Articles Featured

സർദാർ വല്ലഭായ് പട്ടേൽ : ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ദാർശനികനായ നയതന്ത്രജ്ഞൻ

banner

ഒക്ടോബർ 31- സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേലിന്റെ 141 മത് ജന്മദിനം. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കാൻ ഒരുങ്ങുന്ന ഭാരതത്തിന്റെ ഇന്നത്തെ തലമുറക്ക് കൈമാറാവുന്ന എറ്റവും ജ്വലിക്കുന്ന ചില അദ്ധ്യായങ്ങൾ സമ്മാനിച്ച ഭാരതത്തിന്റെ “ഉരുക്കു മനുഷ്യൻ “ജനിച്ചിട്ട് ഇന്നേക്ക് 141 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അഹമ്മദാബാദിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പട്ടേലിന് ഇംഗ്ലണ്ടിൽ പോയി പഠിച്ച് വലിയൊരു വക്കീലാകാനയിരുന്നു മോഹം. പക്ഷേ 22 വയസ്സിൽ മാത്രം മെട്രിക്കുലെഷൻ ജയിച്ച അദ്ദെഹത്തെകുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് പോലും വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ പുസ്തകങ്ങൾ വാങ്ങി സ്വയം പഠിച്ച് അദ്ദേഹം വക്കീൽ പരീക്ഷ പാസ്സായി ഗോധ്രയിലെ പേരെടുത്ത വക്കീലാവുക തന്നെ ചെയ്തു…എങ്ങനെയും പണമുണ്ടാക്കി ഇംഗ്ലണ്ടിൽ പോയി ബാരിസ്റ്റർ ബിരുദം നേടുക എന്നത് ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു .

ഒടുവിൽ 33 ആം വയസ്സിൽ സ്വന്തമായി സമ്പാദിച്ച പണവുമായി അദ്ദേഹം ലണ്ടനിൽ പോയി ബാരിസ്റ്റർ ബിരുദം സ്വന്തമാക്കുകയും ചെയ്തു. ഇതേ നിശ്ചയദാർഡ്യം തന്നയാണ് പിൽക്കാലം ഭാരതം ദർശിച്ചതും.
സ്വരാജ്യമെന്ന സങ്കല്പത്തിലെക്കും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെക്കും ആ സമർത്ഥനായ ബാരിസ്റ്റർ നിർഭയം കടന്നു ചെന്നു. അദ്ദേഹത്തിന്റെ സാമർഥ്യവും പരിണിത പ്രജ്ഞതയുമാണ് മഹാത്മാഗാന്ധിയുടെ സമരങ്ങളെയും സത്യഗ്രഹങ്ങളെയും ഇത്രയധികം ജനകീയമാക്കിയത്‌.ആ സംഘടനാ പാടവത്തിന്റെ കരുത്തിലാണ് ഗാന്ധിജിയുടെ പിന്നിൽ ജനലക്ഷങ്ങൾ അണിനിരന്നത് ആ ആജ്ഞാശക്തിക്ക് മുൻപിലാണ് ചമ്പാരൻ മുതൽ ക്വിറ്റ്‌ ഇന്ത്യ സമരങ്ങൾ വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആടിയുലച്ചത്.ശരിക്കും പറഞ്ഞാൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരപരമ്പരകളുടെ “മാസ്റ്റർ ബ്രെയിൻ “പട്ടേലായിരുന്നു .

മഹാത്മജിയുടെ വിനീത ശിഷ്യൻ കൂടിയായിരുന്നു പട്ടേൽ. വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിൽ പോലും ഒരിക്കലും മഹാത്മാ ഗാന്ധിയുടെ നിർദ്ദേശങ്ങളെ വല്ലഭായ് പട്ടേൽ അവഗണിച്ചിരുന്നില്ല .1945 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടങ്കിലും നെഹ്രുവിനു വേണ്ടി സ്ഥാനമൊഴിഞ്ഞത് ഈ സമർപ്പണത്തിനു ഉദാഹരണമാണ്…പക്ഷേ പലപ്പോഴും ആ ത്യാഗത്തിന്റെ വില കൊടുക്കേണ്ടി വന്നത് ഈ മഹാരാജ്യമാണെന്ന് മാത്രം.

