Agriculture

കൃഷി അഭിവൃദ്ധിപ്പെടുത്താൻ ജൈവവളം മതി !

banner

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കാത്ത ബാക്ടീരിയ, ആക്ടിനോ മൈസെറ്റുകള്‍, ഫംഗസുകള്‍, ആള്‍ഗകള്‍, പ്രേട്ടോസോവകള്‍ തുടങ്ങി മനുഷ്യന്‍റെ ശാസ്ത്ര വിജ്ഞാനത്തിന് ഇന്നും പരിപൂര്‍ണ്ണമായി കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പല സൂക്ഷ്മജീവികളും കാണപ്പെടുന്ന ഒരു അത്ഭൂത പ്രപഞ്ചമാണ് മണ്ണ്. ഇവകളുടെ നിശബ്ദ സേവനം നമ്മെ ആശ്ചര്യഭരിതരാക്കുന്നു. സൂക്ഷ്മ ജീവികള്‍ ഇല്ലാത്ത മണ്ണ് ചെടിയുടെ വളര്‍ച്ചക്ക് അനുയോജ്യമല്ല. സൂക്ഷമ ജീവികളില്‍ ചിലയിനം, രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മ ജീവികളും ചെടികളുടെ വളര്‍ച്ചയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്. ഇവ ചെടികള്‍ക്ക് ആവശ്യമുള്ള പാക്യജനകം, ഭാവഹം തുടങ്ങിയ മൂലകങ്ങളെ ലഭ്യമാക്കുന്ന പ്രക്രിയയില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. കൂടാതെ ഇവ ഹോര്‍മോണുകളും മറ്റും പുറപ്പെടുവിച്ച് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ജീവാണുവളം

ചില സൂക്ഷ്മ ജീവാണുക്കളെ സജീവ രൂപത്തില്‍ മണ്ണിലോ ചെടിയിലോ ഉള്‍ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന വളങ്ങളെയാണ് ജീവാണു വളങ്ങള്‍ എന്ന് വിളിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നൈട്രജന്‍ ആഗിരണത്തിനോ, ജലത്തില്‍ അലേയമായ ഫോസ്ഫറസ് ലവണങ്ങളെ ലേയരൂപത്തിലാക്കുന്നതിനോ കഴിവുള്ള മെച്ചപ്പെട്ട സൂക്ഷ്മ ജീവികള്‍ അടങ്ങിയ ഒരു ഉല്പന്നം.

സൂക്ഷ്മ ജീവി വളം വിത്തില്‍ പുരട്ടിയോ അല്ലെങ്കില്‍ മണ്ണില്‍ ചേര്‍ത്തോ, ചെടിയുടെ വേരുപടലത്തില്‍ എത്തിക്കുന്നു. ഇപ്രകാരം ചെടിയുടെ വേരിന് സമീപത്തുള്ള സൂക്ഷ്മജീവികള്‍ മണ്ണില്‍ വ്യതിയാനങ്ങള്‍ വരുത്തി അവയുടെ എണ്ണവും ജൈവീക പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നു. തല്‍ഫലമായി ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനോ, അല്ലെങ്കില്‍ സാധാരണ ഗതിയില്‍ ചെടിക്ക് വലിച്ചെടുക്കുവാന്‍ കഴിയാത്ത ചില മൂലകങ്ങള്‍ ആഗിരണം ചെയ്യുവാന്‍ പറ്റുന്ന രൂപത്തില്‍ ആക്കി തീര്‍ക്കുവാനോ സാധിക്കുന്നു.

ജീവാണുവളം തയ്യാറാക്കുന്നതിന് 3 തരം സൂക്ഷ്മ ജീവികളെയാണ് ഉപയോഗിക്കുന്നത്.

