Agriculture Articles health lifestyle

അടുക്കളകളിലേക്ക് നമുക്ക് തിരിച്ചു പോകാം ;മുരളീധരൻ തഴക്കരയുടെ കുറിപ്പ് വൈറലാകുന്നു

banner

കോവിഡ് കാല അതിജീവന ചിന്തയുടെ ഭാഗമായി മനസ്സിലുണ്ടായ ഒരു വിചാരം ഇവിടെ പങ്കുവെയ്ക്കുകയാണ്.സംഹാരരുദ്രയായ കോവിഡിന്‌ മുമ്പുള്ള ജീവിതത്തിലേക്ക് സർവതന്ത്ര സ്വതന്ത്രമായി പഴയ പോലെ ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ല – അതൊരു യാഥാർത്യമാണ്! അതുമായി പൊരുത്തപ്പെട്ടേ തീരൂ !

ഇപ്പോൾ നാം മുഖത്ത് വെയ്ക്കാൻ നിർബന്ധിതമായ മാസ്ക്ക് ഒരു പക്ഷേ വരും കാല ജീവിതത്തിൽ അനിർവര്യതയായി മാറും !പോയ കാലത്തിൻ്റെനിലവറയിൽ നിന്ന് ക്ലാവ് പിടിച്ചു നിറം മങ്ങിപ്പോയ പല നൻമകളേയും പുതിയ കാലത്തിൻ്റെ പൂമുഖത്തേക്ക് വീണ്ടും തേച്ചുമിനുക്കി തിരിച്ചെടുക്കേണ്ടി വരും!സോപ്പിട്ടുള്ള കൈ കഴുകലും ദേഹശുദ്ധി വരുത്തലുമൊക്കെ നമുക്ക് പുതിയ കാര്യമല്ല.വാൽക്കിണ്ടിയും, തുപ്പൽ കോളാമ്പിയും, ഭസ്മച്ചട്ടിയുമെല്ലാം അങ്ങനെയുള്ള ചില ഓർമപ്പെടുത്തലുകളാണ്‌.

ആഹാരമാണ് ഔഷധം ….
അടുക്കളയാണ് ആരോഗ്യത്തിൻ്റെ താക്കോൽ ……
അടുക്കള നന്നായാൽ വീടു നന്നായി ….

ഇങ്ങനെ പറഞ്ഞു പതിഞ്ഞ അടുക്കള വിചാരങ്ങൾ ഏറെയാണ്.അടുക്കളയിൽ ആഹാരം വെച്ചുവിളമ്പുന്ന അമ്മ എല്ലാ അർത്ഥത്തിലുംആരോഗ്യ രക്ഷയേകുന്ന ഡോക്ടറായിരുന്നു!
പ്രഭാതത്തിൽ തന്നെ എഴുന്നേറ്റ് കുളിച്ച് പുതിയ
വസ്ത്രം ധരിച്ചായിരുന്നു പണ്ട് അമ്മമാർ അടുക്കളയിൽ കയറിയിരുന്നത്. ഭക്ഷണം പാചകം ചെയ്ത് തയ്യാറാക്കുക എന്നത് വിശുദ്ധമായ ഒരു കർമ്മമായിരുന്നു! അതെ
അതൊരു പൂജയായിരുന്നു.ചായക്കടയിൽ പോയി ചായയും പലഹാരവും
കഴിക്കുന്നത് അപമാനമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാൽ അടുക്കള എന്നേ ലോക്ക് ഡൗൺ ചെയ്തവരാണ് നമ്മൾ പുതിയതലമുറക്കാർ . പുതിയ ഗ്രഹനിർമ്മാണസംവിധാനത്തിൽ നമുക്കു് ഒന്നല്ല രണ്ടാണ്അടുക്കള !
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെ സകലമാന എക്സ്ട്രാ ഫിറ്റിംഗുകളോടും കൂടിയ
മാർബിൾ പതിച്ച തീ പുകയാത്ത ഷോക്കേസ്സ് പീസ്സ്!

നമ്മുടെ ധാടി മോടികളുടെനേർക്കാഴ്ച്ച !

തൊട്ടു ചേർന്നു തന്നെയുള്ള വർക്ക് ഏര്യാ ആണ് വല്ലപ്പോഴും അടുക്കളയായി
ഉപയോഗിക്കുക!വീട്ടു ഭക്ഷണത്തേക്കാൾ നമുക്കിന്നിഷ്ടം ഹോട്ടൽ ഭക്ഷണമാണ്.
നമ്മുടെ ആഘോഷവും ആഹ്ളാദവുമെല്ലാം വീടുവിട്ട് ഹോട്ടൽ മുറികളിലായി .

ഒന്നു ഫോൺ ചെയ്താൽ നിമിഷങ്ങൾക്കകം ചൂടാറാപ്പെട്ടിയിൽ ഭക്ഷണവുമായി ചെറുപ്പക്കാർ ബൈക്കിൽ വീട്ടുമുറ്റത്ത്‌ പറന്നെത്തുകയായി!