1941 മുതൽ സ്വതന്ത്ര പാകിസ്ഥാന് വേണ്ടി ശബ്ദമുയർത്തുന്ന ജിന്നയെ ഞെട്ടിച്ച് കൊണ്ടാണ് 1945 ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത്.അതിൽ ഇന്ന് പാകിസ്ഥാനായ പ്രദേശങ്ങളിലൊക്കെ മുസ്ലിം ലീഗ് പരാജയപ്പെട്ടു. സ്വതന്ത്ര പാകിസ്താൻ എന്ന സ്വപ്നത്തെ കുഴിച്ച് മൂടാനോരുങ്ങിയ ജിന്നക്ക് കച്ചിത്തുരുമ്പായത് മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയാണ്. മർമ്മത്ത് പ്രഹരിക്കാനുള്ള ഈ അവസരം വിട്ടുകളയരുത് എന്ന പട്ടേലിന്റെ ഉപദേശം ചെവിക്കൊള്ളാതെ ജിന്നയുടെ വീട്ടിലേക്ക് മഹാത്മജി നെഹ്രുവിനോടൊപ്പം ചെന്നപ്പോൾ, ഈ കടന്ന് വരുന്നത് തന്റെ നഷ്ടപ്പെട്ട അവസരമാണ് എന്ന് ജിന്ന തിരിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടിരുന്ന ജിന്നയോട് മഹാത്മജി വീണ്ടും പാകിസ്താൻ വാദത്തിൽ നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചപ്പോൾ ആ ദുർബല ഹൃദയത്തിന്റെയും നെഹ്രുവിന്റെ അഭിപ്രായത്തിന്റെയും വളക്കൂറിൽ ജിന്ന തന്റെ സ്വപ്നത്തെ അതിജീവിപ്പിച്ചു.

ജിന്നയെ ” ഖായിദെ അസം “(മഹാനായ നേതാവ് ) എന്നാണ് മഹാത്മാഗാന്ധി അന്ന് സംബോധന ചെയ്തത് . അതോടെ വിശാലമായ ഈ ഭൂമി ലോകത്തിലെ എറ്റവും പ്രശ്നസങ്കീർണമായ രണ്ട് ശത്രുരാജ്യങ്ങളായി മാറാൻ തീരുമാനിക്കപ്പെട്ടു.

1947 മെയ് 6 ന് പട്ടേലിന്റെ ചുമലിൽ ആ ചരിത്ര ദൗത്യം എല്പിക്കപ്പെട്ടു .ആഗസ്ത് 15 പരിധി വെച്ച് 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക.ചെറുതും വലുതും സമ്പന്നവും ദരിദ്രവുമായ ഇത്രയധികം നാട്ടുരാജ്യങ്ങൾ,സ്വാർഥ മോഹികളായ നാട്ടു രാജാക്കന്മാർ,നൂറുകണക്കിന് പ്രാദേശിക പ്രശ്നങ്ങൾ, ,വിവിധ ഭാഷകൾ,വിഭിന്നങ്ങളായ ജീവിതരീതികൾ,കഷ്ടിച്ച് കിട്ടിയ രണ്ട് മാസത്തിൽ തീരുമാനിക്കപ്പെടെണ്ടത് ഭൂമിയിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ഭാഗധേയം .പക്ഷെ ,ഇത് പട്ടേലിനെക്കൊണ്ട് മാത്രമേ കഴിയൂ എന്നത് നിസ്തർക്കമായിരുന്നു.

തന്റെ വിശ്വസ്ത സഹകാരി വി.പി മേനോനൊടൊപ്പം അദ്ദേഹം നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുമായി ചർച്ചകൾ ആരംഭിച്ചു .അധികാരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പല രാജാക്കന്മാരും ഈ തീരുമാനത്തെ രൂക്ഷമായി എതിർത്തു.ചിലരെ ബോധ്യപ്പെടുത്തി ,ചിലരെ അനുനയിപ്പിച്ചു ,ചിലരെ ഭീഷണിപ്പെടുത്തി.തിരുവിതാംകൂറിനു സ്വതന്ത്ര പദവി വേണം എന്നാവശ്യപ്പെട്ട ഉഗ്രപ്രതാപിയായ ദിവാൻ സർ. സിപി രാമസ്വാമി ഐയ്യർ . വി.പി മേനോന്റെ ഒറ്റ സന്ദർശനത്തിൽ സമ്മതം മൂളി എന്നുള്ളതും ചരിത്രമാണ് .രാജ്യം എന്റേതല്ല ശ്രീപത്മനാഭാന്റെതാണ് എന്ന് ചിത്തിര തിരുനാൾ പറഞ്ഞ വിവരം വി.പി മേനോൻ പട്ടേലിനെ അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ” എന്നാലിനി ശ്രീപദ്മനാഭനോട് സംസാരിച്ചാൽ മതി ” എന്നാണത്രേ മറുപടി കിട്ടിയത്.