(a) ഡയസോട്രോഫിക് ജീവാണുക്കള്‍
(b) ഫോസ്ഫേറ്റ് ലായക ജീവാണുക്കള്‍
(c) മൈക്കോറൈസെ

a. ഡയസോട്രോഫിക് ജീവാണു വളങ്ങള്‍

ജീവാണുവളങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഡയസോട്രോഫിക് ജീവാണു വളങ്ങള്‍. കാരണം ചെടികള്‍ക്ക് മുഖ്യമായി വേണ്ട പാക്യജനകം എന്ന മൂലകം ഇവ സംഭാവനചെയ്യുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള സൂക്ഷ്മാണു ജീവികള്‍ അടങ്ങിയിട്ടുള്ളവയാണ് ഇത്തരം വളങ്ങള്‍. വായുവില്‍ അടങ്ങിയിട്ടുള്ള 80 % നൈട്രജനെ അമോണിയാ, നൈട്രേറ്റ് എന്നീ രൂപങ്ങളിലാക്കി ചെടികള്‍ക്ക് ഇവ നല്കുന്നു. വിളകള്‍ക്കു വേണ്ടതായ 30 % മുതല്‍ 70% വരെ നൈട്രജനെ ഈ വളപ്രയോഗം മൂലം നല്കുവാന്‍ സാധിക്കും. ജീവാണുവളങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ജീവാണുക്കളുടെ സ്വഭാവം അനുസരിച്ച് അവയെ നാലായി തരംതിരിച്ചിട്ടുണ്ട്.

അസറ്റോബാക്റ്റര്‍

ഈ ജീവാണു (ബാക്ടീരിയം) മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷ ത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുന്നു. ഈ ബാക്ടീരിയ ഒരാണ്ടില്‍ ഒരു ഹെക്ടര്‍ സ്ഥലത്തിന് 20 മുതല്‍ 25 കിലോഗ്രാം വരെ നൈട്രജന്‍ നല്കുവാന്‍ സഹായിക്കും. വിളകളുടെ 30 % നൈട്രജന്‍റെ ആവശ്യം നിറവേറ്റാന്‍ ഇവയ്ക്ക് സാധിക്കും. കൂടാതെ ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ചിലയിനം വിറ്റാമിനുകള്‍, ഇന്‍ഡോള്‍ അസറ്റിക് അമ്ലം, ജിബ്രല്ലിക്ക് അമ്ലം തുടങ്ങിയ സസ്യഹോര്‍മോണുകളും ഉല്പാദിപ്പിക്കുന്നു.

ഉപയോഗക്രമം

കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഏതു വിളകള്‍ക്കും ഈ ബാക്ടീരിയ അടങ്ങിയ വളം ഉപയോഗിക്കാം. ഇത് തെങ്ങ്, മരച്ചീനി, കരിന്പ്, പച്ചക്കറികള്‍ എന്നിവയ്ക്ക് ഏറ്റവും യോജിച്ചവയാണ്.

1. വിത്തില്‍ പുരട്ടുന്ന രീതി

ഏകദേശം 250 ഗ്രാം മുതല്‍ 500 ഗ്രാം അസറ്റോബാക്ടര്‍ കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 കിലോഗ്രാം വിത്ത് ഉപചരിക്കാം. ഇതിനായി അസറ്റോബാക്ടര്‍ അടങ്ങിയ ജീവാണു വളവും, വിത്തും, ആവശ്യത്തിന് വെള്ളവും (500 മുതല്‍ 1000 മില്ലീലിറ്റര്‍) ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 30 മിനിറ്റു നേരം തണലില്‍ ഉണക്കിയ ശേഷം നനവുള്ള മണ്ണില്‍ വിതയ്ക്കാം. ഇവ യാതൊരു കാരണവശാലും വെയിലില്‍ വച്ച് ഉണക്കരുത്.

2. വേരുകള്‍ മുക്കുന്ന രീതി

250 ഗ്രാം മുതല്‍ 500 ഗ്രാം ജീവാണുവളം മുക്കാല്‍ ലിറ്റര്‍ വെള്ളം ഉപയോഗിച്ച് കുഴന്പ് പരുവത്തിലാക്കിയതിനുശേഷം പറിച്ചു നടുന്ന ചെടികളുടെ വേരുകള്‍ ഈ ലായനിയില്‍ 20 മിനിറ്റ് നേരം മുക്കിവച്ചശേഷം നടാം. 5 മുതല്‍ 10 കിലോഗ്രാം വിത്തുകളില്‍ നിന്നും ലഭിക്കുന്ന തൈകളുടെ വേരുകളില്‍ പുരട്ടുവാന്‍ ഇത് മതിയാകും.

