Articles

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പില്‍

banner

ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശ്ശിച്ചിട്ടുള്ളത് എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.

ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടംടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് ഗ്രോബാഗ്‌ , പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത് പെയിന്റ് ബക്കറ്റ് ,ആലെങ്കിൽ വലിയ കാനുകൾ രണ്ടായി മുറിച്ചും ചെയ്യാം . ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് .മൂന്നു ചിരട്ട കമിഴ്ത്തി വെച്ച് അതിനുമുകളിൽ ടൈയിൽസോ ഓടോ വെച്ച് അതിനു മുകളിൽ ഗ്രോബാഗ്‌ വെക്കാം ഇത് വെള്ളം കെട്ടി നിന്ന് ടെറസ് കേടു വരുത്തില്ല , വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം. പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം.

അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം.ചീര പാകുംബോൾ കൂടെ അൽപം റവ കൂടി പാകിയാൽ ഉറുമ്പുകൾ ചീര വിത്ത് തിന്നാതെ റവ തിന്ന് തീരുംബോയെക്കും ചീര മുളച്ചോളും , പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം. ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക് ) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും.,വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്.
രണ്ടായിച്ച്ചയിൽ ഒരിക്കൽ ജീവാമൃതം ,പഞ്ചഗവ്യം, ,ഫിഷ്‌ അമിനോ ആസിഡ് ,എഗ്ഗ് അമിനോ ആസിഡ് , വെർമി ടീ , ജൈവസ്ളറി,കടലപിണ്ണാക്ക് പുളിപ്പിച്ഛത് , ഇലച്ചാറ് , ഇവ ഏതെങ്കിലും നേർപ്പിച്ചു നെൽകിയാൽ ചെടികൾക്കുള്ള പോഷക മൂലകങ്ങൾ ഇവയിൽ നിന്നും ലഭിക്കും , ചെടികൾ കരുത്തോടെ വളരും യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും ഇത് പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.

Related posts

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ കുഞ്ഞ് പഠിക്കുന്ന ചില കാര്യങ്ങൾ

SURYA Rajiv

പുഴ നീരാട്ടിലലിയുന്ന ചമ്രവട്ടം അയ്യപ്പക്ഷേത്രം

Sanoj Nair

തുലാമാസത്തിലെ സ്കന്ദഷഷ്ഠി പ്രാധാന്യമർഹിക്കുന്നത് എങ്ങനെ ?

SURYA Rajiv

Leave a Comment