എന്തായാലും ആഗസ്റ്റ്‌ 15 എത്തിയപ്പോഴേക്കും ഗുജറാത്തിലെ ജൂനഗഡ് ,ഹൈദരാബാദ് ,ജമ്മുകാശ്മീർ എന്നിവ ഒഴിച്ച് എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചു.തന്റെ മന്ത്രിയായിരുന്ന ഷാനവാസ് ഭൂട്ടോയുടെ സ്വാധീനത്തിൽ പാകിസ്ഥാനിൽ ലയിക്കാനായിരുന്നു ജൂനഗദ് നവാബിന്റെ തീരുമാനം.തന്റെ ജന്മനാടായ ഗുജറാത്തിൽ മുഹമ്മദ്‌ ഗസ്നി കൊള്ള ചെയ്ത് നശിപ്പിച്ച സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്ത പ്രദേശം പാകിസ്ഥാനിലേക്ക് പോകുന്നത് പട്ടേലിന് സഹിക്കാൻ കഴിയുന്നതായിരുന്നില്ല.നയതന്ത്രം ഫലിക്കാതെ വന്നപ്പോൾ പട്ടേൽ ശക്തി തന്നെ ഉപയോഗിച്ചു.ഒടുവിൽ പട്ടാളം ജൂനഗടിൽ കടന്നപ്പോഴേക്കും നവാബും ഭൂട്ടോയും പാകിസ്ഥാനിലെക്ക് പലായനം ചെയ്തു .ഗസ്നി തകർത്ത സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ച് കൊണ്ടാണ് ജൂനഗടിന്റെ ലയനം പട്ടേൽ പൂർത്തിയാകിയത്.

പിന്നീട് മുന്നിലുള്ള വലിയ ഒരു പ്രശ്നമായിരുന്നു ഹൈദരാബാദ്. എറ്റവും വലിയ ഈ നാട്ടുരാജ്യം ഭരിച്ചിരുന്ന നൈസാമിന് പാകിസ്ഥാനിൽ ചേരാനായിരുന്നു താത്പര്യം .എന്നാൽ ഇന്ത്യയുടെ നടുവിൽ പാകിസ്ഥാന്റെ ഒരു കഷണം കിടന്നാൽ ഉണ്ടായേക്കാവുന്ന അപകടം തിരിച്ചറിഞ്ഞ പട്ടേൽ പട്ടാള നടപടി തന്നെ വേണം എന്ന് തീരുമാനിച്ചു. പക്ഷെ ഒരു പട്ടാള നടപടിയെ നെഹ്‌റു അനുകൂലിച്ചില്ല. അവസാനം നെഹ്‌റു വിദേശ പര്യടനത്തിലായിരുന്ന സമയത്ത് 1948 സെപ്റ്റംബറിൽ ആക്ടിംഗ് പ്രധാനമന്ത്രിയുടെ അധികാരമുപയോഗിച്ച് പട്ടേൽ പട്ടാള നടപടിക്ക് അനുമതി നൽകി. ആയിരക്കണക്കിന് ഹൈദരാബാദി പട്ടാളക്കാർ കൊല്ലപ്പെട്ട ഓപ്പറേഷൻ പോളോയിലൂടെ ഹൈദരാബാദ് ഇന്ത്യക്ക് സ്വന്തമായി.

ഇതേ നടപടി തന്നയാണ് ജമ്മു കശ്മീരിലും പട്ടേൽ ആവശ്യപ്പെട്ടത് .പക്ഷെ തന്റെ പൂർവിക പ്രദേശമായ കാശ്മീരിൽ തൊടാൻ നെഹ്‌റു പട്ടേലിനെ അനുവദിച്ചില്ല.അവസാനം , പാകിസ്ഥാൻ സേനയും ഗോത്ര സൈന്യവും കാശ്മീരിനെ ആക്രമിച്ച് മുന്നേറാൻ തുടങ്ങിയപ്പോൾ മാത്രമാണ് പട്ടേലിന്റെ ഉപദേശത്തിന്റെ വില അറിയുന്നത്. ഇന്ത്യൻ സൈന്യം ശ്രീനഗറിൽ ഇറങ്ങുമ്പോഴേക്കും കശ്മീരിന്റെ മൂന്നിൽ രണ്ട് ഭൂമി പാകിസ്താൻ കൈവശപ്പെടുത്തിയിരുന്നു .പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭയെ ഇടപെടുത്തരുത് എന്ന പട്ടേലിന്റെ ഉപദേശവും നെഹ്‌റു പാടെ തള്ളിക്കളഞ്ഞു .ഇപ്പോഴും 1948 ലെ യു എൻ പ്രമേയമാണ് കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാന്റെ തുറുപ്പ് ചീട്ടായി തുടരുന്നത് . അന്ന് രമ്യമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയത്തെ അതി സങ്കീർണ്ണമാക്കിയത് നെഹ്രുവിന്റെ കടുംപിടുത്തം ഒന്ന് കൊണ്ട് മാത്രമാണ് .

കശ്മീർ പ്രശ്നത്തോടെ നെഹ്രുവുമായി പൂർണമായി അകന്ന പട്ടേൽ മാനസികമായും ശാരീരികമായും തകർന്നു . അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് 1950 ഡിസംബർ 15 ന് ലോകം കണ്ട എറ്റവും വലിയ ഒരു സ്റേറ്റ്സ്മാൻ ഓർമയായി …

Related posts

കഥകളി പദങ്ങൾ

admin

ഭാരതം – ഇരുപത്തി ഒന്നാം നൂറ്റാണ്ടിലൂടെ

admin

അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും …

Sanoj Nair

Leave a Comment