3 മണ്ണില്‍ ചേര്‍ക്കുന്ന വിധം

ഈ വളം ഉണങ്ങി പൊടിഞ്ഞ ചാണകവുമായോ, മണ്ണിര കന്പോസ്റ്റുമായോ 1 : 25 അനുപാതത്തില്‍ കലര്‍ത്തി മണ്ണില്‍ ചേര്‍ക്കാം. 6 മാസം കാലദൈര്‍ഘ്യമുള്ള വിളകള്‍ക്ക് ഈ വളം ഒരു ഹെക്ടറിലേക്ക് 1-2 കിലോഗ്രാമും, 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് 2-4 കിലോഗ്രാമും വേണ്ടിവരും. ഒരു വര്‍ഷം പ്രായമായ ചെടി ഒന്നിന് 50 – 100 ഗ്രാമും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടി ഒന്നിന് 100 – 200 ഗ്രാം വളം രണ്ട് പ്രാവശ്യമായും ചേര്‍ത്തു കൊടുക്കാം.

അസോസ്പൈറില്ലം

അസറ്റോബാക്ടറിനെപ്പോലെ അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള മറ്റൊരു ബാക്ടീരിയയാണ് ഇത്.

അസോസ്പൈറില്ലം ബ്രസീലന്‍സ്, അസോസ്പൈറില്ലം ലിപോഫെറം ഇവയാണ് പ്രധാനപ്പെട്ട രണ്ടിനങ്ങള്‍. തൈകള്‍ വേരു പിടിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഇവ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനാല്‍ കുരുമുളക് മുതലായ ചെടികളുടെ കൂടതൈകള്‍ ഉല്പാദിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു.

ഉപയോഗക്രമം

അസറ്റോബാക്ടര്‍ ഉപയോഗിക്കുന്ന അളവിലും രീതിയിലും ഇത് ഉപയോഗിക്കാം. പച്ചക്കറി കൃഷിക്ക് പറ്റിയ ഒരു ജീവാണു വളമാണ് ഇത്. കൂടാതെ നെല്‍കൃഷിക്കും ഉപയോഗിക്കാം.

വേരുപിടിപ്പിക്കുന്നതിനായി പോളിത്തീന്‍ ബാഗുകളില്‍ നിറയ്ക്കുന്ന മണ്ണില്‍ കിലോഗ്രാമിന് 25 ഗ്രാം എന്ന തോതില്‍ ഈ വളം ചേര്‍ക്കാം. കൂടാതെ കന്പുകളും വള്ളികളും ഈ വളം അടങ്ങിയ ലായനിയില്‍ 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നട്ടാല്‍ തൈകള്‍ക്ക് പെട്ടെന്ന് വേരുപിടിക്കുകയും, കൂടുതല്‍ പുഷ്ടിയോടെ വളരുകയും ചെയ്യും.

റൈസോബിയം

അന്തരീക്ഷത്തിലെ വാതക രൂപത്തിലുള്ള നൈട്രജനെ നൈട്രോജനേസ് എന്‍സൈം ഉപയോഗിച്ച് അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള ഒരു പരാദ ബാക്ടീരിയം ആണ് ഇത്. ഇവ പയറുവര്‍ഗ്ഗ ചെടികളുടെ വേരുകളില്‍ മുഴകള്‍ ഉണ്ടാക്കി (മൂലാര്‍ബുദങ്ങള്‍)അതില്‍ വസിക്കുന്പോള്‍ മാത്രമേ അന്തരീക്ഷ നൈട്രജനെ അമോണിയ രൂപത്തിലാക്കുവാന്‍ കഴിയുകയുള്ളു. സെസ്ബാനിയ പോലുള്ള പ്രത്യോകയിനം ചെടികളില്‍ മണ്ണിന്‍റെ മുകളിലുള്ള കാണ്ഡത്തിലാണ് മുഴകള്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോതരം പയറു ചെടിയിലും വ്യത്യസ്ത ഇനം റൈസോബിയം ബാക്ടീരിയങ്ങളാണ് മൂലാര്‍ബുദങ്ങള്‍ ഉണ്ടാക്കുന്നത്. ഉഴുന്ന്, ചെറുപയര്‍, തുവരപ്പയര്‍, നിലക്കടല, തോട്ടപ്പയര്‍, സെസ്ബാനിയ എന്നിവയ്ക്ക് ബ്രായിറൈസോബിയം സ്പീഷിസുകളാണ് ഉചിതം. ഉദാഹരണമായി മൂലാര്‍ബുദങ്ങള്‍ 2-3 ആഴ്ച പ്രായം എത്തിയ ചെടികളുടെ വേരുകളിലാണ് കണ്ടുവരുന്നത്. ഈ മുലാര്‍ബുദങ്ങള്‍ നെടുകെ മുറിച്ചാല്‍ അവയുടെ ഉള്‍ഭാഗത്ത് ചുമന്ന നിറം കാണുവാന്‍ സാധിക്കും. ലെഗ് ഹീമോഗ്ലോബിന്‍  എന്ന വര്‍ണ്ണക വസ്തുവാണ് ഇതിനു കാരണം. ഈ വസ്തു മൂലാര്‍ബുദങ്ങള്‍ക്കിടയിലെ ഓക്സിജന്‍റെ അളവ് ക്രമീകരിക്കുന്നതുകൊണ്ട് വെളുത്തനിറത്തിലുള്ള മൂലാര്‍ബുദങ്ങള്‍ പയര്‍ ചെടിക്ക് വലിയ പ്രയോജനം ചെയ്യുന്നില്ല. വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍റെ 70 % മുതല്‍ 80% വരെ ചെടികള്‍ക്ക് നല്കുവാന്‍ ഈ വളത്തിന് സാധിക്കും.

പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു എന്നതിനെപ്പറ്റി നാം ചിന്തിക്കാറില്ല. പയറുവര്‍ഗങ്ങളുടെ വേരില്‍ ചെറുമുഴുകള്‍ ധാരാളമായി നാം ശ്രദ്ധിക്കാറുണ്ട്. ഇവയെ ഇംഗ്ലീഷില്‍ Nodules എന്നും മലയാളത്തില്‍ പര്‍വങ്ങളെന്നും പറയുന്നു. ഈ പര്‍വങ്ങളില്‍ ‘റൈസോബിയം’ എന്നൊരിനം ബാക്ടീരിയ ജീവിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയ നൈട്രജനാക്കി മാറ്റാന്‍ കഴിവുണ്ട്. ഈ ബാക്ടീരിയയ്ക്ക് ജീവിക്കാന്‍ ആവശ്യമായ ഊര്‍ജം പയറുചെടികള്‍ നല്‍കുന്നു. പകരം പയറുചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ഈ ബാക്ടീരിയകള്‍ നല്‍കുന്നു. പയറുചെടികളുടെ വേരിലുള്ള പര്‍വങ്ങളില്‍ നൈട്രജന്‍ ശേഖരിക്കുന്ന പ്രക്രിയയ്ക്ക് നൈട്രജന്‍ യൗഗീകരണമെന്ന് പറയുന്നു. പയറുചെടികള്‍ മണ്ണില്‍ അഴുകിച്ചേരുന്നതോടെ ധാരാളം നൈട്രജന്‍ മണ്ണിലെത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തില്‍ ഭൂമിയിലെ ഒരു ഹെക്ടര്‍ സ്ഥലത്തിന് മുകളിലായി 78,000 ടണ്‍ നൈട്രജനുണ്ട്. ഈ നൈട്രജന്‍ ചെടികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. വലിയ മുതല്‍മുടക്കില്‍ രാസവള കമ്പനികള്‍ ഉണ്ടാക്കി വലിയ മര്‍ദവും ഉയര്‍ന്ന ഊഷ്മാവും ഉപയോഗിച്ചാണ് ഈ നൈട്രജനെ രാസവളമാക്കി മാറ്റി ചെടികള്‍ക്ക് എത്തിക്കുക. എന്നാല്‍ പയറുകളുടെ വേരിലുള്ള ബാക്ടീരിയയ്ക്ക് ഇത് നിഷ്പ്രയാസം വലിച്ചെടുക്കാം. പിന്നീട് ചെടികള്‍ക്ക് ഉപയോഗിക്കാം.
ഒരു ഇനം റൈസോബിയത്തിന് എല്ലാത്തരം പയറുവര്‍ഗങ്ങളിലും സംക്രമണം നടത്തി നൈട്രജന്‍ യൗഗികീരണം നടത്താന്‍ പറ്റില്ല. ഒരിനം പയറുവര്‍ഗത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത റൈസോബിയത്തിന് ആ ഇനത്തിന് പുറമേ സംക്രമണം നടത്താന്‍ കഴിയുന്ന പയറുവര്‍ഗങ്ങളുടെ സമൂഹത്തെ സങ്കരനിവേശന വിഭാഗമെന്ന് (Cross Inoculation Group) പറയും.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയാണ് റ്റൈസാബിയം കള്‍ച്ചര്‍ ഉപയോഗിക്കേണ്ടത്. ഒരു കിലോ പയറിന് 2.3 ഗ്രാം റൈസോബിയം കള്‍ച്ചര്‍ എന്ന തോതില്‍ തലേദിവസത്തെ കഞ്ഞി വെള്ളത്തിലോ, ശര്‍ക്കര ലായനിയിലോ കലര്‍ത്തി കുഴന്പു രൂപത്തിലാക്കണം. അതിനു ശേഷം വിത്തുകള്‍ ഈ മിശ്രിതവുമായി കൂട്ടിയിളക്കി തണലില്‍ ഉണക്കണം.