ഇത് നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലുംസംഭവിച്ചിരിക്കുന്നു:
ഇക്കഴിഞ്ഞ ഓണത്തിന് മൂന്നാറിലും, കുമരകത്തും,തേക്കടിയിലും, കൊച്ചിയിലും , കോവളത്തും ഒരു ഹോട്ടലിലും താമസിക്കാൻ മുറി കിട്ടാത്ത അവസ്ഥയായിരുന്നു.

അന്യദേശങ്ങളിൽ ജോലി ചെയ്യുന്ന മക്കളും, കൊച്ചുമക്കളുമെല്ലാം വീടുകളിലെത്തി അച്ചനോടും അമ്മയോടും അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം ഓണത്തിൻ്റെ ദിവസങ്ങളിൽ ഒത്തുചേരുക ഒരുമിച്ചിരുന്ന് സദ്യ ഉണ്ണുക അങ്ങനെ കുടുംബാന്തരീക്ഷം
ആഹ്ളാദകരമാക്കിയായിരുന്നു മലയാളിയുടെ ഓണം – പക്ഷേ ഇന്ന് വീടുപൂട്ടിയിട്ട് ഓണം
ഔട്ടിംഗാക്കി മാറ്റിയിരിക്കയാണ് നാം.

ഹോട്ടൽ ഭക്ഷണം കുശാലായപ്പോൾ അടുക്കള പൂട്ടി.
അടുക്കളക്ക് തഴുതിട്ടപ്പോൾ ആരോഗ്യം അപകടത്തിലായി,
നമ്മളിലേറെപ്പേരും രോഗികളായി മാറി!
ഏറ്റവും ആദായകരമായ ബിസ്സിനസ്സ് എന്ന നിലയിൽ
ആശുപത്രികൾ സാർവത്രികമായി എന്നതാണ് അതിൻ്റെ മറുവശം:

അടുക്കളകളിലേക്ക് നമുക്ക് തിരിച്ചു പോകാം…
എല്ലാ വീടുകളിലും അടുക്കള സജീവമാകട്ടെ ….
അടുക്കളയിലെ അരകല്ലിൽ അമ്മ അരച്ചുതന്ന ചമ്മന്തി വെറും ഒരു ഭക്ഷണക്കൂട്ടായിരുന്നില്ല, അതൊരു മരുന്നായിരുന്നു തേങ്ങയും ചുമന്നുള്ളിയും ലേശം പിഴുപുളിയും
ഇത്തിരി കാന്താരിയും, കറിവേപ്പിലയും, ഉപ്പു പരലും ചേർത്ത് അരച്ചെടുക്കുമ്പോൾ
അതിൽ അമ്മയുടെ വാത്സല്യവും കൈപ്പുണ്യവും കൂടിയാണ്
അറിയാതെ അരഞ്ഞു ചേരുന്നത്! ഈ ചമ്മന്തിയിൽ ചേർന്നിരിക്കുന്ന ഓരോ
ഘടകങ്ങളും ശാസ്ത്രീയമായി പരിശോധിച്ചാൽ ഓരോന്നിനും തനതായ
ഔഷധ പ്രാധാന്യമുണ്ട്.

അത് പലപ്പോഴും ഒരു ഔഷധം പോലെ പ്രതി പ്രവർത്തിക്കും!
അരകല്ലിൽ അരക്കുമ്പോൾ കല്ലിലടങ്ങിയിട്ടുള്ള ചില
സൂക്ഷ്മമൂലകങ്ങളും നേരിയ അളവിൽ ലഭ്യമാകുകയാണ്! ചുരുക്കത്തിൽ
ആഹാരമാണ് ഔഷധം എന്ന തിരിച്ചറിവുണ്ടാകുകയും, കൊറോണക്കാലത്ത് സമൂഹ അടുക്കളകൾ
സജീവമായതു പോലെ ആരോഗ്യത്തിൻ്റെ താക്കോലായ
നമ്മുടെ വീടുകളിലെ അടുക്കളകൾ
സജീവമാകണം – ഭക്ഷണം വീട്ടിൽ നിന്നു തന്നെ എന്നത് ഒരു
ശീലമാകുകയും വേണം…

എന്ന ശുഭ ചിന്തയോടെ ശുഭദിനാശംസകൾ !!

സ്നേഹപൂർവം
മുരളീധരൻ തഴക്കര.

(പ്രമുഖ ഫാം ജേർണലിസ്റ്റും ആകാശവാണി വയലും വീടും വിഭാഗം മുൻ മേധാവിയുമായിരുന്നു ലേഖകൻ )

Related posts

വേനല്‍കാലത്ത് മുടിക്ക് നല്‍കാം ആരോഗ്യ ഭക്ഷണം..

SURYA Rajiv

ചീര കൃഷിരീതി .

SURYA Rajiv

കാണാം … ജോൺ അബ്രഹാമിന്റെ ‘മേരാ ഭാരത് മഹാൻ’!

SURYA Rajiv

Leave a Comment