Agriculture Featured

മടങ്ങിയെത്തുന്ന ഓണനന്മകൾ !

banner

ചിങ്ങം ഒരു മാസം പിറക്കലല്ല മനസ്സിൽ ഒരു വസന്തകാലത്തിന്റെ തിരനോട്ടമാണ്. മണ്ണ് തിരിച്ചറിയും മുമ്പേ മനസ്സ് ഓണത്തെ മാടി വിളിക്കുന്ന മാസം. കർക്കിടകത്തിന്റെ ദുർഘടങ്ങൾ മാറി മനസ്സും മാനവും തെളിയുന്ന കാലം. അകത്തെവിടെയോ അദൃശ്യ ഘടികാരത്തിൽ ഓണത്തിന്റെ വരവറിയിക്കുന്ന സൈറൻ മുഴങ്ങും.

ചുണ്ടു പഴുത്ത് കൊയ്യാൻ പാകമെത്തിയ വിരിപ്പ് നെല്ല് കാറ്റിലാടിയുലഞ്ഞു നിൽക്കുന്ന വയലുകൾ ഹൃദയഹാരിയായൊരു ചിങ്ങമാസ കാഴ്ചയാണ്. കൊങ്ങിണിയും കലമ്പോട്ടിയും മഞ്ഞക്കോളാമ്പിയും , അരിപ്പൂവും, തുമ്പയും, മുക്കുറ്റിയും, ചെമ്പരത്തിയും തുടങ്ങി നാനാ ജാതി നാട്ടു പൂക്കൾ പൊന്നിൻ ചിങ്ങത്തെ പൂ ചൂടിക്കും. വിളവെടുക്കാൻ പാകത്തിൽ തണ്ടു പട്ടുതുടങ്ങിയ ചേനയും ചേമ്പും മരച്ചീനിയും – നന്നായി വിളഞ്ഞ് പൊതിഞ്ഞു കെട്ടി നിർത്തിയിരിക്കുന്ന നേന്ത്രക്കുലയുമെല്ലാം കാർഷിക സമ്പൽ സമൃദ്ധി വിളിച്ചോതുന്ന ചിങ്ങമാസത്തിന്റെ നേർക്കാഴ്ചയാണ്.

വിരിപ്പ് നെല്ല് കൊയ്ത് വീട്ടുമുറ്റത്തു തന്നെ കളം കയറി നെല്ലും വൈക്കോലും നിറയുന്ന – പറയും അറയും പന്തയവും പുന്നെല്ലു നിറയുന്ന ആഹ്ളാദ കാലം. ചിക്കു പായയിൽ മെതിച്ചു കൂട്ടിയിട്ടിരിക്കുന്ന പൊലി അളന്ന് പതവും തീർപ്പും വാങ്ങി കുട്ടയും പുട്ടലും നിറയുമ്പോൾ കർഷകത്തൊഴിലാളികൾക്ക്
മനം നിറയുന്ന കാലം. അട്ടത്തും തട്ടിൻപുറത്തും സംഭരിച്ചിട്ടുള്ള ഉണക്കത്തേങ്ങ ആട്ടിയെടുത്ത് ഉപ്പേരി വറക്കാനുള്ള വെളിച്ചെണ്ണ ഭരണിയിൽ അടച്ചുകെട്ടി കരുതി വെയ്ക്കുന്ന സമയം കൂടിയാണിതു്.

ചിങ്ങമാസത്തിനൊരു മണമുണ്ട്. പുന്നെല്ലിന്റെയും മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന
കൊപ്രയുടെയും മണം !ആട്ടിയെടുത്ത വെളിച്ചെണ്ണയുടെയും നാട്ടു പൂക്കളുടെയും മണം. യാതൊന്നിനും വിപണിയെ ആശ്രയിക്കാതെ എല്ലാം ജീവിത പരിസരത്തു നിന്നും അതായതു് നമ്മുടെ തൊടിയിൽ നിന്നും സമാഹരിച്ച് ഓണമൊരുക്കിയിരുന്ന പഴയ കാലത്ത് ലാളിത്യത്തിന്റെയും
സ്വാശ്രയത്വത്തിന്റെയും നന്മയും വിശുദ്ധിയുമുണ്ടായിരുന്നു. ഓണത്തിനും ഓണാഘോഷങ്ങൾക്കും ഓണത്തിന്റെ മുന്നൊരുക്കങ്ങളുമായി വിശ്രമരഹിതമായി ഓടി നടന്ന്
അദ്ധ്വാനിക്കുന്ന അമ്മ മനസ്സിന്റെ നൻമയുടെ
ഓർമപ്പെടുത്തൽ മാസം കൂടിയാണ് ചിങ്ങമാസം !