ചെടി നട്ട് 20 – 25 ദിവസം കഴിഞ്ഞാല്‍ ആവശ്യമായ നൈട്രജന്‍ ചെടിക്ക് ലഭിക്കും. അതുകൊഠണ്ട് അടിവളമായി 20 കി.ഗ്രാം നൈട്രജന്‍ ഒരു ഹെക്ടറിന് നല്കണം. പയറു വര്‍ഗ്ഗങ്ങള്‍ കൂടുതലായി കൃഷി ചെയ്ത് ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ ചൂഷണം ചെയ്യാവുന്നതാണ്.

റൈസോബിയം ബാക്ടീരിയയെ പാക്കറ്റിലാക്കുന്ന വിധം

കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ റൈസോബിയം ബാക്ടാരിയകളെ ലാബറട്ടറികളില്‍ വളര്‍ത്തിയെടുത്ത് നന്നായി പൊടിച്ച പീറ്റ് (ഒരിനം മണ്ണ്), പീറ്റ്-കരിമിശ്രിതം), ലിഗ്നൈറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു വാഹകവസ്തുവായി കലര്‍ത്തി പാക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരം പാക്കറ്റുകള്‍ മൂന്നുതരത്തില്‍ നിര്‍മിക്കാറുണ്ട്:

  • ഒരു പ്രത്യേകം ഇനത്തില്‍പ്പെട്ട പയറുചെടിയില്‍ വിവേചനപൂര്‍വം നൈട്രന്‍ യൗഗികീകരണം നടത്താന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനം മാത്രമാണുള്ളത്.
  • പലയിനം ആതിഥേയ പയറുവര്‍ങ്ങളില്‍ നൈട്രജന്‍ യൗഗികീരണം നടത്താന്‍ ശേഷിയുള്ള വര്‍ധിച്ച ഒരു പ്രവര്‍ത്തന മണ്ഡലമുള്ള റൈസോബിയം ഇനം ഉള്‍ക്കൊണ്ടിട്ടുള്ളത്.
  • നിരവധി റൈസോബിയം ഇനങ്ങളുള്ള പാക്കറ്റ്.

എന്തിനാണ് റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നത്?

