Agriculture Articles

ഈ മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം ?

banner

ഓരോ മാസവും ഓരോ കാലാവസ്ഥയാണു കേരളത്തിൽ. നാല് ഋതുക്കൾ എന്നതൊക്കെ പഴയ സങ്കൽപമായി. ചൂടും തണുപ്പും മഴയും വെയിലുമൊക്കെ ഓരോ മാസവും മാറുന്ന കാലാവസ്ഥാ വ്യതിയാനം. എങ്കിലും പൊതുവെനോക്കിയാൽ ഓരോ മാസത്തിലും ചെയ്യാവുന്ന കൃഷികളുണ്ട്. ഇങ്ങനെ മാറ്റി കൃഷി ചെയ്യാവുന്ന പച്ചക്കറികളെയും മറ്റും പരിചയപ്പെടാം.

ജനുവരി :വെണ്ട, പാവൽ, പടവലം, ചീര, തക്കാളി

പച്ചക്കറികൾ മിക്കതും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. സൂര്യപ്രകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള സ്ഥലത്തു കൃഷി ചെയ്യാം. മണ്ണിൽ തടമെടുത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേർക്കണം. പാവൽ, തക്കാളി എന്നിവ തൈകൾ പറിച്ചുനട്ടും മറ്റുള്ളവ വിത്തുപാകിയും കൃഷി ചെയ്യാം.

ഫെബ്രുവരി :ചേമ്പ്, ചേന

അര മീറ്റർ ആഴത്തിലും വീതിയിലും കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്തു നടാം. ഒരു കിലോ ചേന ചാണകവെള്ളത്തിൽ മുക്കിവയ്ക്കുക. ഒരാഴ്ചയ്ക്കകം മുള വരുമ്പോൾ നടാം. ഓരോ കുഴിയിലും രണ്ടു കിലോ ചാണകപ്പൊടി അടിവളമായി ചേർക്കണം. ഓഗസ്റ്റോടെ വിളവെടുക്കാം.

മാർച്ച് :വെള്ളരി

നട്ട് ഒന്നര മാസമാകുമ്പോഴേക്കും വെള്ളരി വിളവെടുക്കാം. മാർച്ച് ആദ്യംതന്നെ നട്ടാൽ വിഷുവിനു കണിവയ്ക്കാൻ പാകത്തിൽ പറിച്ചെടുക്കാം. വിത്തു മുളപ്പിച്ചശേഷം പറിച്ചുനടുന്നതാണു നല്ലത്. 15 സെന്റീമീറ്റർ വീതിയിൽ തടമെടുത്തു ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേർക്കുക. കാന്താരി, ഇഞ്ചി എന്നിവ അരച്ച് സോപ്പുലായനിയിൽ ചേർത്തു തളിച്ചാൽ കീടശല്യം അകറ്റാം.

ഏപ്രിൽ :ഇഞ്ചി, മഞ്ഞൾ, കുരുമുളക്

ആദ്യമഴ മണ്ണിനെ നനയ്ക്കുന്നതോടെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാം. ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ച് മൺകൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടേണ്ടത്. പൊതുവേ കീടശല്യം കുറവാണ്. മഴ പെയ്യുന്നതോടെ പച്ചച്ചാണകമിട്ടു മണ്ണിടുന്നതു നല്ലതാണ്. കുരുമുളകും ആദ്യമഴയോടെയാണു നടേണ്ടത്. ആഴ്ചയിലൊരിക്കൽ നനച്ചുകൊടുക്കുന്നതു നല്ലതാണ്. ഏപ്രിൽ പകുതിയോടെ വയൽ ഉഴുതിട്ടു നെല്ലുവിതയ്ക്കാം.

മെയ് :കാച്ചിൽ, നനകിഴങ്ങ്, വാഴ

അര മീറ്റർ ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതിൽ രണ്ടു കിലോ ചാണകപ്പൊടി നിറയ്ക്കുക. ഇതോടൊപ്പം ചാരവും ചേർത്തുകൊടുക്കുന്നതു നല്ലതാണ്. ഇതിനു മുകളിൽ മണ്ണിട്ടു വേണം കാച്ചിൽ നടാൻ. മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടർത്തിക്കൊടുക്കണം. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനകിഴങ്ങും കൂനയെടുത്തു നടാം. ചാണകപ്പൊടി തന്നെയാണ് അടിവളമായി ചേർക്കേണ്ടത്.

