Articles Featured

ശിവരാത്രി മാഹാത്മ്യം: “ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”

banner

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദര്ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല് ഭക്തലക്ഷങ്ങള് മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്,ചന്ദ്രന്, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള് ഉള്ളതിനാല് മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനനും ഭസ്മാലംകൃതനുമായ ശിവന് ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമാണ്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്വതീദേവി ഉറക്കമിളച്ചു പ്രാര്ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്ദശി ദിവസം ഭാരതം മുഴുവന് ശിവരാത്രി ആഘോഷിക്കുന്നു.

വ്രതാനുഷ്ഠാനത്തോടെയാണ് ഭക്തര് ശിവരാത്രി കൊണ്ടാടുന്നത്. ചതുര്ദ്ദശി അര്ധരാത്രിയില് വരുന്ന ദിവസമാണ് വ്രതം ആചരിക്കുന്നത്. മഹാദേവ പ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. ശിവരാത്രി നാളില് ബ്രഹ്മമുഹൂര്ത്തത്തില് എഴുന്നേറ്റ് സ്നാനാദി കര്മ്മങ്ങള് ചെയ്ത് ഭസ്മം തൊട്ട് രുദ്രാക്ഷമാല അണിഞ്ഞ് ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ശിവക്ഷേത്രത്തില് ദര്ശനം നടത്തുക. കഴിവതും ക്ഷേത്രത്തില് തന്നെ കഴിച്ചു കൂട്ടുന്നതാണ് ഉത്തമം.

ശിവലിംഗത്തില് ജലംകൊണ്ട് ധാര നടത്തുക, പുഷ്പങ്ങളും കൂവളത്തിലയും സമര്പ്പിക്കുക തുടങ്ങിയവയാണ് പ്രധാനം. രാത്രിയുടെ നാല് യാമങ്ങളിലായി പരമ്പരാഗതമായ രീതിയില് ശിവാരാധന നടത്താറുണ്ട്. ആദ്യയാമത്തില് ഈശാന മൂര്ത്തിയായ ഭഗവാനെ പാലില് സ്നാനം ചെയ്യിച്ച് ആരാധിക്കുന്നു. രണ്ടാംയാമത്തില് ആഘോര മൂര്ത്തിയായി തൈരുകൊണ്ടും മൂന്നാംയാമത്തില് വാമദേവമൂര്ത്തിയായി നെയ്യുകൊണ്ടും അഭിഷേകം ചെയ്യുന്നു. അന്ത്യയാമത്തില് സദ്യോജാത സ്വരൂപിയായ ഭഗവാനെ തേനില് കുളിപ്പിച്ചും ആരാധന നടത്തുന്നു. ഗംഗാജലം, പാല് എന്നിവ അഭിഷേകം ചെയ്തും വില്വദളങ്ങളാലുള്ള മാലകളാലും സുഗന്ധദ്രവ്യങ്ങളാലും ആരാധന നടത്താറുണ്ട്. ജപം ആരതി, ഭജനഗാനങ്ങള്, നൈവേദ്യം തുടങ്ങിയവ അര്പ്പിച്ച് അവസാനം ഭക്തന് തന്നെത്തന്നെ ഭഗവാന്റ കാല്ക്കല് സമര്പിക്കുന്നു.
ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്ശങ്ങളുണ്ട്. സൃഷ്ടികര്ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുള്. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്വതത്തെ മത്തായും സര്പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.
ദേവന്മാരും അസുരന്മാരും ചേര്ന്നുള്ള കടച്ചില് പുരോഗമിച്ചപ്പോള് വാസുകി കാളകൂട വിഷം ഛര്ദ്ദിച്ചു. വിഷം ഭൂമിയില് പതിച്ചാല് ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില് കണ്ട് പരമശിവന് വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള് രാത്രി മുഴുവന് ഉണര്ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. ഇത് കമ്പരാമായണത്തിലാണുള്ളത്. അതിനാല് കുംഭമാസത്തിലെ ചതുര്ദശി ദിവസം ശിവഭക്തര് ആഹാരം കഴിക്കാതെ ഉറക്കമൊഴിച്ച് ശിവസങ്കീര്ത്തനം ചെയ്തു വ്രതമനുഷ്ഠിച്ചു. അതാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.
ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില് ചിലതാണ്
മഹാരുദ്രാഭിഷേകം ,ലക്ഷാര്ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ… ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്….. പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല് ലക്ഷാര്ച്ചന നടത്തിയാല് അഭീഷ്ടസിദ്ധിയുണ്ടാകും…കുടുംബത്തിനും പുത്രകളത്രാധികള്ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്ണ്ണമാക്കുവാന് ഭക്ത്യാദരപൂര്വ്വം ചെയ്യുന്ന ഒരു കര്മ്മമാണ് ദമ്പതിപൂജ..വിവാഹസങ്കല്പ്പത്തില് “ഏക വിംശതികുലോദാരണായ ” എന്നാ മന്ത്രത്തില് ഇവര് ഇരുപത്തൊന്നു ജന്മത്തില് ഭാര്യാഭര്ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം…ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന് പാര്വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്….ദമ്പതികള് പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ….

Related posts

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

Sanoj Nair

ഹൈന്ദവ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സന്യാസിശ്രേഷ്ഠൻ ;ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

SURYA Rajiv

അറിവുണരും വഴി : ശനിയാഴ്ച രാവിലെ 10 മണിക്ക് നിങ്ങളുടെ സ്വന്തം തത്വമയി ടി.വി യിൽ

admin

Leave a Comment