ഈ പറഞ്ഞതിനെല്ലാം ഒരു അനുബന്ധം കൂടിയുണ്ട്. ഇതൊക്കെയും പോയകാല കേരളത്തിന്റെ ഭൂതകാല ചിങ്ങക്കാഴ്ചകളാണ്. വലിയ കുടവയറും കൊമ്പൻമീശയുംപേരിനൊരു ഓലക്കുടയും പിടിച്ച് കടന്നുവരുന്ന ആകെ വികൃതമാക്കപ്പെട്ട മലനാടിന്റെ ഭരണാധികാരിയായ മഹാബലി ചക്രവർത്തി .വലിയ ഡിസ്ക്കൗണ്ടുകളും സമ്മാനങ്ങളും നൽകി എല്ലാം
വിറ്റഴിക്കപ്പെടുന്ന ബ്രാൻഡ് അംബാസഡർ ! ഈ നിലയിലേക്ക് ഓണവും മഹാബലിയും ഓണാഘോഷങ്ങളും വഴി മാറുന്നതിന് മുമ്പുള്ള ചിങ്ങമാസക്കാഴ്ചകളാണ്
ഇവിടെ പങ്കു വെച്ചത്. ഇക്കുറി ചിങ്ങം പിറന്നതും ഓണമെത്തിയതും കോവിഡിന്റെ ദുരന്ത മുറ്റത്താണ്. എവിടെയും കേൾക്കുന്നത് മരണത്തിന്റെ കാലൊച്ചയാണ്. മാനുഷരെല്ലാരും ഒന്നു പോലെ ഈ മഹാവ്യാധിയെക്കുറിച്ചുള്ള ആധിയിലും ആശങ്കയിലുമാണ്. അതുകൊണ്ടു തന്നെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള വിലക്കിഴിവിന്റെ വമ്പൻ പരസ്യങ്ങൾ നന്നേ കുറഞ്ഞിരിക്കുന്നു ! കോവിഡ് ദുരിതകാലത്തെത്തുന്ന
ഓണത്തിന് പൊലിപ്പും പൊലിമയും കുറവായിരിക്കുമെങ്കിലും അതിന്റെ തനിമയും വെൺമയും ഒരു പണത്തൂക്കം തനിമയുള്ളതായിരിക്കുമെന്നതിൽ സംശയമില്ല !!

തമിഴകത്തെ തോവാളയിൽ നിന്നും മധുരയിൽ നിന്നും പൂക്കളെത്തുവാൻ ഏറെ പരിമിതികളുണ്ട്. അതിനാൽ നമ്മുടെ തൊടിയിലെ നാട്ടു പൂക്കൾ കൊണ്ടുള്ള അത്തപ്പൂക്കളങ്ങളാകും ഏറെയും. കോവിഡ് വ്യാപന
പ്രതിരോധത്തിനായി മാസങ്ങൾ നീണ്ട അടച്ചിടലുണ്ടായപ്പോൾ നമ്മൾ
മണ്ണിലേക്കിറങ്ങി – അങ്ങനെ കോവിഡ് ക്കാലം അക്ഷരാർത്ഥത്തിൽ കേരളത്തിൽ കൃഷിക്കാലം കൂടിയായി മാറി.

