഷിയാചാരങ്ങളാണ് നമുക്കു മുന്നിൽ മൺ മറഞ്ഞുപോയത്.
വിഷുച്ചാൽപൂട്ട്, ഇല്ലംനിറ വല്ലം നിറ, പത്താമുദയം, പുത്തരി, ശീവോതി, പോത്തോട്ടം, കാളകളി, കൈക്കോട്ടുചോല, വേല, മരമടി, പൊലി, ഉച്ചാരൽ ഇങ്ങനെപോകുന്നു ആ കൃഷിയാചാരങ്ങളുടെ പട്ടിക.

യഥാർത്ഥത്തിൽ കർഷകന്റെ പുതുവർഷം ആരംഭിക്കുന്നത് മേടം ഒന്നിനാണ്.
അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത് മേടം ഒന്നിനാണ്. ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്പുസ്തത്തിലലൂടെയല്ല കർഷകരുടെ വായ്മൊഴികളിലൂടെയാണ് പ്രചരിച്ചത്.അക്ഷരഭ്യാസം കുറവായ കർഷകന്റെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന രീതിയിൽ പദ്യരൂപത്തിൽ പഴമൊഴികളായി പരമ്പരകളായി പകർന്നു പോന്നു. ചില കാര്യങ്ങൾ പഴംചൊല്ലുകളായി മാറി.

കൃഷിയിൽ നിന്നും അത് ജീവിതത്തിന്റെ മറ്റു പലകോണുകളിലും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘കതിരിൽ വളമിടരുത്, ‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല അങ്ങനെ പലതും.

കുംഭ മീന മാസങ്ങളിൽ ലഭിക്കുന്ന വേനൽ മഴയിൽ ഈർപ്പം നിൽക്കുന്ന പാടങ്ങളിൽ
ഒന്നോ രണ്ടോ ചാലുഴുതുമറിച്ച് പാടത്തെ കട്ട പൊട്ടിച്ച് പൊടിയാക്കിയ ശേഷം പിന്നീട് പൊടിമണ്ണിൽ വിത്ത് വെതയ്ക്കുന്നത് മേടം ഒന്നിനായിരുന്നു. വിരിപ്പ് നെൽവിത്തുകളും മൂപ്പു കൂടിയ മുണ്ടകൻ നെൽവിത്തുകളും വെതച്ചിരുന്നത് അശ്വതിയിലോ ഭരണിയിലോ ആയിരുന്നു. ചിങ്ങത്തിൽ കൊയ്യണമെങ്കിൽ ഭരണിയിൽ വെതക്കണം. കരനെൽകൃഷിക്ക് ഭരണിയാണുത്തമം. “ഭരണിയിലിട്ട നെല്ലിക്കയും ഭരണിയിലിട്ട വിത്തും” കേമമാണെന്നാണല്ലോ പറയാറ്.

മൂപ്പു കൂടിയ വിരിപ്പ് വിത്താണെങ്കിൽ ചിലപ്പോൾ രേവതിയിലും വെതക്കും.
തവളക്കണ്ണനും കൊടിയനും കുട്ടാടനുമൊക്കെ മേടഭരണിയിൽ തന്നെയായിരുന്നു വെതക്കാറ്.
“മേടം തെറ്റിയാൽ മോടൻതെറ്റി”യെന്നാണ്. കരകനെൽകൃഷിക്കാണ് മോടൻ കൃഷിയെന്നു പറയുന്നത്. കട്ടമോടനും പറമ്പുവട്ടനും കല്ലടിയാര്യനുമൊക്കെ മേടത്തിൽ തന്നെ വെതക്കണം

മഴക്കാലം ശക്തമാകുന്നത് എടവപ്പാതിക്കാണെങ്കിലും മേടമാസത്തോടു കൂടി മഴക്കാലം തുടങ്ങുന്നുണ്ട്. ചില ദിവസങ്ങളിൽ കാർമേഘമുഖരിതമായ അന്തരീക്ഷവും ഇടയ്ക്ക് മഴക്കാലത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള വാദ്യമേളങ്ങളങ്ങളും കേൾക്കാം. ഇടിമിന്നലും കാറ്റോടു കൂടിയ ചാറ്റൽ മഴയുമുണ്ടാകാം. കുംഭമീന മാസങ്ങളിലെ വേനൽചൂടിനൊരാശ്വസമായി മേടത്തിൽ പുതുമഴ പെയ്യുമ്പോൾ മഴതുള്ളിയുടെ സ്പർശമേറ്റ് മണ്ണിന്റെ മണം ചുറ്റുപ്പാടും പരക്കുമ്പോൾ മനുഷ്യന്റെ ഉള്ളിലെ കവിതകളും കഥകളുമൊക്കെ മുളച്ചുപൊന്തുന്ന കാലം കൂടിയാണല്ലോ ഇത്.

പുറത്ത് മഴപെയ്താലും വീടിനകത്ത് ചൂടായിരിക്കും. മണ്ണിന് പുറത്ത് മഴപെയതാലും മണ്ണിനകത്ത് ചൂടായിരിക്കും. വിത്ത് മുളക്കാൻ ചൂടും നനവും വേണമല്ലോ. മണ്ണിലീർപ്പമുണ്ടെങ്കിൽ വിത്ത് കരുത്തോടു കൂടി മുളച്ച് തലനീട്ടാൻ തുടങ്ങും.

മേടത്തിൽ വെതക്കണമെന്നു പറയാൻ മറ്റു
ചില കാരണങ്ങളും കൂടിയുണ്ട്. മഴ ശക്തമായാൽ പാടത്ത് വെള്ളം നിൽക്കാൻ തുടങ്ങും. എടവപ്പാതിക്ക് എപ്പോഴും മഴയുണ്ടാകും. വിത്ത് വെതച്ചാൽ മുളയ്ക്കാൻ പ്രയാസമാണ്. നെൽവിത്തിന് മുളയ്ക്കാനാവശ്യമായ ചൂട് കിട്ടില്ല.മേടത്തിൽ വിതച്ചാലുള്ള മറ്റൊരു ഗുണം
മണ്ണിലെ ഈർപ്പത്തിൽ മുളച്ച് വിത്തുകൾ ഇടവപ്പാതി മഴയ്ക്ക് മുമ്പ് തല നീട്ടി തുടങ്ങും.
എടവത്തിലാണ് പാടത്ത് പലതരം കളകൾ പൊങ്ങാൻ തുടങ്ങുക. നെല്ല് മുളച്ച് പൊന്തിയാൽ ഇടവപ്പാതി മഴയക്ക് പൊങ്ങുന്ന കളകളെ വെള്ളം കെട്ടി നിയന്ത്രിക്കാം.

ഇങ്ങനെ തലമുറകൾ പകർന്നു വന്ന ഒരു കാർഷികസംസ്കാരത്തിലാണ് കേരളത്തിന്റെ ഓരോ തനതു ആഘോഷങ്ങളും വിഭാവനം ചെയ്തിരിക്കുന്നത്

Related posts

നാരായണാ നാരായണാ; ഇന്ന് നാരദ ജയന്തി.

SURYA Rajiv

ജേജിക്ക് കണ്ണീർപ്പൂക്കൾ

SURYA Rajiv

കുളിച്ചാല്‍ ആദ്യം മുതുക് തുടയ്ക്കണം എന്ത് കൊണ്ട്?

SURYA Rajiv

Leave a Comment