ജൂൺ :വഴുതന, പച്ചമുളക്, വെണ്ട

മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന പച്ചക്കറിക്കൃഷിയാണിവ. വേനൽക്കാലത്തു തടമെടുത്താണെങ്കിൽ മഴക്കാലത്തു മൺകൂന കൂട്ടിയാണു കൃഷി ചെയ്യേണ്ടത്. വെള്ളം കെട്ടിനിന്നു ചെടി ചീഞ്ഞുപോകാതിരിക്കാനാണിത്. വഴുതന, വെണ്ട, പച്ചമുളക് എന്നിവയിൽ മഴക്കാലത്തു കീടശല്യം മറ്റു പച്ചക്കറികളെ അപേക്ഷിച്ചു കുറവായിരിക്കും. എന്നാൽ വേനൽക്കാലത്തു ലഭിക്കുന്നത്ര വിളവ് ഇതിന് ഉണ്ടാകില്ല.

ജൂലൈ :പയർ, ചോളം, മുത്താറി

മഴ ശക്തമാകുന്നതോടെ ചെയ്യാവുന്ന കൃഷികളാണിത്. പറമ്പ് ഉഴുത്, ചാരം വിതറി പയറും ചോളവും മുത്താറിയും വിതറാം. ഒന്നര മാസംകൊണ്ടു പയർ കായ്ച്ചുതുടങ്ങും. കീടശല്യം അകറ്റാൻ ചൂടുള്ള ചാരം വിതറുക.

ആഗസ്റ്റ് :വാഴ, ചോളം

വേനൽക്കാലത്തു ജലസേചനസൗകര്യമുള്ള സ്ഥലത്ത് ഓഗസ്റ്റിൽ നേന്ത്രവാഴ നടാം. വയൽപ്രദേശത്താണെങ്കിൽ അര മീറ്റർ ഉയരത്തിൽ കൂനയെടുത്തും കരപ്രദേശത്ത് ഒരു മീറ്റർ ആഴത്തിലുമാണു വാഴ നടേണ്ടത്. ചാണകപ്പൊടി അടിവളമായി ചേർക്കാം. വാഴയുടെ ഏറ്റവും കരുത്തുള്ള കന്നാണു നടേണ്ടത്.

സെപ്റ്റംബർ :കൈതച്ചക്ക, പച്ചക്കറി, നെല്ല്

രണ്ടാംവിള നെൽകൃഷിയിറക്കേണ്ട സമയമാണ്. ഓണത്തോടനുബന്ധിച്ച് ഒന്നാംവിള കൊയ്ത്തുകഴിയും. ഞാറു പറിച്ചുനട്ടാണു രണ്ടാംവിള കൃഷി ചെയ്യുക. ആഗസ്റ്റിൽ തന്നെ ഞാറു മുളപ്പിക്കണം. മഴ അൽപം കുറയുന്നതിനാൽ പച്ചക്കറിക്കൃഷി ആരംഭിക്കാം. കൈതയും ഈ സമയത്തുതന്നെ നടണം.

ഒക്ടോബർ :കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്

ശീതകാല പച്ചക്കറികൾ നടേണ്ട സമയമാണിത്. കാബേജ്, കോളിഫ്ലവർ എന്നിവ മണ്ണിൽ ചാൽ എടുത്തും കാരറ്റ്, ബീറ്റ്‍റൂട്ട് എന്നിവ തറയെടുത്തുമാണു കൃഷി ചെയ്യേണ്ടത്. ആദ്യം തൈകൾ ഒരുക്കണം. വൈകുന്നേരമാണു പറിച്ചുനടാൻ ഉത്തമം. ചാലുകൾ തമ്മിലും ചെടികൾ തമ്മിലും 1.5 അടി അകലം വേണം. തൈകൾ നടുമ്പോൾ സ്യൂഡോ മോണാസ് ലായനിയിൽ മുക്കിയശേഷം നടുന്നതു കീടബാധ അകറ്റാൻ സഹായിക്കും.

നവംബർ :ചേന, ചേമ്പ്

വേനൽക്കാലത്തു വിളവെടുക്കാൻ പാകത്തിൽ ചേമ്പും ചേനയും കൃഷി ചെയ്യാം. മരച്ചീനിയും ഈ സമയത്തു തന്നെ കൃഷി ചെയ്യാം. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണു നല്ലത്.

ഡിസംബർ :എള്ള്, റാഗി, വൻപയർ

വയലുകളിൽ രണ്ടാംവിള കൊയ്തുകഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വൻപയർ എന്നിവ വിതയ്ക്കാം. ചാരമാണു പ്രധാന വളം. വേനൽക്കാലത്തു കീടശല്യം കുറവായിരിക്കും. മഴയ്ക്കു മുൻപേതന്നെ വിളവെടുത്തു ചെടികൾ മണ്ണിൽ ഉഴുതിടുക. അടുത്ത കൃഷിക്ക് ഏറ്റവും നല്ല ജൈവവളമായിരിക്കുമിത്.

Related posts

നിങ്ങളുടെ ഈ ആഴ്ച

Sanoj Nair

കായിക ഭാരതം ..എത്ര മനോഹരം

admin

തസ്മൈ ശ്രീ ഗുരുവേ നമഃ; ഇന്ന് അദ്ധ്യാപക ദിനം

Sanoj Nair

Leave a Comment