അതിനാൽ ഇപ്രാവശ്യം ഓണ സദ്യക്കുള്ള കായ്കറികളിൽ നല്ലൊരു പങ്കും നമ്മുടെ മണ്ണിന്റെ മണമുള്ളതായിരിക്കും. ഓണ സദ്യ ഉണ്ണാനുള്ള തൂശനില പോലും അയൽനാട്ടിൽ നിന്നെത്തുന്ന അന്യാശ്രയത്വം നല്ലൊരളവ് കുറക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നന്മയല്ലേ ? ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത – മലയാളി ലോകത്തിന്റെ ഏതു കോണിലായാലും ഓണമാകുമ്പോൾ വീട്ടിലെത്തും. കുടുംബത്തിൽ
എല്ലാവരുമൊത്ത് ഓണ നാളുകളിൽ ഒത്തുകൂടുകയും ഓണസദ്യ ഉണ്ണുകയും ചെയ്യുമ്പോൾ അതിന്റെയൊരു ആഹ്ലാദം ഒന്നു വേറേ തന്നെയല്ലേ ? യഥാർത്ഥത്തിൽ അതു തന്നെയാണല്ലോ ഓണം …..പക്ഷേ ജീവിത വേഗം കൂടിയ ഈ പുതിയ കാലത്ത് ഓണത്തിന്റെ ഈ ഒത്തുചേരൽ തികച്ചും നാമമാത്രമായി. ഓണത്തിന്റെ അവധി ദിനങ്ങൾ കണക്കാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുൻകൂട്ടി മുറികൾ ബുക്കു ചെയ്തു് , വീടുപൂട്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരിക്കുന്നു നമ്മുടെ ഓണാഘോഷം ! നഗരങ്ങളിലെ ഹോട്ടലുകളിൽ
ഓണക്കാലത്ത് മുറികൾ കിട്ടാത്ത അവസ്ഥ. മലനാടിന്റെ മക്കൾക്ക് ഓണവും ഔട്ടിംഗ് ആഘോഷമായിരിക്കുന്നു !പക്ഷേ, ഇക്കറി അതുണ്ടാവില്ല , ഓണത്തിന്റെ ഈ വിധ ധാടി മോടികൾക്കും ആഡംബരങ്ങൾക്കുമെല്ലാം സ്വയം ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നാം നിർബന്ധിതരായിരിക്കുന്നു !കോവിഡ് ഓണത്തിന്റെ നിറം കെടുത്തിയെങ്കിലും മഹാബലിക്കൊപ്പം പാതാളത്തിലേക്കാണ്ടുപോയ ലാളിത്യമാർന്ന പോയകാല ഓണനൻമകൾ വീണ്ടും മടങ്ങിവരുന്നു !

പടിയിറങ്ങിപ്പോയ നൻമകൾ മടങ്ങിവരുമെന്ന സ്വപ്നമാണല്ലോ ഓണം ! പണ്ടേ തന്നെ പാതാളത്തിലേക്കയച്ച നൻമയുടെ ഓർമപ്പെടുത്തൽ !വർത്തമാനകാല ജീവിതത്തിൽ നമുക്ക് നമ്മെത്തന്നെ സ്ഫുടം ചെയ്ത് ശുദ്ധീകരിക്കാനുള്ള പ്രേരണയായി മാറട്ടെ ഈ കോവിഡ് ഓണം !!!

മുരളീധരൻ തഴക്കര
(ആകാശവാണി “വയലും വീടും” പരിപാടിയുടെ മുൻമേധാവിയാണ് ലേഖകൻ )

Related posts

ന്യൂ ജെൻ സ്ത്രീകൾക്ക് മാതൃകാ ഭാര്യമാരാകാൻ കഴിയുമോ ?

SURYA Rajiv

സഹജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാത്ത സാക്ഷ്യമായ തേനീച്ചകൾക്കായി ഒരു ദിനം

Sanoj Nair

റാഫേൽ പോർവിമാനങ്ങൾ എന്ത് കൊണ്ട് ഇന്ത്യക്ക് വിശേഷപ്പെട്ടവയാകുന്നു ? കാണണം ഈ വീഡിയോകൾ

Sanoj Nair

Leave a Comment