നൈട്രജന്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സസ്യമൂലകമാണ്. ഈ മൂലകത്തെ ഉപയോഗപ്പെടുത്തി സസ്യങ്ങള്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. പ്രോട്ടീനുകളാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വസ്തു.
മണ്ണില്‍ ഏറ്റവുമധികം ചലനമുള്ള മൂലകം നൈട്രജനാണ്. മണ്ണിലുള്ള നൈട്രജന്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം നൈട്രേറ്റ് രൂപത്തില്‍ എത്തുന്നു. നൈട്രേറ്റുകള്‍ വെള്ളത്തില്‍ക്കൂടി വാര്‍ന്ന് നഷ്ടപ്പെടുന്നു. തന്മൂലം മിക്ക കൃഷിയിടങ്ങളിലും നൈട്രജന്‍റെ അഭാവം തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് നാം രാസവള നൈട്രജനെ ആശ്രയിക്കുന്നത്.
രാസവളരൂപത്തില്‍ നൈട്രജന്‍ എങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത്? അന്തരീക്ഷത്തിലുള്ള നൈട്രജനെ ഫാക്ടറികളില്‍ വലിച്ചെടുക്കുന്നു. ഇതിനെ ഹൈഡ്രജനുമായി ഒന്നിക്കുമ്പോള്‍ അമോണിയ ഉണ്ടാകുന്നു. അമോണിയ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി ചേരുമ്പോള്‍ യൂറിയ ഉണ്ടാകുന്നു. അമോണിയ സള്‍ഫ്യൂറിക് ആസിഡുമായി ചേരുമ്പോള്‍ അമോണിയം സള്‍ഫേറ്റ് ആകുന്നു. ഫാക്ടറികളില്‍ ഇപ്രകാരം നൈട്രജന്‍ വളങ്ങള്‍ ഉണ്ടാക്കി പാടത്തേക്ക് വരുമ്പോള്‍ ചെലവ് ഏറും. സബ്സിഡികള്‍ മാറുമ്പോള്‍ നൈട്രജന്‍ രാസവങ്ങള്‍ ചെലവേറിയ ഒന്നായി മാറുമെന്നതില്‍ സംശയമില്ല.
ഫാക്ടറികളില്‍ നൈട്രജന്‍ വളങ്ങള്‍ നിര്‍മിക്കുന്നതിന് തുല്യമാണ് പയറുവര്‍ഗങ്ങളുടെ വേരില്‍ ബാക്ടീരിയ നൈട്രജന് യൗഗികീകരിക്കുന്നത്. തന്മൂലം പയറുവര്‍ഗങ്ങള്‍ വളര്‍ത്തി മണ്ണില്‍ നൈട്രജന്‍റെ ലഭ്യത കൂട്ടുന്നത് രാസവളങ്ങളെ ആശ്രയികകുന്നതിലും ഏറെ അഭികാമ്യമാണ്. പയറുവര്‍ഗങ്ങളുടെ വേരില്‍ നൈട്രജന്‍ യൗഗികീകരണത്തിന് ഏറ്റവും യോജിച്ച റൈസോബിയത്തെ ലഭ്യമാക്കാമെങ്കില്‍ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കും എന്നതില്‍ സംശയമില്ല. വന്‍പയര്‍ നന്നായി കൃഷി ചെയ്യാമെങ്കില്‍ ഒരു ഹെക്ടറില്‍ 90 കി.ഗ്രാം നൈട്രജന്‍ ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ഇത്രയും നൈട്രജന്‍ മണ്ണില്‍ എത്തണമെങ്കില്‍ 195 കി.ഗ്രാം യൂറിയയോ 450 കി.ഗ്രാം അമോണിയം സള്‍ഫേറ്റോ വേണ്ടിവരും. രാസവളത്തില്‍നിന്നും കിട്ടുന്ന നൈട്രജന്‍റെ ശരാശരി 50% മാത്രമേ വിളകള്‍ക്ക് കിട്ടുകയുള്ളൂ. ബാക്കിയുള്ളത് പല രീതിയില്‍ നഷ്ട്പെടും. എന്നാല്‍ പയറുവര്‍ഗത്തില്‍നിന്നും കിട്ടുന്നതിന്‍റെ ഏറിയ പങ്കും മണ്ണില്‍ നിലനില്‍ക്കുകയും വിളകള്‍ക്ക് കിട്ടുകയും ചെയ്യും.
പയറുവര്‍ഗത്തില്‍ നൈട്രജന്‍ യൗഗികീകരണം വര്‍ധിപ്പിക്കുവാന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനത്തെ മുളച്ചുവരുന്ന ഇളംവേരുകളുടെ അടുത്ത് എത്തിക്കുന്നതിനാണ് വിത്തുകളില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത്. ഇതിനെ റൈസോബിയം നിവേശനം (Inoculation) എന്നാണ് പറയുക.

Related posts

ശതാവരിയുടെ ക്യഷിരീതിയുംഔഷധഗുണങ്ങളും

SURYA Rajiv

അക്വാപോണിക്സ് കൃഷിക്ക് പ്രിയമേറുന്നു

Sanoj Nair

ലാഭകരമാകാം അസോള കൃഷി

Sanoj Nair

Leave a Comment